നടനെന്ന നിലയിൽ അവസാന ദശകം; മൂന്ന് വർഷത്തിനുള്ളിൽ സംവിധാനത്തിലേക്കിറങ്ങും-രൺബീർ കപൂർ

#മൂവീസ് ഡെസ്‌ക്
രൺബീർ കപൂർ | Photo: AFP
രൺബീർ കപൂർ | Photo: AFP

സംവിധാന രംഗത്തേക്കിറങ്ങാൻ പദ്ധതിയിടുന്നതായി വെളിപ്പെടുത്തി ബോളിവുഡ് താരം രൺബീർ കപൂർ. നടനെന്ന നിലയിൽ ഇത് തന്റെ അവസാനത്തെ ദശകമാണെന്നും സംവിധാനത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ ആഗ്രഹിക്കുന്നതായും താരം ബി.ബി.സിക്ക് നൽകിയ അഭിമുഖത്തിൽ തുറന്നുപറഞ്ഞു.

കുറച്ചു മാസങ്ങൾക്ക് മുൻപ് ഒരു സ്‌ക്രിപ്റ്റ് എഴുതാൻ ശ്രമം നടത്തിയതായി രൺബീർ പറഞ്ഞു. എന്നാൽ, ശൂന്യതയിൽനിന്ന് കഥ സൃഷ്ടിക്കുക എന്നത് ഏറെ പ്രയാസകരമായ കാര്യമാണെന്ന് മനസ്സിലാക്കിയതായും അദ്ദേഹം പറഞ്ഞു. രചയിതാക്കളോടും ക്രിയേറ്റർമാരോടും തനിക്ക് വലിയ ബഹുമാനം തോന്നിയെന്നും താരം കൂട്ടിച്ചേർത്തു.

സിനിമ നല്ലതോ ചീത്തയോ ആകട്ടെ, ഒരു കഥ പറയാൻ ഒരുപറ്റം ആളുകളെ ഒന്നിച്ചു കൊണ്ടുവരുമ്പോൾ ലഭിക്കുന്ന 'ക്രിയേറ്റീവ് ഹൈ' ആണ് സംവിധാനത്തിലേക്ക് തന്നെ ആകർഷിക്കുന്നതെന്ന് രൺബീർ വ്യക്തമാക്കി. നിർമിക്കാൻ ഉദ്ദേശിക്കുന്ന ചിത്രത്തിന്റെ സ്വഭാവം കൃത്യമായി തീരുമാനിച്ചിട്ടില്ലെങ്കിലും ഒരു 'ഫീൽ ഗുഡ് ഫാമിലി ഡ്രാമ' ആയിരിക്കും അത്. 'ലൈഫ് ഈസ് ബ്യൂട്ടിഫുൾ', 'ഇറ്റ്‌സ് എ വണ്ടർഫുൾ ലൈഫ്', രാജ്കുമാർ ഹിരാനി ചിത്രങ്ങൾ എന്നിവ തനിക്ക് ഇഷ്ടമാണെന്നും രൺബീർ പറഞ്ഞു.

വർഷത്തിൽ 100 മുതൽ 125 ദിവസങ്ങൾ മാത്രമാണ് താൻ അഭിനയത്തിനായി ചെലവഴിക്കുന്നത്. അതിനാൽ എഴുത്തിന് ആവശ്യമായ സമയം ലഭിക്കുന്നുണ്ട്. വരുന്ന ദശകം ഒരു നടനെന്ന നിലയിൽ തന്റെ അവസാനത്തേതായിരിക്കും. ക്രിയേറ്റീവായി പ്രചോദനം ലഭിക്കുന്നത് തുടരുകയാണെങ്കിൽ അഭിനയം തീർത്തും ഉപേക്ഷിക്കില്ലെന്നും വ്യക്തമാക്കി. പ്രേക്ഷകർക്ക് മടുക്കുമെന്നോ തനിക്ക് വയസ്സായെന്നോ കരുതിയല്ല അഭിനയത്തിൽനിന്ന് വിട്ടുനിൽക്കാൻ ഉദ്ദേശിക്കുന്നതെന്നും താരം കൂട്ടിച്ചേർത്തു.

സംവിധാനത്തിലേക്ക് തിരിയുന്നതിന് മുൻപ്, നേരത്തെ കരാറൊപ്പിട്ട ചിത്രങ്ങൾ പൂർത്തിയാക്കാനാണ് രൺബീറിന്റെ തീരുമാനം. സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിനയിക്കില്ലെന്നും നടൻ പറഞ്ഞു. 'ബ്രഹ്മാസ്ത്ര 2', 'ആനിമൽ 2', 'രാമായണം: പാർട്ട് 2' എന്നിവയാണ് ഇതിൽ പ്രധാനം. ആലിയ ഭട്ട്, വിക്കി കൗശൽ എന്നിവർക്കൊപ്പം സഞ്ജയ് ലീലാ ബൻസാലി സംവിധാനം ചെയ്യുന്ന 'ലവ് ആൻഡ് വാർ' ആണ് അദ്ദേഹത്തിന്റെ അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. നിതേഷ് തിവാരിയുടെ 'രാമായണം: പാർട്ട് 1'-ൽ ശ്രീരാമന്റെ വേഷത്തിലാണ് രൺബീർ എത്തുന്നത്.

Content Highlights: Bollywood actor Ranbir Kapoor revealed his plans to step into film direction within the next 2-3 years. In a BBC interview, Ranbir stated that this decade might be his last as a full-time actor. He shared that he wants to direct a "feel-good family drama" inspired by films like 'Life is Beautiful' and Rajkumar Hirani's works. Ranbir clarified he will complete his prior acting commitments including 'Brahmastra 2', 'Animal 2', and 'Ramayana Part 2' before directing. He will not act in the movie he directs, choosing to focus solely on the directorial role.