'ധുരന്ധർ കണ്ട് രൺവീറിനോട് പ്രണയം തോന്നി'; പിറന്നാൾ ദിനത്തിൽ വൈറലായി ആദിത്യ ധറിന്റെ കുറിപ്പ്!

#മൂവീസ് ഡെസ്ക്
രൺവീർ സിങും ആദിത്യ ധറും ധുരന്ധർ സെറ്റില്‍ | Photo: www.instagram.com/adityadharfilms
രൺവീർ സിങും ആദിത്യ ധറും ധുരന്ധർ സെറ്റില്‍ | Photo: www.instagram.com/adityadharfilms

ഇന്ന് പിറന്നാളാഘോഷിക്കുന്ന ബോളിവുഡ് നടൻ രൺവീർസിങ്ങിന് തന്റെ സഹപ്രവർത്തകരിൽനിന്നും ആരാധകരിൽനിന്നും ആശംസാപ്രവാഹമാണ്. ആശംസകളുമായെത്തിയ പ്രമുഖരിൽ രൺവീറിന്റെ ബ്ലോക്ക്ബസ്റ്റർ സിനിമകളായ 'ധുരന്ധർ', 'ധുരന്ധർ: ദി റിവഞ്ച്' എന്നീ ചിത്രങ്ങളുടെ സംവിധായകൻ ആദിത്യ ധറും സഹതാരം അർജുൻ രാംപാലും ഉൾപെടുന്നു. ഇരുവരും രൺവീറിനായി ഹൃദയസ്പർശിയായ ആശംസക്കുറിപ്പുകളും ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു.

ചിത്രങ്ങളുടെ നിർമാണഘട്ടത്തിലെ ചില അപൂർവചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് ആദിത്യ ധർ രൺവീറിന് ജന്മദിനാശംസകൾ നേർന്നത്.

"രൺവീർ അസാധാരണനായ ഒരു നടനാണ്. ധുരന്ധർ ചിത്രീകരണത്തിനിടെ രൺവീറിന്റെ അത്യപൂർവമായ അഭിനയനിമിഷങ്ങൾക്ക് സാക്ഷിയാകാൻ കഴിഞ്ഞു. ഒരു സംവിധായകൻ എന്ന നിലയിൽ കരിയറിലുടനീളം അനുഭവിക്കണമെന്ന് ആഗ്രഹിക്കുന്ന ചില അപൂർവ നിമിഷങ്ങളുണ്ട്. അത്തരം നിമിഷങ്ങൾ സമ്മാനിച്ച രൺവീറിലെ കലാകാരനോട് പ്രണയം തോന്നുന്നു. ധുരന്ധറിലെ പ്രകടനത്തെക്കുറിച്ച് ആളുകൾ വർഷങ്ങളോളം, ഒരുപക്ഷേ തലമുറകൾക്കപ്പുറവും സംസാരിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല." തന്നെ വിശ്വസിച്ചതിന് നന്ദിയെന്നും രൺവീർ തന്റെ സഹോദരനാണെന്നും ആദിത്യ ധർ പോസ്റ്റിൽ എഴുതി.

ഇനിയും ഒരുപാട് മനോഹരമായ ഓർമകൾക്കും മികച്ച അഭിനയപ്രകടനങ്ങൾക്കും വിജയങ്ങൾക്കും ആഘോഷങ്ങൾക്കും ആശംസ നേർന്ന് അർജുൻ രാംപാലും ഇൻസ്റ്റാഗ്രാം പോസ്റ്റിട്ടു. ധുരന്ധർ: ദി റിവഞ്ച് റിലീസിനുശേഷമുള്ള വിജയാഘോഷങ്ങളിലെ ചിത്രങ്ങളും രാംപാൽ പോസ്റ്റിൽ ചേർത്തു.

മുംബൈ ഭീകരാക്രമണത്തിന് പിന്നിലുള്ളവരെ തകർക്കാനായി പാകിസ്താൻ അധോലോകത്തേക്ക് നുഴഞ്ഞുകയറുന്ന ഹംസ അലി മസാരിയായാണ് രൺവീർ ധുരന്ധറിൽ അഭിനയിച്ചത്. മേജർ ഇക്ബാൽ എന്ന നിരവധി ഭീകരാക്രമണങ്ങളുടെ സൂത്രധാരന്റെ വേഷത്തിൽ അർജുൻ രാംപാലും വേഷമിട്ടു. ചിത്രം ബോക്സ് ഓഫീസ് ഹിറ്റായിരുന്നു.

ഈ വർഷം അവസാനം രൺവീർസിങ് തന്റെ പുതിയ ചിത്രമായ 'പ്രളയ്'യുടെ ജോലികൾ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. അതേസമയം ബില്യണയർ എന്ന ആമസോൺ സീരീസിലാണ് അർജുൻ രാംപാൽ എത്തുന്നത്.

Content Highlights: Bollywood actor Ranveer Singh received warm birthday wishes and high praise for his acting prowess from his 'Dhurandhar' director Aditya Dhar and co-star Arjun Rampal, as fans eagerly await his upcoming film 'Pralay'.