അവതാറും ഗ്ലാഡിയേറ്ററും ലോർഡ് ഓഫ് ദ റിംഗ്സിന്റെ ലോകത്ത് ഒന്നിക്കുംപോലെ; രാമായണയെക്കുറിച്ച് നിർമാതാവ്

ട്രെയിലർ പുറത്തുവന്നതോടെ ഇന്ത്യൻ സിനിമാ ലോകത്തെ ഏറ്റവും വലിയ ചർച്ചാവിഷയമായിരിക്കുകയാണ് 2026-ലെ ദീപാവലി ദിനത്തിൽ തിയേറ്ററുകളിലെത്തുന്ന 'രാമായണം'. രൺബീർ കപൂർ നായകനാകുന്ന ഈ ഇതിഹാസ ചിത്രം അതിന്റെ പ്രഖ്യാപനം മുതൽക്കേ വലിയ ആകാംക്ഷയാണ് പ്രേക്ഷകരിൽ ഉണ്ടാക്കിയിരിക്കുന്നത്. ട്രെയിലർ റിലീസായതിനുപിന്നാലെ ചിത്രത്തേക്കുറിച്ചുള്ള പ്രതീക്ഷകൾ പങ്കുവെച്ചിരിക്കുകയാണ് നിർമാതാവ് നമിത് മൽഹോത്ര. നിതീഷ് തിവാരിയാണ് രാമായണയുടെ സംവിധായകൻ.
ഇത് 'അവതാറും' 'ഗ്ലാഡിയേറ്ററും' 'ലോർഡ് ഓഫ് ദി റിംഗ്സിന്റെ' ലോകത്ത് സന്ധിക്കുന്നതുപോലെയാണെന്ന് നിർമ്മാതാവ് നമിത് മൽഹോത്ര വിശേഷിപ്പിക്കുന്നു. ഇന്ത്യൻ സിനിമയുമായി വലിയ പരിചയമില്ലാത്ത അന്താരാഷ്ട്ര പ്രേക്ഷകർക്ക് പോലും ഹോളിവുഡ് ബ്ലോക്ക്ബസ്റ്ററുകൾക്ക് സമാനമായി ഈ ചിത്രം ആസ്വദിക്കാൻ കഴിയുമെന്ന് അദ്ദേഹം അവകാശപ്പെടുന്നു. അത്യാധുനിക സാങ്കേതികവിദ്യയും ആഴത്തിലുള്ള വൈകാരികമായ കഥപറച്ചിലുമാണ് സിനിമയുടെ പ്രധാന കരുത്തായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. ഇത് കേവലം ഒരു വിനോദ ചിത്രം എന്നതിലുപരി പ്രേക്ഷകരെ ബോധവൽക്കരിക്കാൻകൂടി ലക്ഷ്യമിട്ടുള്ള ഒരു സൃഷ്ടിയാണെന്ന് നിർമാതാവ് വ്യക്തമാക്കുന്നു.
"ദൈവം മനുഷ്യനായി അവതരിച്ച്, മനുഷ്യരെ യഥാർത്ഥത്തിൽ മനസ്സിലാക്കുന്നതിനായി അവരുടെ ജീവിതത്തിലൂടെ കടന്നുപോകുന്നു. അവസാനം അവരുടെ കടമ നിറവേറ്റുന്നു. ഇതെല്ലാം വൈകാരികതയെക്കുറിച്ചാണ്. ത്യാഗത്തിന്റെയും, പ്രതികാരത്തിന്റെയും, നിർവ്വഹണത്തിന്റെയും കീഴടക്കപ്പെടുന്നവരുടെ കഥ. ഇത് നിങ്ങളെ രസിപ്പിക്കുക മാത്രമല്ല, നിങ്ങളെ പ്രബുദ്ധരാക്കുകയും ചെയ്യുന്ന ഒരു കഥയാണ്." മൽഹോത്ര വിശദീകരിച്ചു.
ചിത്രത്തിൽ ശ്രീരാമനായി രൺബീർ കപൂറും രാവണനായി കന്നഡ താരം യഷും വേഷമിടുന്നു. സീതയായി സായ് പല്ലവിയും ദശരഥനായി അരുൺ ഗോവിലും എത്തുമ്പോൾ രവി ദുബെ, വിവേക് ഒബ്‌റോയ് തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിന്റെ ഭാഗമാണ്. രണ്ട് ഭാഗങ്ങളായാണ് ഈ വലിയ ചിത്രം അണിയറയിൽ ഒരുങ്ങുന്നത്; ഇതിന്റെ ആദ്യ ഭാഗം 2026 നവംബർ 8-ന് റിലീസ് ചെയ്യുമ്പോൾ, രണ്ടാം ഭാഗം 2027-ൽ പുറത്തിറങ്ങും. സാൻ ഡീഗോ കോമിക്-കോൺ 2026-ൽ വെച്ചാണ് ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് നടന്നത്.
രാമനും സീതയും തമ്മിലുള്ള വിവാഹം, 14 വർഷത്തെ വനവാസം, സീതയെ തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ നിർണ്ണായക സംഭവങ്ങളെല്ലാം ട്രെയിലറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഹാൻസ് സിമ്മറും എ.ആർ. റഹ്മാനുമാണ് ചിത്രത്തിനായി സംഗീതമൊരുക്കുന്നത്.
Content Highlights: Producer Namit Malhotra described Nitish Tiwari's upcoming epic Ramayana, starring Ranbir Kapoor and Yash, as a spectacle combining the elements of Avatar, Gladiator, and Lord of the Rings while anchored in deep emotional storytelling.