'മമ്മൂക്ക ഇന്നും ഒരു അത്ഭുതമാണ്', കൈയടി നേടി നന്‍പകല്‍ നേരത്ത് മയക്കത്തിലെ മേക്കിങ് വീഡിയോ

മികച്ച പ്രേക്ഷക പ്രതികരണം നേടിക്കൊണ്ട് പ്രദര്‍ശനം തുടരുകയാണ് മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശേരിയും ഒന്നിച്ച 'നന്‍പകല്‍ നേരത്ത് മയക്കം'. സുന്ദരമായും ജെയിംസായും പകര്‍ന്നാടിയ മമ്മൂട്ടിയുടെ പ്രകടനം ഏറെ കൈയടി നേടിയിരുന്നു.
ഇപ്പോഴിതാ ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. മമ്മൂട്ടിക്ക് രംഗങ്ങള്‍ പറഞ്ഞുകൊടുക്കുന്ന സംവിധായകന്‍ പെല്ലിശേരിയേയും വീഡിയോയില്‍ കാണാം. മമ്മൂട്ടി കണ്ണാടിയില്‍ നോക്കുന്ന രംഗത്തിന്റെ മേക്കിങ് വീഡിയോയാണ് ഇപ്പോള്‍ പുറത്തിറങ്ങിയത്. ചിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു രംഗമാണിത്.
നിരവധി ആരാധകരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തുന്നത്. 'ലിജോ ജോസ് പെല്ലിശേരി എന്ന മാസ്റ്റര്‍ ക്രാഫ്റ്റ്മാനും പുതിയതായി സ്‌കൂളില്‍ ചേര്‍ന്ന കുട്ടിയെ പോലെ ഷോട്ടിലെ സംശയങ്ങള്‍ ചോദിക്കുന്ന മമ്മൂക്ക എന്ന മഹാ നടനും, അതാണ് ഈ സിനിമയുടെ വിജയം. മമ്മൂക്ക ഇന്നും ഒരു അത്ഭുതമാണ്. പെല്ലിശേരി ഇനിയും ഒരുപാട് അത്ഭുതങ്ങള്‍ സൃഷ്ടിക്കും'- ഒരു ആരാധകന്‍ കുറിച്ചു. രണ്ട് അത്ഭുതങ്ങള്‍ ചേരുമ്പോള്‍ മഹാത്ഭുതം അല്ലാതെ എന്ത് ഉണ്ടാവാന്‍ എന്ന് ഉദാഹരണ സഹിതം കാണിച്ചു തന്ന പടമെന്ന് മറ്റൊരാള്‍ കുറിച്ചു.
മമ്മൂട്ടിയുടെ നിര്‍മ്മാണ കമ്പനിയായ 'മമ്മൂട്ടി കമ്പനി'യും ലിജോ പെല്ലിശേരിയുടെ ആമേന്‍ മുവി മൊണാസ്ട്രിയും ചേര്‍ന്നാണ് 'നന്‍പകല്‍ നേരത്ത് മയക്കം' നിര്‍മിച്ചിരിക്കുന്നത്. ലിജോ പെല്ലിശേരിയുടെ തന്നെ കഥയ്ക്ക് എസ്. ഹരീഷാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. പേരന്‍പ്, പുഴു എന്നീ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച തേനി ഈശ്വറാണ് ക്യാമറ.
Content Highlights: Revelation of Sundaram making video of mammootty ljp film nanpakal nerath mayakkam