ആസിഫിനെ അപമാനിച്ചിട്ടില്ല, മാപ്പ് പറയാന്‍ തയ്യാറാണ്; വിശദീകരണവുമായി രമേഷ് നാരായണന്

നടന്‍ ആസിഫ് അലിയെ അപമാനിച്ചെന്ന് ആരോപിച്ച് സംഗീതസംവിധായകന്‍ പണ്ഡിറ്റ് രമേശ് നാരായണനെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത പ്രതിഷേധം ഉയരുകയാണ്. എം ടി വാസുദേവന്‍ നായരുടെ ഒന്‍പത് കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചലച്ചിത്ര സമാഹാരമായ 'മനോരഥങ്ങളു'ടെ ട്രെയ്ലര്‍ ലോഞ്ച് ചടങ്ങിനിടെയായിരുന്നു സംഭവം. പരിപാടിയില്‍ പങ്കെടുത്ത രമേശ് നാരായണന് പുരസ്‌കാരം സമ്മാനിക്കാന്‍ സംഘാടകര്‍ ആസിഫ് അലിയെയായിരുന്നു ക്ഷണിച്ചത്. എന്നാല്‍ ആസിഫ് അലിയില്‍നിന്ന് രമേശ് നാരായണന് പുരസ്‌കാരം സ്വീകരിച്ചില്ലെന്നാണ് ആരോപണം. സംവിധായകന്‍ ജയരാജിനെ വിളിച്ചുവരുത്തി ആസിഫിന്റെ കൈയില്‍നിന്ന് പുരസ്‌കാരമെടുത്ത് ജയരാജിനു കൈമാറി. തുടര്‍ന്ന് ജയരാജ് രമേഷ് നാരായണന് പുരസ്‌കാരം നല്‍കുകയായിരുന്നു. സംഭവത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് രമേഷ് നാരായണന്‍.
രമേഷ് നാരായണന്റെ വാക്കുകള്‍
ജയരാജ് സംവിധാനം ചെയ്ത ചിത്രത്തിനു സംഗീതമൊരുക്കിയത് ഞാനാണ്. ട്രെയ്‌ലര്‍ ലോഞ്ചിന് വേദിയിലേക്കു ക്ഷണിക്കാതിരുന്നത് ചെറിയ വേദനയുണ്ടാക്കി. അതിനുശേഷം. തിരുവനന്തപുരത്തേക്ക് പോരേണ്ടതിനാല്‍ യാത്ര പറയുകയും വേദിയിലേക്കു ക്ഷണിക്കാത്തതിലെ വിഷമം അശ്വതിയെ അറിയിക്കുകയും ചെയ്തു.
ആസിഫ് അലിയെ ഞാന്‍ അപമാനിച്ചിട്ടില്ല. നിങ്ങള്‍ക്ക് അങ്ങനെ തോന്നിയെങ്കില്‍ ക്ഷമ ചോദിക്കുന്നു. ആസിഫ് അലിയാണ് തരുന്നത് എന്ന് എനിക്കറിയില്ലായിരുന്നു. അനൗൺസ്‌മെന്റ് ഞാന്‍ കേട്ടില്ല. ജയരാജാണ് എന്നെ സിനിമയിലേക്ക് എന്നെ ക്ഷണിച്ചത്. പക്ഷേ വേദിയില്‍ എല്ലാ സംവിധായകരെയും ക്ഷണിച്ചപ്പോള്‍ എന്നെയും വിളിച്ചില്ല. അതൊരു വിഷമമുണ്ടാക്കി.
ആസിഫ് മൊമന്റോ തരാനാണ് ഓടിവന്നത് എനിക്കറിയില്ല. എനിക്ക് വലിപ്പച്ചെറുപ്പമില്ല. ഞാന്‍ വേദിയിലായിരുന്നില്ല നിന്നത്. വേദിയിലാണെങ്കില്‍ എനിക്ക് ഒരാള്‍ വരുന്നത് മനസ്സിലാകുമായിരുന്നു. ഞാന്‍ നിന്നത് താഴെയായിരുന്നു. അപമാനിക്കുകയോ വിവേചനം കാണിക്കുകയോ ചെയ്തിട്ടില്ല. ഞാന്‍ ഇപ്പോഴും ചെറിയ ആളാണ്. ഞാന്‍ ഒന്നുമല്ല. എന്റെ പേരില്‍ തെറ്റിദ്ധാരണ വന്നതില്‍ മാപ്പ്. ആസിഫ് എന്റെ പ്രിയപ്പെട്ട നടന്‍മാരില്‍ ഒരാളാണ്. ഞാന്‍ ആസിഫിനെ വിളിക്കാനിരിക്കുകയാണ്. തെറ്റുപറ്റിയെങ്കില്‍ മാപ്പ് ചോദിക്കും. എനിക്ക് മാപ്പ് ചോദിക്കാന്‍ യാതൊരു മടിയുമില്ല. വസ്തുത ഇതായിരിക്കെ കാര്യങ്ങള്‍ മനസിലാക്കാതെയുള്ള സൈബര്‍ ആക്രമണത്തില്‍ വിഷമമുണ്ട്. ഒരു മനുഷ്യനെ അപമാനിക്കാന്‍ എനിക്ക് പറ്റില്ല.
എം.ടി വാസുദേവന്‍ സാറിന്റെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കുക എന്നത് വലിയ അംഗീകരമാണ്. എന്നെ ഒരുപാട് സ്വാധീനിച്ച വ്യക്തിയാണദ്ദേഹം. അതുകൊണ്ടാണ് ഞാന്‍ പോയത്. ഞാനൊരു മൊമന്റോ പ്രതീക്ഷിച്ചല്ല പോയത്.
Content Highlights: ramesh narayanan responses to controversy, He will not disrespect asif ali, says music director