'അച്ഛന്റെ ആരോഗ്യനില മാധ്യമങ്ങളുമായി പങ്കുവെയ്ക്കരുത്'-ആശുപത്രി അധികൃതരോട് സൽമാൻ ഖാൻ

കുറച്ച് ദിവസം മുമ്പാണ് സൽമാൻ ഖാന്റെ പിതാവും തിരക്കഥാകൃത്തുമായ സലീം ഖാനെ മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിന് പിന്നാലെ സലിം ഖാന്റെ ആരോഗ്യനില മാധ്യമങ്ങളുമായി ഡോക്ടർമാർ പങ്കുവെച്ചിരുന്നു. ഇതിൽ സൽമാൻ ഖാൻ അതൃപ്തനാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. നടനും കുടുംബവും ആശുപത്രി അധികൃതരോട് സലീം ഖാന്റെ ആരോഗ്യത്തെ കുറിച്ചുള്ള വിവരങ്ങൾ മാധ്യമങ്ങളുമായി പങ്കുവെയ്ക്കരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
'ഇതൊരു സ്വകാര്യ കാര്യമാണ്. മാധ്യമങ്ങളുമായി ഒരു വിവരവും പങ്കുവെയ്ക്കരുത്. കുടുംബം ആഗ്രഹിക്കുന്നുണ്ടെങ്കിൽ മാത്രം ആരാധകരേയും അഭ്യുദയകാംക്ഷികളേയും അഭിസംബോധന ചെയ്യാം. സലിം സാബിന്റെ ആരോഗ്യത്തെക്കുറിച്ച് പൊതുജനങ്ങൾക്ക് വലിയ താത്പര്യമുണ്ടെന്ന് അറിയാം. എന്നാൽ ഈ വിവരങ്ങൾ രഹസ്യസ്വഭാവമുള്ള കാര്യമാണ്. സലിം ഖാന്റെ നിലയെക്കുറിച്ചുള്ള അനാവശ്യമായ ഊഹാപോഹങ്ങളും മാധ്യമ ശ്രദ്ധയും കുടുംബം ഒഴിവാക്കാൻ ആഗ്രഹിക്കുന്നു'-കുടുംബവുമായി അടുത്ത വൃത്തങ്ങൾ പ്രതികരിച്ചു.
ബുധനാഴ്ച്ചയാണ് ആശുപത്രി അധികൃതർ സലീം ഖാന്റെ ആരോഗ്യനിലയെ കുറിച്ച് മാധ്യമങ്ങളോട് സംസാരിച്ചത്. 'അദ്ദേഹത്തിന് വിറയലും ഉയർന്ന രക്തസമ്മർദ്ദവും ഉണ്ടായിരുന്നു. തലച്ചോറിൽ രക്തസ്രാവമുണ്ടായി. ഞങ്ങൾ അദ്ദേഹത്തെ ചികിത്സിച്ചു. അദ്ദേഹത്തിന്റെ നില വഷളാകാതിരിക്കാൻ വെന്റിലേറ്ററിൽ പ്രവേശിപ്പിക്കേണ്ടി വന്നു. ആവശ്യമായ പരിശോധനകൾ നടത്തി. ഇന്ന് ഞങ്ങൾ ഒരു ചെറിയ നടപടിക്രമം നടത്തി. അതിന്റെ വിശദാംശങ്ങളിലേക്ക് ഞാൻ പോകുന്നില്ല. അദ്ദേഹം സുഖമായിരിക്കുന്നു. നാളെ ആകുമ്പോഴേക്കും അദ്ദേഹം വെന്റിലേറ്ററിൽ നിന്ന് പുറത്തുവരും. പ്രായം ഒരു ഘടകമാണെന്ന് ഞാൻ മനസ്സിലാക്കുന്നു. അതുകൊണ്ട് സുഖം പ്രാപിക്കാൻ സമയമെടുക്കും'-എന്നാണ് ഡോക്ടർ പറഞ്ഞത്.
Content Highlights: salman khan displeased with doctors asks hospital not to share salim khans health update