സിക്‌സ് പാക്ക് VFX എന്ന് പരിഹാസം; വേദിയില്‍ ഷര്‍ട്ട് അഴിച്ച് സല്‍മാന്‍ ഖാന്‍ | VIDEO

സല്‍മാന്‍ ഖാന്‍ നായകനാവുന്ന ഏറ്റവും പുതിയ ചിത്രമാണ് 'കിസി കാ ഭായ് കിസി കി ജാന്‍'. ചിത്രത്തിന്റെ ഏറ്റവും പുതിയ ട്രെയിലര്‍ ചുരുങ്ങിയ സമയം കൊണ്ട് ശ്രദ്ധ നേടിയിരുന്നു. തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളാലും ചടുലമായ നൃത്തരംഗങ്ങള്‍കൊണ്ടും സമ്പന്നമായിരുന്നു ട്രെയിലര്‍. വ്യത്യസ്തങ്ങളായ ഗെറ്റപ്പുകളില്‍ സല്‍മാന്‍ ഖാന്‍ എത്തുന്നുമുണ്ട്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ ടീസര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.
ചിത്രത്തില്‍ കാണിക്കുന്ന സല്‍മാന്‍ ഖാന്റെ സിക്‌സ് പാക്ക് വി.എഫ്.എക്‌സിന്റെ സഹായത്തോടെയുള്ളതാണെന്ന് സോഷ്യല്‍ മീഡിയയില്‍ നിരവധി കമെന്റുകള്‍ വന്നിരുന്നു. ഇപ്പോഴിതാ തനിക്കെതിരെയുള്ള പരിഹാസങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് സല്‍മാന്‍ ഖാന്‍.
സിക്‌സ് പാക്ക് വി.എഫ്.എക്‌സ് ആണോയെന്ന് ചോദിച്ചവര്‍ക്കുള്ള മറുപടിയായി വേദിയില്‍ വെച്ച് ഷര്‍ട്ടിന്റെ ബട്ടനുകള്‍ ഊരിയിരിക്കുകയാണ് താരം. 'കിസി കാ ഭായ് കിസി കി ജാന്‍' ട്രെയിലര്‍ ലോഞ്ചില്‍ വെച്ചായിരുന്നു സംഭവം. ചിത്രത്തിലെ നായിക പൂജ ഹെഗ്ഡേ ഉള്‍പ്പടെയുള്ളവര്‍ നടനൊപ്പം ഉണ്ടായിരുന്നു. സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സല്‍മാന്‍ ഖാന്‍ ഷര്‍ട്ട് ഊരാന്‍ തുടങ്ങുമ്പോള്‍ ആരാധകര്‍ ആര്‍പ്പുവിളിക്കുന്നുണ്ട്.
തെലുഗു താരങ്ങളായ വെങ്കിടേഷ് ദഗ്ഗുബട്ടി, ജഗപതി ബാബു എന്നിവരാണ് 'കിസി കാ ഭായ് കിസി കി ജാനി'ലെ മറ്റ് താരങ്ങള്‍. സല്‍മാന്‍ ഖാന്‍ തന്നെ നിര്‍മിക്കുന്ന ചിത്രം ഫര്‍ഹദ് സംജിയാണ് സംവിധാനം ചെയ്യുന്നത്.
വി. മണികണ്ഠനാണ് ഛായാഗ്രഹണം. കെ.ജി.എഫ്. ഫെയിം രവി ബസ്രുര്‍, ഹിമേഷ് രേഷമിയ, ദേവി ശ്രീ പ്രസാദ്, സുഖ് വീര്‍, പായല്‍ ദേവ്, സാജിദ് ഖാന്‍, അമാല്‍ മല്ലിക് എന്നിവരാണ് സംഗീത സംവിധാനം. രവി ബസ്രുര്‍ തന്നെയാണ് പശ്ചാത്തലസംഗീതവും. അനല്‍ അരസ് സംഘട്ടന സംവിധാനവും മയൂരേഷ് സാവന്ത് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. ഈദ് റിലീസായി ചിത്രം തിയേറ്ററുകളിലെത്തും.
Content Highlights: Salman Khan responds to six packs comments unbuttons shirts on stage