മായാനദി സ്ത്രീവിരുദ്ധമെന്ന് പറഞ്ഞില്ല, പക്ഷേ അതുല്യയുടെ ആ രംഗം അശ്ലീലമായി; ഗീതുവിനെ പിന്തുണച്ച് റിമ

യഷ് നായകനാകുന്ന ടോക്സിക് എന്ന ചിത്രത്തിന്റെ ടീസർ കഴിഞ്ഞദിവസം പുറത്തുവന്നതുമുതൽ സംവിധായിക ഗീതു മോഹൻദാസിനെതിരെ രൂക്ഷമായ വിമർശനമാണ് ഉയർന്നത്. ഇപ്പോൾ ഈ വിഷയത്തിൽ ഗീതുവിന് പിന്തുണയുമായെത്തിയിരിക്കുകയാണ് നടിമാരായ റിമ കല്ലിങ്കൽ, ദിവ്യപ്രഭ എന്നിവർ. ടീസറിൽ വിവാദമായ നായകന്റെ ഇൻട്രോ സീനിനെ അശ്ലീലം എന്ന് വിളിച്ച് അധിക്ഷേപിക്കുന്നവർക്ക് മറുപടി എന്ന രീതിയിൽ ഒരു ഇൻസ്റ്റാഗ്രാം പേജിൽ വന്ന കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് റിമയും ദിവ്യപ്രഭയും. ആനന്ദം, സദാചാര പ്രതിസന്ധി, പിന്നെ സ്ത്രീകളും... എന്ന തലക്കെട്ടിൽ വന്ന ലേഖനം ഇരുവരും പങ്കുവെച്ചു.
കുറിപ്പ് ഇങ്ങനെ:
‘ഡീയസ് ഈറെ എന്ന ചിത്രം പുറത്തിറങ്ങിയതിന് ശേഷം, ട്രോൾ പേജുകളും സിനിമാ ഗ്രൂപ്പുകളും ഉൾപ്പെടെ നിരവധിപേരാണ് നായികയായ അതുല്യ ചന്ദ്രയെ വെറുമൊരു "സെഡക്റ്റീവ് ഒബ്ജക്റ്റ്" ആയി തരംതാഴ്ത്തിയത്. അത് ഏറെ വിഷമകരമായിരുന്നു. ആ ലേബലുകൾ ഞെട്ടിപ്പിച്ചത് അവയുടെ ബോൾഡ്‌നെസ്സ് കൊണ്ടല്ല, മറിച്ച് നമ്മുടെ ചിന്താഗതികളെ അവ അത്രത്തോളം തുറന്നുകാട്ടുന്നു എന്നതുകൊണ്ടാണ്. ഇതിലെ ഏറ്റവും വലിയ തമാശ എന്തെന്നാൽ, ഈ ചർച്ചകളിലെല്ലാം പ്രണവ് മോഹൻലാൽ എന്ന നടൻ പൂർണമായും അദൃശ്യനായിരുന്നു എന്നതാണ്.
ആ ഇന്റിമേറ്റ് സീൻ അതുല്യ തനിച്ച് ചെയ്തതാണെന്ന മട്ടിലായിരുന്നു കാര്യങ്ങൾ. 'ഡീയസ് ഈറെ'യായിരുന്നു മലയാളിക്ക് തങ്ങളുടെ സദാചാര പോലീസ് ബാഡ്ജുകൾ വീണ്ടും പുറത്തെടുക്കാൻ പ്രചോദനം ആയത്. 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' എന്ന ചിത്രത്തിലെ ദിവ്യപ്രഭയുടെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിച്ചത്. എന്തുകൊണ്ടാണ് നാം ലൈംഗികതയെ സ്ത്രീകളുമായി മാത്രം ബന്ധപ്പെടുത്തുന്നത് എന്ന കാര്യം അത്ഭുതപ്പെടുത്തും. ഒരുപക്ഷേ സ്ത്രീക്ക് മാത്രമേ ധാർമ്മിക ഉത്തരവാദിത്തം ഉള്ളൂ എന്നതുകൊണ്ടാകാം. വിഷയം ലൈംഗികതയാണെങ്കിൽ, നോട്ടം ഉടൻ സ്ത്രീകളിലേക്ക് മാറും.
ഇപ്പോൾ, 'ടോക്സിക്' ടീസറിലെ ഉഭയസമ്മതപ്രകാരമുള്ള ഒരു ലൈംഗിക രംഗത്തെ പോലും അശ്ലീലമെന്നും വൃത്തികെട്ടതെന്നും വിശേഷിപ്പിക്കുന്നത് കാണാം. പരസ്പര താൽപ്പര്യത്തിൽ അധിഷ്ഠിതമായ ഒന്ന് എങ്ങനെയാണ് "വൃത്തികെട്ടത്" ആകുന്നത്? ഒരു സ്ത്രീയെ ലൈംഗിക നിമിഷങ്ങളിൽ കാണിക്കുന്നത് ഉടൻ തന്നെ അശ്ലീലമായും, അവളുടെ അന്തസ്സിന് നേരെയുള്ള ഭീഷണിയായും മുദ്രകുത്തപ്പെടുന്നു. ലൈംഗികത എന്നത് സ്ത്രീകൾക്ക് എതിരായ ഒന്നാണെന്ന രീതിയിലാണ് കാര്യങ്ങൾ.
പുരോഗമന ചിന്താഗതിയുള്ള യുവതലമുറക്കിടയിൽ പോലും, ലൈംഗികതയെ തെറ്റായതും സ്ത്രീകൾക്ക് ദോഷകരമായ ഒന്നായുമാണ് ഇപ്പോഴും കാണുന്നത്. ഒരു സ്ത്രീ ലൈംഗികതയിൽ ആനന്ദം കണ്ടെത്തുന്നതോ ശബ്ദങ്ങളും ഭാവങ്ങളും പ്രകടിപ്പിക്കുന്നതോ ഇവിടെ അശുദ്ധമെന്നതുപോലെയാണ് കാണുന്നത്.
നമുക്ക് 'മായാനദി'യും '4 ഇയേഴ്സും' ഒക്കെ ഉണ്ടായിരുന്നു, ആരും അവയെ സ്ത്രീവിരുദ്ധമെന്നോ അധാർമികമെന്നോ ഫെമിനിസത്തിന് നേരെയുള്ള ആക്രമണമെന്നോ വിളിച്ചില്ല. കാഴ്ചക്കാരന് കുറഞ്ഞത് ഒരു തിരിച്ചറിവെങ്കിലും ഉണ്ടെങ്കിൽ, ഇതിലെ ചർച്ച നഗ്നതയെക്കുറിച്ചോ ലൈംഗികതയെക്കുറിച്ചോ അല്ല, മറിച്ച് നാം അത് കാണാൻ ഉപയോഗിക്കുന്ന കാഴ്ചപ്പാടിനെക്കുറിച്ചാണെന്ന് തിരിച്ചറിയും. അതിനാൽ, ഏതാണ് അടിച്ചേൽപ്പിച്ചത് എന്നും ഏതാണ് സ്വാഭാവികം എന്നും വേർതിരിച്ചറിയാൻ നിങ്ങൾക്ക് കഴിയുന്നില്ലെങ്കിൽ, പ്രശ്നം നിങ്ങളുടെ സദാചാരബോധത്തിനാണ്.
ഈ വ്യത്യാസം മനസ്സിലാക്കാൻ കഴിഞ്ഞില്ലെങ്കിൽ, കേരളം എന്നും അതിന്റെ ഈ സദാചാര കുമിളയ്ക്കുള്ളിൽ തന്നെ തുടരും. എന്നും ലൈംഗികത കണ്ട് ഞെട്ടുകയും സ്ത്രീകളെ നിരന്തരം സംശയിക്കുകയും, വിഷയത്തിന്റെ കാമ്പ് എന്നെന്നേക്കുമായി നഷ്ടപ്പെടുകയും ചെയ്യും.
Content Highlights: Decoding "Toxic": Rima, Divya Prabha Defend Geetu Mohandas Amidst Film's Controversial Scene Debate