'തിയേറ്ററിൽ ആളുകളെ എത്തിക്കുന്ന താരത്തിന് കൂടുതൽ പ്രതിഫലം കിട്ടും, അത് സ്ത്രീയായും പുരുഷനായാലും’

#Movie desk
സെയ്ഫ് അലി ഖാൻ| ഫോട്ടോ: PTI
സെയ്ഫ് അലി ഖാൻ| ഫോട്ടോ: PTI

ബോളിവുഡിൽ സ്ത്രീ-പുരുഷ താരങ്ങൾക്കിടയിലുള്ള പ്രതിഫല വ്യത്യാസത്തെക്കുറിച്ചുള്ള ചർച്ചകളിൽ അഭിപ്രായം വ്യക്തമാക്കി നടൻ സെയ്ഫ് അലി ഖാൻ. സോഹ അലി ഖാന്റെ യൂട്യൂബ് പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നടനും സംവിധായകനുമായ കുനാൽ ഖേമുവും പോഡ്കാസ്റ്റിൻ്റെ ഭാഗമായിരുന്നു. നായകനോ നായികയോ എന്നുള്ളതല്ല, മറിച്ച് ഒരാൾക്ക് ബോക്സ് ഓഫീസിൽ പ്രേക്ഷകരെ ആകർഷിക്കാനുള്ള കഴിവാണ് പ്രതിഫലം നിശ്ചയിക്കുന്നതെന്ന് സെയ്ഫ് പറഞ്ഞു.

‘ഒരു പ്രത്യേക ലിംഗത്തിൽപ്പെട്ടതുകൊണ്ട് മാത്രം കൂടുതൽ പ്രതിഫലം ലഭിക്കണമെന്നില്ല. ആളുകൾ തിയേറ്ററുകളിൽ വരുന്നത് ഏതൊരു താരം കാരണമാണോ, അവർക്ക് അതിനനുസരിച്ചുള്ള പ്രതിഫലം ലഭിക്കും. ഇതൊരു സന്തുലിതമായ സാമ്പത്തിക സംവിധാനമാണ്'- സെയ്ഫ് കൂട്ടിച്ചേർത്തു.

ഈ സംവിധാനം ഏതെങ്കിലും ഒരു വിഭാഗത്തെ പിന്തുണയ്ക്കാൻ രൂപകൽപ്പന ചെയ്തതല്ലെന്നും പകരം ഒരു നടന്റെ/നടിയുടെ വിപണി മൂല്യത്തിന്റെയും ബോക്സ് ഓഫീസ് സ്വാധീനത്തിന്റെയും പ്രതിഫലനമാണെന്നും അദ്ദേഹം വിശദീകരിച്ചു. 

സിനിമയിലെ അഭിനേതാക്കളുടെ പ്രതിഫലം നിശ്ചയിക്കുന്നതിന് പിന്നിലെ കണക്കുകളെക്കുറിച്ച് കുനാൽ ഖേമു പോഡ്കാസ്റ്റിൽ പറയുന്നുണ്ട്. ഒരു പ്രൊജക്ടിൽ ഒരു താരത്തിന്റെ മൂല്യം അടിസ്ഥാനമാക്കി വിതരണക്കാർ സിനിമയുടെ ലാഭസാധ്യതകൾ വിലയിരുത്തുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ‘ഇതിനൊരു കണക്കുണ്ട്. സിനിമ വിജയിക്കുമോ ഇല്ലയോ എന്നതല്ല. മുമ്പ്, ഒരു പ്രത്യേക നടൻ സിനിമയിലുണ്ടെങ്കിൽ ഒരു നിശ്ചിത തുകയ്ക്ക് ആ പ്രദേശത്ത് സിനിമ വിൽക്കാൻ കഴിയുമെന്ന് വിതരണക്കാർക്ക് അറിയാമായിരുന്നു. അത് സിനിമയുടെ മുടക്കുമുതൽ തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായി മാറുന്നു’-അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ ആദ്യത്തെ ജനാധിപത്യ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലുള്ള നെറ്റ്ഫ്ലിക്സ് പീരിയഡ് ഡ്രാമയായ ഹം ഹിന്ദുസ്ഥാനി ആണ് സെയ്ഫിന്റെ അടുത്ത ചിത്രം.

Content Highlights: Salary in Bollywood is determined by market pull, not gender.