ഇന്ത്യയിൽ ഏറ്റവുംകൂടുതൽ പ്രതിഫലം വാങ്ങുന്ന താരം, അത് ഷാരൂഖല്ല, രജനിയുമല്ല; ഒരു സിനിമചെയ്യാൻ 325 കോടി

#മൂവി ഡെസ്ക്
രജനീകാന്ത്, ഷാരൂഖ് ഖാൻ | ഫോട്ടോ: വി. രമേഷ്\ മാതൃഭൂമി, Getty Images
രജനീകാന്ത്, ഷാരൂഖ് ഖാൻ | ഫോട്ടോ: വി. രമേഷ്\ മാതൃഭൂമി, Getty Images

ഇന്ത്യൻ സിനിമയിലെ പ്രതിഫല റെക്കോർഡുകൾ തിരുത്തിക്കുറിച്ചുകൊണ്ട് നടൻ രൺവീർ സിംഗ്. ധുരന്ധർ സിനിമകളുടെ വിജയത്തോടെ രാജ്യത്തെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരമായി മാറിയിരിക്കുകയാണ് അദ്ദേഹം. ഷാരൂഖ് ഖാൻ, രജനികാന്ത്, അല്ലു അർജുൻ തുടങ്ങിയ വൻനിര താരങ്ങളെ പിന്നിലാക്കിയാണ് രൺവീർ ഈ നേട്ടം കൈവരിച്ചത്. ഒരു സിനിമാ പ്രോജക്റ്റിൽ നിന്ന് മാത്രം ഏകദേശം 325 കോടി രൂപയാണ് രൺവീർ സമ്പാദിച്ചത്, ഇത് ഇന്ത്യൻ ചലച്ചിത്ര ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന തുകയാണിത്.

ആദിത്യ ധർ സംവിധാനംചെയ്ത് രണ്ട് ഭാഗങ്ങളിലായി പുറത്തിറങ്ങിയ ധുരന്ധർ ആഗോളതലത്തിൽ 3200 കോടി രൂപയുടെ മൊത്തം വരുമാനം നേടി. ഇന്ത്യയിൽ നിന്ന് മാത്രം 1900 കോടി രൂപ നെറ്റ് കളക്ഷൻ നേടാൻ ഈ ചിത്രത്തിന് സാധിച്ചു. ഈ സിനിമയുടെ വൻ വിജയം രൺവീറിനെ ഇന്ത്യൻ സിനിമയിലെ ഏറ്റവും മൂല്യമുള്ള താരമാക്കി മാറ്റി. വിവിധ ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഈ സിനിമയ്ക്കായി രൺവീർ സിംഗ് തന്റെ സാധാരണ പ്രതിഫലം വാങ്ങുന്നതിന് പകരം ലാഭവിഹിതം സ്വീകരിക്കുന്ന മാതൃകയാണ് തിരഞ്ഞെടുത്തത്. സിനിമയുടെ നിർമാണ വേളയിൽ ബജറ്റ് വർദ്ധിച്ചപ്പോൾ താരം സ്വന്തം പണം കൂടി ചിത്രത്തിനായി മുടക്കിയിരുന്നു, ഇത് അദ്ദേഹത്തിന്റെ ലാഭവിഹിതം വർദ്ധിക്കാൻ കാരണമായി. തിയേറ്റർ ബോണസ്, ഡിജിറ്റൽ, സാറ്റലൈറ്റ്, മ്യൂസിക് അവകാശങ്ങൾ എന്നിവയിൽ നിന്നുള്ള വരുമാനം ഉൾപ്പെടെയാണ് രൺവീറിന്റെ വിഹിതം 325 കോടി രൂപയിൽ എത്തിയത്.

മറ്റു പ്രമുഖ താരങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ രൺവീറിന്റെ നേട്ടം ശ്രദ്ധേയമാണ്. 2024-ൽ പുറത്തിറങ്ങിയ 'ജയിലർ' എന്ന ചിത്രത്തിലൂടെ 250 കോടിയിലധികം രൂപ പ്രതിഫലംപറ്റിയതിന് രജനികാന്തിന്റെ പേരിലായിരുന്നു മുൻപത്തെ റെക്കോർഡ്. അല്ലു അർജുൻ, പ്രഭാസ് എന്നിവർ തങ്ങളുടെ സമീപകാല ചിത്രങ്ങളിലൂടെ 200 കോടിയിലധികം രൂപ വീതം പ്രതിഫലം നേടിയിട്ടുണ്ട്. ബോളിവുഡിൽ ഷാരൂഖ് ഖാനായിരുന്നു മുൻപ് ഈ പട്ടികയിൽ മുന്നിലുണ്ടായിരുന്നത്.

90-കളിൽ താരങ്ങൾ ഒരു കോടി രൂപ പ്രതിഫലം വാങ്ങിയിരുന്ന കാലത്തുനിന്നും ഇന്ത്യൻ സിനിമ ഇന്ന് ഒരുപാട് വളർന്നിരിക്കുന്നു. കഴിഞ്ഞ കുറച്ച് കാലമായി ദക്ഷിണേന്ത്യൻ താരങ്ങൾ കൈപ്പിടിയിലൊതുക്കിയിരുന്ന ഈ സിംഹാസനം രൺവീർ സിംഗിലൂടെ ബോളിവുഡ് വീണ്ടും തിരിച്ചുപിടിച്ചിരിക്കുകയാണ്. ജിയോ സ്റ്റുഡിയോസ്, ആദിത്യ ധറിന്റെ ബി62 സ്റ്റുഡിയോസ് എന്നിവർക്കാണ് സിനിമയുടെ ലാഭത്തിൽ പ്രധാന വിഹിതം ലഭിച്ചതെങ്കിലും ഒരു നടൻ എന്ന നിലയിൽ രൺവീറിന്റെ നേട്ടം സമാനതകളില്ലാത്തതാണ്.

Content Highlights: Bollywood superstar Ranveer Singh has scripted history by earning a record-breaking ₹325 crore from director Aditya Dhar’s two-part magnum opus Dhurandhar, surpassing stalwarts like Rajinikanth, Shah Rukh Khan, and Allu Arjun through a highly lucrative profit-sharing model.