അനുഗ്രഹ അഡ്വാൻസ് തുക തിരികെ നൽകിയില്ലെന്ന് വിജയ് കുമാർ; ആൺസുഹൃത്ത് മോശമായി പെരുമാറിയെന്ന് നക്ഷത്ര

#Movies Desk
അനുഗ്രഹ എസ്. നമ്പ്യാര്‍, നക്ഷത്രാമൂര്‍ത്തി, വിജയ് കുമാര്‍ രാജേന്ദ്രന്‍ | Photo: Instagram/ Anugraha S Nambiar, Nakshatra Murthy, Vijay Kumar Rajendran
അനുഗ്രഹ എസ്. നമ്പ്യാര്‍, നക്ഷത്രാമൂര്‍ത്തി, വിജയ് കുമാര്‍ രാജേന്ദ്രന്‍ | Photo: Instagram/ Anugraha S Nambiar, Nakshatra Murthy, Vijay Kumar Rajendran

തമിഴ് വെബ് സീരീസ് 'റിസോർട്ടു'മായി ബന്ധപ്പെട്ട് മലയാളി നടി അനുഗ്രഹ എസ്. നമ്പ്യാരുടെ വെളിപ്പെടുത്തതിൽ വിവാദം കൊഴുക്കുന്നു. നടിക്ക് മറുപടിയുമായി ആരോപിതനായ, പരമ്പരയുടെ എഴുത്തുകാരനും നായകനുമായ വിജയ് കുമാർ രാജേന്ദ്രൻ രംഗത്തെത്തി. നടിക്കെതിരേ മാനനഷ്ടക്കേസുമായി മുന്നോട്ടുപോകുമെന്ന് വിജയ് പറഞ്ഞു.

സീരീസിന്റെ അഡ്വാൻസായി നടി വൻതുക ആവശ്യപ്പെട്ടുവെന്നും ഇത് തിരിച്ചുനൽകിയില്ലെന്നും വിജയ് കുമാർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ ആരോപിച്ചു. അനുഗ്രഹയുടെ വ്യക്തിപരമായ ആവശ്യങ്ങൾക്കായി 'റിസോർട്ടി'ന്റെ നിർമാണക്കമ്പനിയായ ഗ്ലോബൽ വില്ലേജേഴ്‌സിൽനിന്ന് 25,000 മുൻകൂറായി ആവശ്യപ്പെട്ടു. ഇതിൽ വലിയൊരു തുക ഇനിയും തിരികെ നൽകാനുണ്ട്. ഷൂട്ടിങ് ദിവസമായിരുന്നിട്ടും ഒരു ഓഡിഷനിൽ പങ്കെടുക്കാൻ നിർമാണക്കമ്പനി അനുവദിച്ചു. ഒരു രംഗത്തിൽമാത്രമാണ് അന്ന് നടി അഭിനയിച്ചത്. എന്നിട്ടും അന്നത്തെ മുഴുവൻ പ്രതിഫലവും നൽകിയെന്നും വിജയ് കുമാർ അവകാശപ്പെട്ടു.

നായികയുടെ വേഷം വാഗ്ദാനം ചെയ്ത ശേഷം അപ്രധാനമായ റോളിലേക്ക് ഒതുക്കിയെന്ന ആരോപണത്തിനും വിജയ് കുമാർ മറുപടി നൽകി. കരാർ ഒപ്പിടുന്നതിന് രണ്ടുമാസം മുമ്പ് തന്നെ അവർ ഷൂട്ടിങ് തുടങ്ങിയിരുന്നു. ഏത് വേഷമാണ് വാഗ്ദാനം ചെയ്തതെന്ന് നടിക്ക് വ്യക്തമായി അറിയാം. കഥയിൽ തന്നെ ഒഴിവാക്കാൻ കഴിയില്ലെന്ന സാഹചര്യം വന്നപ്പോഴാണ് നടി ആരോപണങ്ങളുമായി രംഗത്തെത്തിയതെന്നും വിജയ് ആരോപിച്ചു.

വിവാദങ്ങളിൽ തന്റെ ഭാര്യയേയും ഉൾപ്പെടുത്തിയതിൽ ഖേദമുണ്ടെന്ന് വിജയ് കുമാർ പറഞ്ഞു. താൻ അനുഗ്രഹയ്‌ക്കെതിരേ അപകീർത്തിക്കേസ് ഫയൽ ചെയ്യുമെന്നും വിജയ് വ്യക്തമാക്കി.

നേരത്തെ, അനുഗ്രഹയ്ക്ക് മറുപടിയുമായി വിജയ്‌യുടെ ഭാര്യ നക്ഷത്രാമൂർത്തി രംഗത്തെത്തിയിരുന്നു. അനുഗ്രഹയുടെ സുഹൃത്ത് അർധരാത്രിയോട് അടുത്ത സമയത്ത് വിളിച്ച് തന്നോട് മോശമായി സംസാരിച്ചുവെന്ന് നക്ഷത്ര ആരോപിച്ചു. 'ഞാൻ സംയമനത്തോടെ അയാളോട് സംസാരിക്കുകയായിരുന്നു. പിന്നീടാണ് അത് അനുഗ്രഹയുടെ ആൺസുഹൃത്താണെന്ന് മനസിലായത്. വിജയ് കുമാർ നടൻ മാത്രമാണ്. അയാൾ സംവിധായകനോ നിർമാതാവോ അല്ല. പിന്നെന്തിനാണ് ഞങ്ങൾ അവൾക്ക് പണം നൽകുന്നത്?. ഞങ്ങളോട് കയർത്തുസംസാരിക്കാൻ അവൻ ആരാണ്?', നക്ഷത്ര ചോദിച്ചു. അനുഗ്രഹയുടെ സുഹൃത്ത് മോശം വാക്കുകൾ ഉപയോഗിച്ചുവെന്നും അവർ ആരോപിച്ചു.

'അവർ ഞങ്ങളെ പ്രകോപിപ്പിക്കാൻ ശ്രമിക്കുകയാണ്. വ്യക്തമായ തിരക്കഥയുടെ അടിസ്ഥാനത്തിലാണ് അനുഗ്രഹ ആരോപണങ്ങൾ ഉന്നയിക്കുന്നത്. അനുഗ്രഹയുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് വിജയ്‌യുമായി യാതൊരു ബന്ധവുമില്ല. കരാറിലെത്തുമ്പോൾ നിങ്ങൾക്ക് പൂർണ്ണബോധ്യമുണ്ടായിരുന്നു. കരാർ വായിക്കണമായിരുന്നു', നക്ഷത്ര കൂട്ടിച്ചേർത്തു.

വിജയ് നായകനായതുകൊണ്ടുമാത്രമാണ് താനുൾപ്പെടെ പലരും പരമ്പരയിൽ അഭിനയിക്കാമെന്നേറ്റതെന്ന് അനുഗ്രഹ മറുപടി നൽകി. ഇരുവരും കാരണം തനിക്ക് പുറമേ മറ്റുപലരും ബുദ്ധിമുട്ടുകൾ നേരിടുന്നതായും അനുഗ്രഹ ആരോപിച്ചു. 'നിർമാതാക്കളെ ബന്ധപ്പെട്ടപ്പോൾ, വിജയ് കുമാറാണ് കഥയെഴുതുന്നതെന്ന് പറഞ്ഞു. അദ്ദേഹം എഴുതിയാൽ മാത്രമല്ലേ നിങ്ങളുടെ ഭാഗം ഷൂട്ട് ചെയ്യാൻ കഴിയൂ എന്ന് അവർ ചോദിച്ചു. പ്രശ്‌നങ്ങൾ പലതവണ വിജയ് കുമാറിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. തന്റെ കഥാപാത്രത്തിന് കൂടുതൽ പ്രാധാന്യം നൽകാമെന്ന വ്യാജവാഗ്ദാനം മാത്രമാണ് വിജയ് നൽകിയത്', അനുഗ്രഹ ആരോപിച്ചു.

'നിങ്ങളുടെ നാവാണ് ഏറ്റവും വലിയ ശത്രു, നക്ഷത്രാ. എനിക്ക് നിങ്ങളുടെ ഭർത്താവ് നൽകിയ വാഗ്ദാനങ്ങളെക്കുറിച്ച് എന്തുകൊണ്ടാണ് നിങ്ങൾ ചോദിക്കാത്തത്. അയാളോടല്ലെങ്കിൽ ആരോടാണ് ഞാൻ പ്രതിഫലം ചോദിക്കേണ്ടത്? നെഗറ്റീവ് പബ്ലിസിറ്റിയും പിആറുമാണ് എന്റെ ലക്ഷ്യമെങ്കിൽ, ഇക്കാര്യങ്ങൾ ഞാൻ ആദ്യമാസം തന്നെ ഉന്നയിക്കുമായിരുന്നു. ഞാൻ എന്തിനാണ് ഇത്രയും കാലം കാത്തിരുന്നത്? നിങ്ങൾ നൽകിയ വ്യാജവാഗ്ദാനം പാലിക്കപ്പെടുമെന്ന് വിശ്വസിച്ച് ഞാൻ ഒരു വർഷത്തോളം കാത്തിരുന്നു', അനുഗ്രഹ കൂട്ടിച്ചേർത്തു.

നടനും തിരക്കഥാകൃത്തുമായ വിജയ് കുമാറിനും ഭാര്യ നക്ഷത്രാമൂർത്തിക്കും നിർമാണക്കമ്പനിയായ ഗ്ലോബൽ വില്ലേജേഴ്‌സിനുമെതിരേ ഗുരുതര ആരോപണങ്ങളുമായി മലയാളി നടി അനുഗ്രഹ കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവെച്ചിരുന്നു. ഒരുവർഷത്തെ കരാറിൽ ഒപ്പിട്ടശേഷം ചിത്രീകരണം നടത്താതെ തന്റെ മറ്റ് അവസരങ്ങൾ തടഞ്ഞുവെന്ന് അനുഗ്രഹ ആരോപിച്ചു. അവസരങ്ങൾ തടയാൻ കരാർ ചൂണ്ടിക്കാട്ടിയ നിർമാതാക്കൾ, അതുപ്രകാരമുള്ള പ്രതിഫലം നൽകിയില്ലെന്നും ആരോപിച്ചു. പരമ്പരയുടെ അണിയറപ്രവർത്തകരുടെ ഭാഗത്തുനിന്നുണ്ടായ മോശം പെരുമാറ്റത്തെത്തുടർന്ന് താൻ മാനസികമായും ശാരീരികമായും സാമ്പത്തികമായും തകർന്ന് ആത്മഹത്യയുടെ വക്കിലെത്തിയെന്നും നടി വെളിപ്പെടുത്തി. തന്റെ ആരോഗ്യവിവരം അറിയിക്കാൻ വിളിച്ച സുഹൃത്തിനോട് മോശമായി സംസാരിച്ചുവെന്നും അവർ ആരോപിച്ചു.

Content Highlights: Actress Anugraha S Nambiar alleges breach of contract and unprofessional behavior regarding the Resort web series. Vijay Kumar Rajendran denies allegations, claiming the actress failed to return advance payments and plans to file a defamation suit. Nakshatra Moorthy alleges harassment by the actress's male friend over phone calls. Anugraha claims she was sidelined despite initial promises and suffered mental and financial distress. The dispute involves the production company Global Villagers