'കണ്ണുകടിയുണ്ടായ കുലംകുത്തികൾ ഓരിയിട്ടു, അവർ കോൺഗ്രസുകാരല്ല'; തനിക്കെതിരായ കൂവലിൽ റിനി ആൻ ജോർജ്

#Entertainment Desk
റിനി ആൻ ജോർജ് യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാവേദിയിൽ, റിനി ആൻ ജോർജ് | Photos: Facebook
റിനി ആൻ ജോർജ് യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാവേദിയിൽ, റിനി ആൻ ജോർജ് | Photos: Facebook

വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയപ്പോൾ തനിക്കെതിരെ ഒരു കൂട്ടം ആളുകളിൽ നിന്നുണ്ടായ കൂവലിൽ പ്രതികരണവുമായി നടി റിനി ആൻ ജോർജ്. സത്യപ്രതിജ്ഞാ ചടങ്ങ് നടന്ന തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വെച്ചാണ് സ്ത്രീകൾ ഉൾപ്പെടെയുള്ള സംഘം റിനിക്കെതിരെ കൂവി വിളിച്ചത്. അവരെ ചിരിച്ചുകൊണ്ട് നേരിട്ട് നടന്നുനീങ്ങുന്ന റിനിയുടെ ദൃശ്യം സാമൂഹികമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോഴിതാ തനിക്കെതിരെയുണ്ടായ കൂവലിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് റിനി ആൻ ജോർജ്.

സാമൂഹികമാധ്യമത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയായിരുന്നു റിനിയുടെ പ്രതികരണം. തന്റെ ജീവിതത്തിലെ മനോഹരമായ സുദിനമായിരുന്നു മേയ് 18 എന്ന് പറഞ്ഞുകൊണ്ടാണ് റിനിയുടെ കുറിപ്പ് തുടങ്ങുന്നത്. എംഎൽഎ എന്ന് താൻ സ്‌നേഹപൂർവം വിളിച്ചിരുന്ന വ്യക്തി സിഎം ആയ ദിവസം തന്റെ സ്വപ്‌നസാക്ഷാത്കാരമായിരുന്നു. ചരിത്രമുഹൂർത്തം കൺകുളിരെ കാണാനുള്ള ഭാഗ്യവും ഒട്ടേറെ ദേശീയനേതാക്കളെ അപ്രതീക്ഷിതമായി അടുത്ത് കാണാനും സംസാരിക്കാനുമുള്ള അവസരവും തനിക്കുണ്ടായി എന്നും റിനി പറഞ്ഞു.

ഇതെല്ലാം കണ്ട് കണ്ണുകടി ഉണ്ടായ ചില കുലംകുത്തികളാണ് തനിക്കെതിരെ ഓരിയിട്ടത്. അതിനെ താൻ അർഹിക്കുന്ന അവജ്ഞയോടെ അവഗണിച്ചു. അവർ കോൺഗ്രസുകാരാണെന്ന് താൻ കരുതുന്നില്ല. കാരണം കോൺഗ്രസുകാർ സ്‌നേഹത്തോടെയാണ് തന്നോട് പെരുമാറിയത്. സത്യപ്രതിജ്ഞയ്ക്ക് വന്ന തന്നെ കോൺഗ്രസുകാർ ആട്ടിയോടിച്ചു എന്ന് പ്രചരിപ്പിക്കുന്നവർക്കായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കൊപ്പമുള്ള ചിത്രം പങ്കുവെക്കുന്നുവെന്നും റിനി ആൻ ജോർജ് കൂട്ടിച്ചേർത്തു.

അതേസമയം റിനിയുടെ പോസ്റ്റിന് താഴെ വലിയ രീതിയിലുള്ള സൈബർ ആക്രമണവും അരങ്ങേറുന്നുണ്ട്. നിരവധി പേരാണ് റിനിയെ അധിക്ഷേപിക്കുന്നതും പരിഹസിക്കുന്നതുമായ കമന്റുകളിടുന്നത്. ബലാത്സംഗ കേസിൽ പ്രതിയായി കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആദ്യമായി വെളിപ്പെടുത്തൽ നടത്തിയത് റിനിയായിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്തുവന്നത്.

റിനി ആൻ ജോർജിന്റെ പോസ്റ്റ്

മെയ് 18 2026

എന്റെ ജീവിതത്തിലെ മനോഹരമായ ഒരു സുദിനം.. ഞാൻ എംഎൽഎ എന്ന് സ്നേഹപൂർവ്വം വിളിച്ചിരുന്ന വ്യക്തി കേരളത്തിന്റെ സിഎം ആയ ദിവസം. എന്റെ സ്വപ്ന സാക്ഷാത്കാരം കൂടി ആയിരുന്നു അദ്ദേഹത്തിന്റെ മുഖ്യമന്ത്രി പദം. വേദിയിൽ നിന്ന് തന്നെ ആ ചരിത്ര മുഹൂർത്തം കണ്ണ് കുളിർക്കെ കാണാനുള്ള ഭാഗ്യം എനിക്കുണ്ടായി.. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു നിമിഷം. ഒരുപാട്‌ ദേശിയ നേതാക്കളെ അടുത്ത് കാണാനും സംസാരിക്കാനുമുള്ള അവസരം ലഭിച്ചു.

ഇതെല്ലാം കണ്ടു കണ്ണുകടി ഉണ്ടായ ചില കുലംകുത്തികൾ ഓരിയിട്ടു... അതിനെ ഞാൻ അർഹിക്കുന്ന അവജ്ഞയോടെ അപ്പോൾ തന്നെ അവഗണിക്കുകയും ചെയ്തു. അവർ കോൺഗ്രെസ്സുക്കാർ ആണെന്ന് ഞാൻ കരുതുന്നില്ല കാരണം കോൺഗ്രസുകാർ അത്രയും സ്നേഹവായ്‌പോടെയാണ് എന്നോട് പെരുമാറിയത്. സത്യപ്രതിജ്ഞക്ക് വന്ന എന്നെ കോൺഗ്രസുകാർ ആട്ടി ഓടിച്ചു എന്ന് പറയുന്നവർക്കായി ചടങ്ങിൽ സന്നിഹിതൻ ആയിരുന്ന തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് ഒപ്പമുള്ള എന്റെ ചിത്രം പങ്കു വെക്കുന്നു.

Content Highlights: Actress Rini Ann George reacted sharply after a section of people hooted at her during VD Satheesan's swearing-in ceremony at Thiruvananthapuram Central Stadium. Dismissing the hecklers as envious traitors rather than true Congress workers, she shared a picture with Telangana CM Revanth Reddy to counter online rumors that she was chased away. The actress has been facing severe cyber attacks following her initial disclosures against Rahul Mankootathil, who was expelled from Congress over a rape case.