'മൂന്ന് വർഷമായി ഓൺലൈനിലൂടെ ഉപദ്രവം'; യുവാവിന്റെയും ഇരട്ട സഹോദരന്റെയും ചിത്രം പുറത്തുവിട്ട് രവീണ

തന്നെയും കുടുംബത്തെയും സോഷ്യൽ മീഡിയയിലൂടെ ഉപദ്രവിക്കുന്ന രണ്ടുപേരെ ഇൻസ്റ്റഗ്രാമിൽ തുറന്നുകാട്ടി നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ രവീണ രവി. ചെന്നൈ പോലീസിൽ പലതവണ പരാതി നൽകിയിട്ടും വിവിധ അക്കൗണ്ടുകളിലൂടെ ഉപദ്രവം തുടർന്നുവെന്ന് അവർ ഇൻസ്റ്റഗ്രാമിൽ വെളിപ്പെടുത്തി. ശബരീഷ്, ഇയാളുടെ ഇരട്ട സഹോദരൻ എന്നിവരുടെ ചിത്രങ്ങളാണ് രവീണ പുറത്തുവിട്ടത്. കഴിഞ്ഞ മൂന്നു വർഷമായി ഇവർ ഓൺലൈനിലൂടെ ഉപദ്രവിക്കുകയാണെന്ന് രവീണ വ്യക്തമാക്കി.
തങ്ങളെ മാത്രമല്ല, തൻ്റെ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ഈ വ്യക്തികൾ നിരന്തരമായ സന്ദേശങ്ങളിലൂടെയും കമന്റുകളിലൂടെയും ലക്ഷ്യമിടുന്നതായി രവീണ രവി പോസ്റ്റിൽ വിശദീകരിച്ചു. നിയമത്തിന്റെ വഴിയേ പോയിട്ടും തന്നെ ശല്യം ചെയ്യുന്നവർക്ക് യാതൊരു കൂസലുമില്ലെന്നും അവർ പറഞ്ഞു. തനിക്കും കുടുംബത്തിനും സുഹൃത്തുക്കൾക്കും നേരെ അശ്ലീലം നിറഞ്ഞ ഭാഷ പ്രയോഗിച്ചതിനെക്കുറിച്ചും അവർ സൂചിപ്പിച്ചു. തൻ്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ഈ സാഹചര്യം സഹിക്കേണ്ടി വന്നതിൽ അവർ ഖേദം പ്രകടിപ്പിച്ചു.
"പൊതുജന ശ്രദ്ധയ്ക്ക്: അവഗണിക്കരുത്. മൂന്നു വർഷമായി ഞങ്ങളെ ഉപദ്രവിക്കുന്ന ഒരാളിൽ നിന്ന് എൻ്റെ കുടുംബത്തെയും സുഹൃത്തുക്കളെയും എന്നെത്തന്നെയും സംരക്ഷിക്കാനാണ് ഞാനിത് പോസ്റ്റ് ചെയ്യുന്നത്. പോലീസിൽ പരാതി നൽകിയാലെങ്കിലും ഇത് അവസാനിക്കുമെന്ന് കരുതി ഞാൻ ക്ഷമയോടെ കാത്തിരുന്നു. നിർഭാഗ്യവശാൽ, ശബരീഷ് എന്നൊരാളും അദ്ദേഹത്തിൻ്റെ ഇരട്ട സഹോദരനും എന്നെയും എൻ്റെ കുടുംബത്തെയും സുഹൃത്തുക്കളെയും ഉപദ്രവിക്കുന്നത് തുടരുന്നു. അവർ സന്ദേശങ്ങളിലും കമന്റുകളിലും വൃത്തികെട്ട ഭാഷ ഉപയോഗിക്കുന്നു.
എന്നെ മാത്രമല്ല, എന്നെ അടുത്തറിയുന്നവരെയും അവർ ലക്ഷ്യമിടുന്നു. എൻ്റെ പേരിൽ ഇത് സഹിക്കേണ്ടി വന്ന എൻ്റെ സുഹൃത്തുക്കളോടും കുടുംബത്തോടും ഞാൻ ക്ഷമ ചോദിക്കുന്നു. ഞങ്ങൾ നിയമപരമായ വഴികൾ തേടിയിട്ടും അവർ രണ്ടുപേരും ഉപദ്രവം തുടർന്നു. അവരുടെ പ്രൊഫൈൽ ബ്ലോക്ക് ചെയ്യുക, റിപ്പോർട്ട് ചെയ്യുക. അദ്ദേഹത്തിൽ നിന്നോ സഹോദരനിൽ നിന്നോ എന്തെങ്കിലും സന്ദേശങ്ങൾ ലഭിച്ചാൽ ജാഗ്രത പാലിക്കുക. അവരുടെ കമന്റുകളോടോ സന്ദേശങ്ങളോടോ പ്രതികരിക്കരുത്." രവീണ പറയുന്നു.
ചെന്നൈയിലെ സ്ത്രീ സുരക്ഷയെക്കുറിച്ചും അവർ ചോദ്യമുയർത്തി. ചെന്നൈയെ ഇന്ത്യയിലെ സ്ത്രീകളോട് ഏറ്റവും സുരക്ഷിതമായ നഗരമെന്ന് പലപ്പോഴും വിളിക്കുന്നു. ഈ നഗരം എല്ലാവർക്കും സുരക്ഷിതമാണെന്ന് തെളിയിക്കാൻ ഇത്തരം ദുഷ്ടന്മാർക്കെതിരെ അധികാരികൾ നടപടിയെടുക്കുമെന്ന് താൻ പ്രതീക്ഷിക്കുന്നുവെന്നും രവീണ രവി കൂട്ടിച്ചേർത്തു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ദേശീയ വനിതാ കമ്മീഷൻ, തമിഴ്നാട് പോലീസ്, സൈബർ ക്രൈം പേജുകൾ എന്നിവരെ രവീണ ടാഗ് ചെയ്തിട്ടുണ്ട്.
Content Highlights: Actress Raveena Ravi reveals 3-year harassment by Sabarish & twin. Posts IDs, urges public vigilance, and questions Chennai`s safety for women.