‘രാമായണ’ത്തിൽ സീതയാവാൻ ചിന്തയിൽപ്പോലും ശുദ്ധി നിലനിർത്തി- സായ് പല്ലവി

#Movies Desk
സായ് പല്ലവി | Photo: PTI
സായ് പല്ലവി | Photo: PTI

നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം 'രാമായണ'ത്തിൽ സീതാദേവിയുടെ കഥാപാത്രം അവതരിപ്പിക്കാൻ കഴിഞ്ഞത് അനുഗ്രഹമാണെന്ന് നടി സായ് പല്ലവി. വേഷം അവതരിപ്പിക്കാൻ താൻ ചിന്തയിൽപ്പോലും വിശുദ്ധി സൂക്ഷിച്ചുവെന്നും നടി പറഞ്ഞു. ഡൽഹിയിൽ നടന്ന പ്രഥം സങ്കൽപ്പ് ചടങ്ങിലായിരുന്നു സായ് പല്ലവിയുടെ വാക്കുകൾ.

'അഭിനേതാക്കൾക്ക് ഇത്തരം വേഷം സാധാരണയായി കിട്ടാറില്ല. ദൈവികമായ വേഷം ചെയ്യുന്നത് എളുപ്പമല്ല. ഹൃദയവും ആത്മാവും നൽകി തങ്ങളുടെ ഏറ്റവും മികച്ചത് നൽകാൻ സന്നദ്ധമായ ഒരു ടീം ഒപ്പമുണ്ടാവണം', സായ് പല്ലവി പറഞ്ഞു.

'സീതാ ദേവിയെ അവതരിപ്പിക്കാൻ ഞാൻ തിരഞ്ഞെടുക്കപ്പെടുകയായിരുന്നില്ല, അനുഗ്രഹിക്കപ്പെടുകയായിരുന്നു. പിന്നാലെ പോയി നേടിയെടുക്കാൻ കഴിയുന്നതോ, ഞാൻ ഇങ്ങനെയാണ് അഭിനയിക്കുക എന്ന് പറഞ്ഞ് ലഘൂകരിക്കാൻ കഴിയുന്നതോ അല്ല ആ വേഷം. ധ്യാനത്തിലിരുന്ന്, 'സീതാദേവീ, എന്നിലൂടെ അഭിനയിക്കൂ' എന്ന് ഞാൻ പ്രാർഥിക്കാറുണ്ടായിരുന്നു. തന്നിലൂടെ വരുന്നതാണ് സിനിമയ്ക്കായി ദേവി ആഗ്രഹിക്കുന്നത് എന്നാണ് വിശ്വസിച്ചത്', അവർ അഭിപ്രായപ്പെട്ടു.

ചിത്രീകരണത്തിലുടനീളം മനസ്സ് ശാന്തമായും ചിന്തകൾ വിശുദ്ധമായും സൂക്ഷിക്കാൻ ശ്രമിച്ചിരുന്നു. ഇത്തരമൊരു പവിത്രമായ കഥാപാത്രത്തെ മികച്ച രീതിയിൽ അവതരിപ്പിക്കുന്നതിന് ഇത് അത്യാവശ്യമായിരുന്നുവെന്നും താരം കൂട്ടിച്ചേർത്തു.

രണ്ട് ഭാഗങ്ങളായാണ് 'രാമായണം' പ്രേക്ഷകരിലേക്ക് എത്തുന്നത്. ആദ്യഭാഗം 2026 ദീപാവലിക്കും രണ്ടാം ഭാഗം 2027 ദീപാവലിക്കും തിയേറ്ററുകളിലെത്തും. രൺബീർ കപൂർ ശ്രീരാമനായും കന്നഡ താരം യാഷ് രാവണനായും അഭിനയിക്കുന്ന ചിത്രത്തിൽ ലക്ഷ്മണനായി രവി ദുബെയും ഹനുമാനായി സണ്ണി ഡിയോളും വേഷമിടുന്നു. ശൂർപ്പണഖയായി രാകുൽ പ്രീത് സിംഗ്, കൈകേയിയായി ലാറ ദത്ത, മണ്ഡോദരിയായി കാജൽ അഗർവാൾ എന്നിവരും അണിനിരക്കുന്നുണ്ട്. നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസ്, ഡിഎൻഇജി, യാഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

Content Highlights: Actress Sai Pallavi described playing Goddess Sita in Nitesh Tiwari's upcoming big-budget epic 'Ramayana' as a divine blessing. Speaking at the Pratham Sankalp event in Delhi, she shared that she practiced mental purity and meditated, praying for Goddess Sita to perform through her. She emphasized that depicting such a sacred character required absolute purity of thought and dedicated teamwork from everyone involved. The star-studded magnum opus features Ranbir Kapoor as Lord Ram, Yash as Ravana, Sunny Deol as Hanuman, and Ravi Dubey as Lakshman. Co-produced by Prime Focus Studios, DNEG, and Monster Mind Creations, the film will release in two parts during Diwali 2026 and Diwali 2027