അതിഥികൾക്ക് മൊബൈൽ കൊണ്ടുവരാം, വിവാഹചിത്രങ്ങളെടുക്കാം; ഓഫറുമായി അലി ഫസലും റിച്ചയും

അലി ഫസലും റിച്ചയും | ഫോട്ടോ: www.instagram.com/alifazal9/
അലി ഫസലും റിച്ചയും | ഫോട്ടോ: www.instagram.com/alifazal9/

പൊതുവേ താരവിവാഹങ്ങളെന്ന് കേൾക്കുമ്പോൾ ആർഭാടവും താരസമ്പന്നതയും കനത്ത സുരക്ഷയുമെല്ലാമാണ് ഒരാളുടെ മനസിലേക്ക് ഓടിയെത്തുന്ന കാര്യങ്ങൾ. അതിഥികൾ വിവാഹചിത്രങ്ങളെടുക്കാതിരിക്കാൻ മൊബൈൽ ഫോൺപോലും ഇത്തരം ചടങ്ങുകളിലേക്ക് പ്രവേശിപ്പിക്കാറില്ല. എന്നാൽ ഇതിൽ നിന്നെല്ലാം വിഭിന്നമായി ഒരു വിവാഹം നടക്കാൻ പോവുകയാണ്. ബോളിവുഡ് താരങ്ങളായ റിച്ചാ ഛദ്ദയുടേയും അലി ഫസലിന്റെയുമാണാ വിവാഹം.

ബോളിവുഡിലെ താരവിവാഹങ്ങളിൽ അനുവർത്തിച്ച് വന്നിരുന്ന മൊബൈൽ ഫോൺ വിലക്ക് ലംഘിക്കാനാണ് ഇരുവരുടേയും തീരുമാനം. വിവാഹത്തിനെത്തുന്നവർക്ക് മൊബൈൽ ഫോൺ കൊണ്ടുവരികയും ചിത്രങ്ങളെടുക്കുകയും ചെയ്യാം. പരമാവധി ആഘോഷിക്കൂ, ഈയവസരത്തിൽ ഈ നിമിഷങ്ങൾ മൊബൈൽ ഫോണിൽ പകർത്തുന്നതിന് ഒട്ടും മടിക്കേണ്ടതില്ല എന്ന് ക്ഷണക്കത്തിൽ പ്രത്യേകം എഴുതിയിട്ടുള്ളതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

നിയന്ത്രണങ്ങളില്ലാത്തപ്പോൾ ആളുകൾക്ക് കൂടുതൽ സുഖമായിരിക്കാൻ കഴിയുമെന്നാണ് താരങ്ങൾ കരുതുന്നത്. ഇതാണ് വിവാഹച്ചടങ്ങിൽ മൊബൈൽ ഫോൺ വിലക്കേണ്ടെന്ന് ഇരുവരും തീരുമാനിച്ചത്. റിച്ചയും അലിയും വർഷങ്ങളായി ഒരുമിച്ചാണ്. അടുത്തിടെയാണ് ഇരുവരും സിനിമാ നിർമാണത്തിലേക്ക് കടന്നത്. അടുത്തിടെ വിവാഹം സ്ഥിരീകരിച്ച റിച്ച തങ്ങളുടെ ജീവിതത്തിലെ പുതിയ അധ്യായത്തെക്കുറിച്ച് വളരെ ആവേശത്തിലാണെന്നാണ് പ്രതികരിച്ചത്.

ഈ ഒക്ടോബറിലാണ് ഇരുവരും വിവാഹിതരാവുന്നത്. പരിസ്ഥിതി സൗഹാർദപരമായാണ് ചടങ്ങുകൾ നടക്കുക. വിവാഹത്തിനോടനുബന്ധിച്ച് 2 വിരുന്നുകളുണ്ടാവും. ഒരെണ്ണം ഒക്ടോബർ രണ്ടിന് ഡൽഹിയിലും അടുത്തത് ഏഴിന് മുംബൈയിലും. 

Content Highlights: Richa Chadha and Ali Fazal Marriage, No Phone Policy in Bollywood