ഈ പുരസ്കാരം ദൈവ നർത്തകർക്കും അപ്പു സാറിനും സമർപ്പിക്കുന്നു -റിഷഭ് ഷെട്ടി

റിഷഭ് ഷെട്ടി, കാന്താര സിനിമയുടെ പോസ്റ്റർ | ഫോട്ടോ: www.facebook.com/HombaleFilms
റിഷഭ് ഷെട്ടി, കാന്താര സിനിമയുടെ പോസ്റ്റർ | ഫോട്ടോ: www.facebook.com/HombaleFilms

ഇത്തവണത്തെ മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരനേട്ടത്തിൽ പ്രതികരണവുമായി റിഷഭ് ഷെട്ടി. ചിത്രത്തിന്റെ ഭാ​ഗമായ ഓരോരുത്തർക്കും തന്റെ നന്ദി അറിയിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിലാണ് റിഷഭ് ഷെട്ടി തന്റെ സന്തോഷവും നന്ദിയും അറിയിച്ചത്.

'കാന്താര'യ്‌ക്കുള്ള ഈ ദേശീയ അവാർഡിൻ്റെ ബഹുമതിയിൽ താൻ അതിയായ ആഹ്ളാദത്തിലാണെന്ന് റിഷഭ് പറഞ്ഞു. ഈ യാത്രയുടെ ഭാഗമായ എല്ലാവരോടും, കലാകാരന്മാരുടെയും സാങ്കേതിക വിദഗ്ധരുടെയും പ്രത്യേകിച്ച് ഹോംബാലെ ഫിലിംസിൻ്റെയും ടീമിന് ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു. ഈ സിനിമ യഥാർത്ഥത്തിൽ എന്താണെന്ന് പ്രേക്ഷകരാണ് തീരുമാനിച്ചത്. അവരുടെ പിന്തുണ തന്നിൽ ആഴത്തിലുള്ള ഉത്തരവാദിത്തബോധം നിറയ്ക്കുന്നുവെന്നും റിഷഭ് പറഞ്ഞു.

"ഇതിലും മികച്ച ഒരു സിനിമ നമ്മുടെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ കൂടുതൽ കഠിനാധ്വാനം ചെയ്യാൻ ഞാൻ പ്രതിജ്ഞാബദ്ധനാണ്. അങ്ങേയറ്റം ആദരവോടെ, ഈ അവാർഡ് നമ്മുടെ കന്നഡ പ്രേക്ഷകർക്കും ദൈവ നർത്തകർക്കും അപ്പു സാറിനും ഞാൻ സമർപ്പിക്കുന്നു. ഇങ്ങനെയൊരു നിമിഷത്തിൽ എത്തിയതിൽ ഞാൻ ദൈവത്തിന് നന്ദി പറയുന്നു." അദ്ദേഹം കൂട്ടിച്ചേർത്തു.

2022-ൽ റിഷഭ് ഷെട്ടിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ കന്നഡ ആക്ഷൻ ചിത്രമായിരുന്നു കാന്താര. ഹോംബാലെ ഫിലിംസ് നിർമിച്ച ചിത്രം കേരളത്തിലടക്കം വലിയ വിജയമായിരുന്നു. കിഷോർ, അച്യുത് കുമാർ, പ്രമോദ് ഷെട്ടി, സപ്തമി ​ഗൗഡ എന്നിവരായിരുന്നു മുഖ്യവേഷങ്ങളിൽ. ചിത്രത്തിന്റെ പ്രീക്വൽ ഒരുക്കുന്ന തിരക്കിലാണിപ്പോൾ റിഷഭ്.

Content Highlights: rishab shetty about best actor national film award for kanthara