ഞങ്ങളെക്കൊണ്ട് അത് ചെയ്യിക്കരുത്, ഞങ്ങള്‍ക്കും കുടുംബമുണ്ട്, ജോലി സമയത്തില്‍ നിലപാട് വ്യക്തമാക്കി രശ്മിക

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടന്‍ വിജയ് ദേവരകൊണ്ടയുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞതുമായി ബന്ധപ്പെട്ടാണ് നടി രശ്മിക മന്ദാന വാര്‍ത്തകളില്‍ ഇടം പിടിച്ചത്. രശ്മിക നായികയായെത്തിയ തമ്മ എന്ന ചിത്രവും ചര്‍ച്ചയായി. ഇപ്പോള്‍ ദി ഗേള്‍ഫ്രണ്ട് എന്ന തന്റെ പുതിയ ചിത്രത്തിനായി തയ്യാറെടുക്കുകയാണ് രശ്മിക.
അടുത്തിടെ രശ്മികയുടെ തൊഴില്‍ നൈതികതയെ പ്രശംസിച്ച് ചിത്രത്തിന്റെ നിര്‍മാതാവ് ശ്രീനിവാസ കുമാര്‍ രംഗത്തുവന്നിരുന്നു. രശ്മിക ഒരിക്കലും ജോലിസമയ നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തിയിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. സന്ദീപ് റെഡ്ഡി വംഗയുടെ സ്പിരിറ്റ് എന്ന ചിത്രത്തില്‍ ജോലി ചെയ്യാന്‍ നടി ദീപിക പദുകോണ്‍ എട്ട് മണിക്കൂര്‍ ഷിഫ്റ്റ് ആവശ്യപ്പെട്ടത് വലിയ വിവാദമായ സാഹചര്യത്തിലാണ് ഈ പ്രസ്താവന വരുന്നത്.
എന്നാല്‍ ഇക്കാര്യത്തില്‍ തന്റെ നിലപാട് വ്യക്തമാക്കുകയാണ് രശ്മിക മന്ദാന. താന്‍ അമിതമായി ജോലിചെയ്യുന്ന ആള്‍ ആണെന്നും എന്നാല്‍ അങ്ങനെ ചെയ്യാന്‍ താന്‍ മറ്റാര്‍ക്കും നിര്‍ദേശം നല്‍കില്ലെന്നും നടി പറയുന്നു. അമിതമായി ജോലി ചെയ്യാന്‍ പാടില്ല. അത് സുസ്ഥിരമല്ല, നിങ്ങള്‍ക്ക് സുഖകരമെന്നും ശരിയെന്നും തോന്നുന്നത് മാത്രം ചെയ്യുക. എട്ടോ, ഒമ്പതോ, പത്തോ മണിക്കൂര്‍ മാത്രം ജോലി ചെയ്യുക. അത് ഭാവിയില്‍ നിങ്ങള്‍ക്ക് രക്ഷയാകും.- രശ്മിക പറയുന്നു.
ഒരു സാധാരണ മനുഷ്യന് ചെയ്യാനാവുന്നതിനേക്കാള്‍ കൂടുതല്‍ ജോലി താന്‍ ഏറ്റെടുക്കാറുണ്ടെന്നും ഒരു കാര്യം ചെയ്യാനാവില്ലെന്ന് ടീംമംഗങ്ങളോട് പറയുന്നയാളല്ല താനെന്നും രശ്മിക പറഞ്ഞു. ടീം അംഗങ്ങള്‍ എന്തെങ്കിലും പ്രയാസം നേരിടുന്നുണ്ടെന്ന് മനസിലാക്കിയാല്‍ താന്‍ അവര്‍ക്കൊപ്പമാണ് നില്‍ക്കുകയെന്നും നടി പറഞ്ഞു.
'തീര്‍ച്ചയായും നിങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ട്. ഞാന്‍ അധികം ജോലി ചെയ്യാറുണ്ട്. ഒരു സാധാരണ മനുഷ്യന് ചെയ്യാനാവുന്നതിനേക്കാള്‍ കൂടുതല്‍ ഞാന്‍ ഏറ്റെടുക്കുന്നു. ഒരു കാര്യം ചെയ്യാന്‍ സാധിക്കില്ല എന്ന് എന്റെ ടീമംഗങ്ങളോട് പറയുന്ന ആളല്ല ഞാന്‍. അവര്‍ പ്രയാസം അനുഭവിക്കുന്നു എന്ന് ഞാന്‍ മനസിലാക്കുമ്പോള്‍, ലൊക്കേഷന്‍ ഇപ്പോള്‍ മാത്രമേ കിട്ടുകയുള്ളൂ, ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇത്രയധികം ഷൂട്ട് ചെയ്യേണ്ടതുണ്ട് എന്നെല്ലാം അവര്‍ പറയുമ്പോള്‍ ഞാന്‍ അത് കേള്‍ക്കുകയും അവര്‍ക്കൊപ്പം നില്‍ക്കുകയും ചെയ്യും.'- രശ്മിക പറഞ്ഞു. ഇത് തന്നെയാണ് ദിവസേന നടക്കാറുള്ളതെന്നും ഞാന്‍ എന്റെ ടീമംഗങ്ങള്‍ക്ക് നല്‍കുന്ന സ്‌നേഹവും ബഹുമാനവുമാണതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
എങ്കിലും അഭിനേതാക്കളെ കൊണ്ട് കൂടുതൽ സമയം ജോലി ചെയ്യിക്കരുതെന്നേ ഞാൻ പറയൂ. അഭിനേതാക്കള്‍ മാത്രമല്ല സംവിധായകര്‍, ലൈറ്റ്മാന്‍മാര്‍, സംഗീതം അങ്ങനെ എല്ലാവര്‍ക്കും 9 മണി മുതല്‍ ആറ് മണി വരെ, അല്ലെങ്കില്‍ അഞ്ച് മണി വരെ ഞങ്ങള്‍ക്ക് ഒരു സമയം അനുവദിക്കുക. കാരണം ഞങ്ങള്‍ക്ക് കുടുംബജീവിതത്തില്‍ കൂടി ശ്രദ്ധകൊടുക്കേണ്ടതുണ്ട്. ഉറങ്ങേണ്ടതുണ്ട്. വ്യായാമം ചെയ്യേണ്ടതുണ്ട്. ചെറുപ്രായത്തില്‍ ആരോഗ്യവും ഫിറ്റ്‌നസും ഉള്ളയാളായിരുന്നെങ്കില്‍ എന്ന് ഞാന്‍ പിന്നീട് ഖേദിക്കരുത്- രശ്മിക പറഞ്ഞു.
Content Highlights: Rashmika Mandanna addresses 'overworking' controversy, supports Deepika Padukone's demand for fixed work shifts, prioritizing personal life.