കെ.കെ അവസാനമായി പാടിയ മലയാള ചിത്രം 'സമാറ'യിലെ ഗാനം പുറത്തിറങ്ങി; വീഡിയോ

റഹ്മാന്‍ നായകനായി എത്തുന്ന 'സമാറ' എന്ന ചിത്രത്തിനു വേണ്ടി അന്തരിച്ച ഗായകന്‍ കെ.കെ. പാടിയ ഗാനം പുറത്തിറങ്ങി. കെ.കെയുടെ അസാന്നിധ്യത്തിലും അദ്ദേഹത്തിന്റെ നിറസാന്നിധ്യമായി മാറുകയാണ് ഈ ഗാനം. ലോകമെമ്പാടുമുള്ള സംഗീതപ്രേമികളുടെ പ്രിയങ്കരനായ കെകെയ്ക്ക് മലയാളിയുടെ ആദരമായി മാറുകയാണ് 'സമാറ' യിലെ 'ദില്‍ബറോ' എന്ന ഗാനം. നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
കെ.കെ അവസാനമായി പാടിയത് 'സമാറ'യ്ക്ക് വേണ്ടിയായിരുന്നു. പുതുമുഖ സംവിധായകന്‍ ചാള്‍സ് ജോസഫ് രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത് നവാഗതനായ ദീപക് വാര്യരാണ്. 'ദില്‍ബറോ ' എന്നു തുടങ്ങുന്ന ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് ഷെയ്ഖ് തബ്‌റൈസ് യൂസഫ് ബെയ്ഗ്, ശരത് നാഥ്, മഗുവി എന്നിവര്‍ ചേര്‍ന്നാണ്. മലയാളത്തില്‍ ഒരിക്കല്‍ കൂടി പാടാന്‍ ആഗ്രഹിച്ച കെ.കെയെ തേടിയെത്തിയത് ഭൂരിഭാഗവും കശ്മീരില്‍ ചിത്രീകരിച്ചെതിനാല്‍ തന്നെ 'സമാറ' യിലെ ഹിന്ദി ഗാനമായിരുന്നു. ഒരിക്കല്‍ കൂടി മലയാളത്തില്‍ പാടണമെന്നും മലയാളിയായ താന്‍ അതിനായാണ് കാത്തിരിക്കുന്നത് എന്നും അടുത്ത തവണ മലയാളത്തിലുള്ള പാട്ടുകള്‍ തനിക്കായി ഒരുക്കണമെന്നും കെകെ ആവശ്യപ്പെട്ടത് സംഗീത സംവിധായാകനായ ദീപക് വാര്യര്‍ ഓര്‍മ്മിക്കുന്നു. കെ.കെ യുടെയും തങ്ങളുടെയും ആ ആഗ്രഹം സഫലമാക്കാതെയാണ് അദ്ദേഹം അകാലത്തില്‍ വേര്‍പിരിഞ്ഞത്. ഏതൊരു ഗാനാസ്വാദകനെയും തന്നിലേക്ക് ആകര്‍ഷിക്കുന്ന കെ കെയുടെ ശബ്ദത്തിന്റെ പ്രണയാര്‍ദ്രത അതുപോലെ തന്നെ നിലനിര്‍ത്തിയിട്ടുണ്ടെന്ന് ദീപക് ഉറപ്പുനല്‍കുന്നു. ഇതേ പാട്ട് തന്നെ മലയാളത്തിലും തമിഴിലും കെകെ യോടൊപ്പം പാടിയിരിക്കുന്നത് ലക്ഷ്മി മോഹന്‍ ആണ്.
പീകോക്ക് ആര്‍ട്ട് ഹൗസിന്റെ ബാനറില്‍ എം കെ സുഭാകരന്‍, അനുജ് വര്‍ഗ്ഗീസ് വില്ല്യാടത്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം സയന്‍സ് ഫിക്ഷന്‍ വിഭാഗത്തില്‍ പെടുന്ന ക്രൈം ത്രില്ലറാണ്. ഹിന്ദിയില്‍ ബജ്രംഗി ഭായ്ജാന്‍, ജോളി എല്‍എല്‍ബി 2, തമിഴില്‍ വിശ്വരൂപം 2 എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ ബോളിവുഡ് താരം മീര്‍സര്‍വാര്‍, തമിഴ് നടന്‍ ഭരത്, മൂത്തോന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ സഞ്ജന ദിപു, രാഹുല്‍ മാധവ്, ബിനോജ് വില്ല്യ, ഗോവിന്ദ് കൃഷ്ണ, ടിനിജ്, ടോം സ്‌കോട്ട് തുടങ്ങിയവര്‍ക്കൊപ്പം 18 -ഓളം പുതിയ താരങ്ങളും 35 ഓളം വിദേശ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.
കുളു- മണാലി, ധര്‍മ്മശാല, ജമ്മു കാശ്മീര്‍ എന്നിവടങ്ങളിലായാണ് ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത് . ഛായാഗ്രഹണം സിനു സിദ്ധാര്‍ത്ഥ്, പശ്ചാത്തലസംഗീതം- ഗോപി സുന്ദര്‍, എഡിറ്റര്‍ :ആര്‍ ജെ പപ്പന്‍, സൗണ്ട് ഡിസൈന്‍ : അരവിന്ദ് ബാബു , കോസ്റ്റ്യൂം. :മരിയ സിനു . കലാസംവിധാനം രഞ്ജിത്ത് കോത്തേരി,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ വിഷ്ണു ഐക്കരശ്ശേരി, സംഘട്ടനം ദിനേശ് കാശി,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രേമന്‍ പെരുമ്പാവൂര്‍, പി ആര്‍ ഓ മഞ്ജു ഗോപിനാഥ്. ഡിസൈനര്‍ മാമിജോ, സ്റ്റില്‍സ് സിബി ചീരന്‍. മാര്‍ക്കറ്റിംഗ് ബിനു ബ്രിങ് ഫോര്‍ത്ത്. ഡിജിറ്റല്‍ പി ആര്‍ ഒബ്‌സ്‌ക്യൂറ. ചിത്രം ഓഗസ്റ്റ് നാലിന് മാജിക് ഫ്രെയിംസ് തീയറ്ററുകളില്‍ എത്തിക്കും.
Content Highlights: Samara movie song KK singer Lakshmi Mohan Deepak Warrier