രൺബീർ കപൂറിനെയും ബിഷ്ണോയ് സംഘം ലക്ഷ്യമിട്ടു; വസതിയിൽ അക്രമിസംഘം നിരീക്ഷണം നടത്തി

മുംബൈ: ബോളിവുഡ് താരം ടൈഗർ ഷ്റോഫിന്റെ കാറിനുനേരേ വെടിവെച്ചവർ നടൻ രൺബീർ കപൂറിനെയും ലക്ഷ്യംവെച്ചതായി വിവരം. രൺബീർ കപൂറിന്റെ ബാന്ദ്രയിലെ വസതിയിലും സംഘം നിരീക്ഷണം നടത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് പുതിയ വിവരങ്ങൾ പുറത്തുവന്നത്.
മുംബൈയിൽ എത്തിയ പ്രതികൾ ആദ്യം സൽമാൻ ഖാനെ ലക്ഷ്യമിട്ടിരുന്നെന്നും എന്നാൽ, അദ്ദേഹത്തിന്റെ വസതിക്കുപുറത്ത് പോലീസ് കാവൽ ശക്തമാണെന്ന് കണ്ടതിനെത്തുടർന്ന് ആ പദ്ധതി ഉപേക്ഷിക്കുകയായിരുന്നെന്നും പോലീസ് വ്യക്തമാക്കി. ടൈഗർ ഷ്റോഫ് ഞായറാഴ്ചകളിൽ ജുഹുവിലെ ഫുട്ബോൾ ഗ്രൗണ്ടിൽ എത്താറുണ്ടെന്നും അവിടെ സുരക്ഷ കുറവാണെന്നും സാമൂഹികമാധ്യമങ്ങളിൽനിന്ന് മനസ്സിലാക്കിയാണ് പ്രതികൾ അദ്ദേഹത്തെ ലക്ഷ്യമിട്ടതെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. മൂന്നുപ്രതികൾ ടൈഗർ ഷ്റോഫിന്റെ കാറിനുനേരേ വെടിവെച്ചത് ലോറൻസ് ബിഷ്ണോയ് സംഘത്തിലെ അനീഷ് പണ്ഡിറ്റിന്റെ നിർദേശപ്രകാരമാണെന്ന് മുംബൈ ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.
രാജസ്ഥാനിലെ കോട്ടയിൽനിന്ന് പിടികൂടി മുംബൈയിലെത്തിച്ച റെഹാൻ എന്ന സുകു, റിതിക് കുർമി എന്ന റോഷൻ, ഫൂൽ സിങ് എന്നീ മൂന്ന് പ്രതികളെയും ഒക്ടോബർ 31 വരെ പോലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ആക്രമണത്തിന് ഉപയോഗിച്ച തോക്കുകൾ കണ്ടെത്തേണ്ടതുണ്ടെന്നും ഡിജിറ്റൽ തെളിവുകൾ വീണ്ടെടുക്കേണ്ടതുണ്ടെന്നും പോലീസ് കോടതിയിൽ വ്യക്തമാക്കി. പ്രതികളുടെ രണ്ട് മൊബൈൽഫോണുകൾ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. സി.സി.ടി.വി. ദൃശ്യങ്ങളുടെയും ആക്രമണത്തിന് ഉപയോഗിച്ച മോട്ടോർസൈക്കിളിന്റെയും അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്.
Content Highlights: Mumbai Police reveals the Bishnoi gang targeted actor Ranbir Kapoor and spied on his Bandra residence. Attackers initially planned to target Salman Khan but abandoned it due to heavy police security outside his home. The suspects targeted Tiger Shroff after gathering information from social media about his Sunday football practice in Juhu. Three suspects—Rehan (Suku), Rithik Kurmi (Roshan), and Phool Singh—were arrested in Kota, Rajasthan, and remanded to police custody until October 31. Attack was executed under the instructions of Aneesh Pandit from the Lawrence Bishnoi gang, according to the Mumbai Crime Branch.