വലിയ താരനിരയോ, ഹെപ്പുകളോ വേണ്ടെന്ന് തെളിയിച്ച 21 ഗ്രാംസ്; രഞ്ജിത്ത് ശങ്കര്‍ പറയുന്നു

ഫ്രണ്ട് റോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അനൂപ് മേനോനെ കേന്ദ്രകഥാപാത്രമാക്കി, കെ എന്‍ റിനീഷ് നിര്‍മിക്കുകയും നവാഗതനായ ബിബിന്‍ കൃഷ്ണ സംവിധാനവും തിരക്കഥയും നിര്‍വ്വഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് '21 ഗ്രാംസ്'. ചിത്രം ഇപ്പോള്‍ മികച്ച പ്രതികരണങ്ങളുമായി നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്.
സാമൂഹ്യ മാധ്യമങ്ങളിലടക്കം '21 ഗ്രാംസി'നെ കുറിച്ചുള്ള ഗംഭീര അഭിപ്രായങ്ങളാണ് നിറഞ്ഞു നില്‍ക്കുന്നത്. ഒട്ടനവധി സിനിമ സംവിധായകരും മറ്റു സിനിമാ പ്രവര്‍ത്തകരും ചിത്രം കണ്ടതിന് ശേഷമുള്ള അഭിപ്രായങ്ങളും അവരുടെ സന്തോഷവും കഴിഞ്ഞ ദിവസങ്ങളിലായി തങ്ങളുടെ ഫേയ്‌സ്ബുക്ക് കുറിപ്പുകളായും ഫോണ്‍ സന്ദേശങ്ങളായും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെ അറിയിക്കുന്നുണ്ടായിരുന്നു. അതിന് പിന്നാലെയാണ് സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ '21 ഗ്രാംസി'നെ കുറിച്ചുള്ള തന്റെ പ്രതികരണവുമായി എത്തിയിരിക്കുന്നത്.
അദ്ദേഹത്തിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റിന്റെ ഉള്ളടക്കം ഇങ്ങനെ:
'ഒരു സിനിമ വിജയിപ്പിക്കാന്‍ വലിയ താര നിരയോ, യൂട്യൂബില്‍ ഒരു ഓളം സൃഷ്ടിക്കുകയോ, റിലീസിന് മുന്നേ ഉള്ള ഹൈപ്പുകളോ ഒന്നുമല്ല വേണ്ടത്. മറിച്ച് പ്രേക്ഷകനെ പിടിച്ചിരുത്താന്‍ കെല്‍പ്പുള്ള ഒരു തിരക്കഥയും, സ്വന്തം ആത്മാവ് പോലും സിനിമക്ക് നല്‍കാന്‍ തയ്യാറായി നില്‍ക്കുന്ന ഒരു ടീമുമാണ്'.
ഒരു കൊലപാതകവും അതിനോടാനുബന്ധിച്ച കുറ്റാന്വേഷണവുമാണ് 21 ഗ്രാംസിന്റെ ഈ സിനിമയുടെ ഇതിവൃത്തം. 'അഞ്ചാം പാതിര'എന്ന സൂപ്പര്‍ ഹിറ്റ് ത്രില്ലര്‍ ചിത്രം ഇരു കയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകര്‍ ചെറിയൊരു ഇടവേളക്ക് ശേഷമാണ് അതേ ജോണറില്‍ മറ്റൊരു ചിത്രം തിയേറ്ററില്‍ ഗംഭീര പ്രതികരണങ്ങള്‍ നല്‍കി വിജയിപ്പിക്കുന്നത്. സസ്‌പെന്‍സും മിസ്റ്ററിയും ട്വിസ്റ്റുകളും നിറഞ്ഞ ഈ സിനിമയില്‍ അനൂപ് മേനോനെ കൂടാതെ ലിയോണ ലിഷോയ്, അനു മോഹന്‍, രഞ്ജി പണിക്കര്‍, രഞ്ജിത്, ലെന, നന്ദു, ജീവ ജോസഫ്, മാനസ രാധാകൃഷ്ണന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, മറീന മൈക്കിള്‍, ബിനീഷ് ബാസ്റ്റിന്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. ചിത്രം ഈ മാസം 31ന് ജിസിസി റിലീസിനെത്തുന്നു എന്ന വാര്‍ത്തയും അണിയറ പ്രവര്‍ത്തകര്‍ ഇതിന് മുന്നേ പ്രേക്ഷകരെ അറിയിച്ചിരുന്നു.
Content Highlights: Ranjith Sankar, 21 Grams Movie, Anoop Menon, Bibin Krishna, 21 Grams Review