‘പ്രിയപ്പെട്ടവർക്ക് ആശംസകൾ’; യുഡിഎഫ് മന്ത്രിമാർക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് റിനി ആൻ ജോർജ്

#Entertainment Desk
മന്ത്രിമാരായ കെ. മുരളീധരനും സണ്ണി ജോസഫിനുമൊപ്പം റിനി ആൻ ജോർജ്
മന്ത്രിമാരായ കെ. മുരളീധരനും സണ്ണി ജോസഫിനുമൊപ്പം റിനി ആൻ ജോർജ്

ധികാരമേറ്റ യുഡിഎഫ് സർക്കാരിലെ മന്ത്രിമാർക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് നടി റിനി ആൻ ജോർജ്. ഫേസ്ബുക്കിലാണ് റിനി ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. ഒരുവിഭാഗം കോൺഗ്രസ് അനുകൂലികളിൽ നിന്ന് കടുത്ത സൈബർ ആക്രമണം നേരിടുന്നതിനിടെയാണ് റിനിയുടെ പുതിയ പോസ്റ്റ്. ഈ പോസ്റ്റിന് താഴെയും റിനിക്കെതിരെ നിരവധി അധിക്ഷേപ കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്.

ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ, വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്, സിനിമാ-സാംസ്‌കാരിക വകപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ്, ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ എന്നിവർക്കൊപ്പമുള്ള ചിത്രങ്ങളാണ് റിനി ആൻ ജോർജ് പങ്കുവെച്ചത്. മന്ത്രിമാർക്ക് ആശംസകൾ നേരുന്നതായും പോസ്റ്റിൽ റിനി കുറിച്ചു.

'ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ സർ, വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് സർ, സിനിമ സാംസ്‌കാരിക മന്ത്രി വിഷ്ണു ഏട്ടൻ, ഉന്നത വിദ്യാഭ്യാസ മന്ത്രി റോജിയേട്ടൻ... പ്രിയപ്പെട്ട മന്ത്രിമാർക്ക് ആശംസകൾ..' -ഇതാണ് റിനി ചിത്രങ്ങൾക്കൊപ്പം കുറിച്ചത്.

നേരത്തേ, തനിക്കെതിരെ നടക്കുന്ന സൈബർ അധിക്ഷേപത്തിന് ശക്തമായ മറുപടിയുമായി റിനി രംഗത്തെത്തിയിരുന്നു. താൻ ദുഷ്ടശക്തികളെ നിഗ്രഹിക്കാൻ നിയോഗിക്കപ്പെട്ട അവതാരം തന്നെയാണ് എന്നാണ് പരിഹാസങ്ങൾക്ക് റിനി മറുപടി നൽകിയത്.

'ഒരു പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ പോലെയുള്ള പാവനമായ ചടങ്ങിൽ ഒരു പെൺകുട്ടിയെ വളഞ്ഞിട്ടു കൂവി വിളിക്കുകയും ഭീഷണി പെടുത്തുകയും ചെയ്തിട്ടും രക്തം തിളയ്ക്കാത്ത പലർക്കും രേവന്ത് റെഡിയുമായി ഒരു ഫോട്ടോ എടുത്തു എന്ന് കണ്ടപ്പോൾ രക്തം തിളയ്ക്കുന്നുണ്ട് എന്ന് അറിഞ്ഞതിൽ സന്തോഷം. ഇങ്ങനെ തന്നെ ആയിരിക്കണം രാഷ്ട്രീയ പ്രവർത്തനം. മാതൃക രാഷ്ട്രീയപ്രവർത്തകർ. എന്നെ അവതാരം എന്ന് വിളിച്ചു കളിയാകുന്നവർക്കായി, അതേ ഞാൻ അവതാരം തന്നെയാണ് ദുഷ്ടശക്തികളെ നിഗ്രഹിക്കാൻ നിയോഗിക്കപ്പെട്ട അവതാരം' -ഇതായിരുന്നു റിനി സാമൂഹികമാധ്യമങ്ങളിൽ കുറിച്ചത്.

വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയ റിനിയെ ഒരുകൂട്ടം പ്രവർത്തകർ കൂവി വിളിച്ചിരുന്നു. ഇതിനും ഫേസ്ബുക്ക് പോസ്റ്റിലൂടെ റിനി മറുപടി നൽകി. ചരിത്രമുഹൂർത്തം കൺകുളിരെ കാണാനുള്ള അവസരവും ദേശീയനേതാക്കളെ അപ്രതീക്ഷിതമായി അടുത്ത് കാണാനും സംസാരിക്കാനുമുള്ള അവസരവും ഉണ്ടായെന്നും ഇതെല്ലാം കണ്ട് കണ്ണുകടി ഉണ്ടായ കുലംകുത്തികളാണ് തനിക്കെതിരെ ഓരിയിട്ടതെന്നുമാണ് റിനി അന്ന് പറഞ്ഞത്.

ബലാത്സംഗ കേസിൽ പ്രതിയായി കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആദ്യമായി വെളിപ്പെടുത്തൽ നടത്തിയത് റിനിയായിരുന്നു. ഇതിന് പിന്നാലെയാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്തുവന്നത്.

Content Highlights: Actress Rini Ann George shared pictures on Facebook with newly sworn-in UDF ministers, including K. Muraleedharan and P.C. Vishnunath, extending her best wishes. Despite facing intense cyber attacks following her disclosures against expelled leader Rahul Mankootathil, she hit back at trolls, calling herself an avatar destined to destroy evil forces.