നിധിക്ക് പിന്നാലെ ആരാധകക്കൂട്ടത്തിന്റെ ഇരയായി സാമന്ത;സാരിയിൽ ചവിട്ടി ദേഹത്തേക്ക് വീഴാനൊരുങ്ങി യുവാവ്

#Movies Desk
സാമന്ത റൂത്ത് പ്രഭു ആരാധകര്‍ക്കിടയില്‍ | Photo: Screen grab/ Reddit: Hungry_Business592
സാമന്ത റൂത്ത് പ്രഭു ആരാധകര്‍ക്കിടയില്‍ | Photo: Screen grab/ Reddit: Hungry_Business592

പ്രഭാസ് നായകനാകുന്ന 'ദി രാജാസാബ്' എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനെത്തിയ നടി നിധി അഗർവാളിനെതിരേ ആരാധകരുടെ ഭാഗത്തുനിന്നുണ്ടായ മോശം പെരുമാറ്റം വലിയ ചർച്ചയായിരുന്നു. ഹൈദരാബാദിൽ ചടങ്ങിനുശേഷം തിരികെ പോവുകയായിരുന്ന നടി ആരാധകരുടെ തിരക്കിൽപ്പെട്ടുപോവുകയായിരുന്നു. തിരക്കിനിടെ നടിയെ എത്തിത്തൊടാനും വസ്ത്രം പിടിച്ചുവലിക്കാനും ശ്രമിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. പിന്നാലെ, നടി സാമന്ത റൂത്ത് പ്രഭുവിനും സമാന അനുഭവമുണ്ടായതിന്റെ ദൃശ്യം പുറത്തുവന്നിരിക്കുകയാണ്.

ഞായറാഴ്ച ഹൈദരാബാദിൽ ഒരു വസ്ത്രവ്യാപാരശാലയുടെ ഉദ്ഘാടനത്തിൽ സാമന്ത പങ്കെടുത്തിരുന്നു. ഇവിടെ ചടങ്ങ് കഴിഞ്ഞ സാമന്ത തിരിച്ചുപോവും വഴിയാണ് ആരാധകരിൽനിന്ന് മോശം അനുഭവമുണ്ടായത്. നടിക്കുനേരെ ആരാധകർ തിക്കിത്തിരക്കിയെത്തി. നടിയെ പിന്തുടർന്ന വൻആരാധകക്കൂട്ടത്തിൽനിന്ന് ഒരാൾ നടിക്കുമേലേക്ക് വീഴാനൊരുങ്ങി. ഇയാൾ നടിയുടെ സാരിയിൽ ചവിട്ടിവീഴുന്നതും വീഡിയോയിൽ കാണാം.

നടി സമചിത്തതയോടെ ആരാധകരുടെ സമീപനത്തെ നേരിട്ടു. സുരക്ഷാജീവനക്കാർ ഒരുക്കിയ വഴിയിൽ അവർ കാറിൽ കയറിപ്പോയി. ആരാധകരുടെ പെരുമാറ്റത്തിനെതിരേ രൂക്ഷവിമർശനമാണ് ഉയരുന്നത്.

'രാജാസാബ്' ഇവന്റിൽനിന്ന് ആരാധകർ പാഠം പഠിച്ചില്ലേ എന്നാണ് ചോദ്യം. സൗത്ത് ഇന്ത്യൻ ആരാധകർ എന്താണ് ഇങ്ങനെയെന്ന് ചില ഉത്തരേന്ത്യൻ സാമൂഹികമാധ്യമ അക്കൗണ്ടുകൾ ചോദിക്കുന്നുണ്ട്.

നേരത്തെ, നിധി അഗർവാളിനുനേരെയുണ്ടായ സംഭവത്തിൽ പോലീസ് കേസെടുത്തിരുന്നു. ആൾക്കൂട്ടം നിയന്ത്രിക്കുന്നതിൽ വലിയ വീഴ്ചയുണ്ടായെന്ന വിമർശനത്തെത്തുടർന്നായിരുന്നു കേസ്. പരിപാടിക്ക് പോലീസ് അനുമതി വാങ്ങിയില്ലെന്നാണ് കേസ്.

Content Highlights: After Niddhi Agerwal, Samantha Ruth Prabhu MOBBED By Fans In Hyderabad