ആസിഫിന് കെെകൊടുത്ത് ദുർഗ, എംടിയെ മാറോടണച്ച് മമ്മൂട്ടി; രമേശ് നാരായണനോട് കണ്ടുപഠിക്കാൻ സോഷ്യൽ മീഡിയ

എം.ടിക്കൊപ്പം മമ്മൂട്ടി, ആസിഫ് അലിക്ക് ഹസ്തദാനം നൽകുന്ന ദുർഗ കൃഷ്ണ | photo: tk pradeep kumar/mathrubhumi, screengrab
എം.ടിക്കൊപ്പം മമ്മൂട്ടി, ആസിഫ് അലിക്ക് ഹസ്തദാനം നൽകുന്ന ദുർഗ കൃഷ്ണ | photo: tk pradeep kumar/mathrubhumi, screengrab

നടൻ ആസിഫ് അലിയെ അപമാനിച്ചെന്ന് ആരോപിച്ച് സംഗീതസംവിധായകൻ പണ്ഡിറ്റ് രമേശ് നാരായണനെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത പ്രതിഷേധം തുടരുകയാണ്. സംഭവത്തിൽ ആസിഫ് അലിയെ പിന്തുണച്ചുകൊണ്ട് കൂടുതൽ താരങ്ങളും രാഷ്ട്രീയപ്രവർത്തകരുമെല്ലാം എത്തുകയാണ്. 

എം.ടി. വാസുദേവൻ നായരുടെ ഒൻപത് കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചലച്ചിത്ര സമാഹാരമായ 'മനോരഥങ്ങളു'ടെ ട്രെയ്‌ലർ ലോഞ്ച് ചടങ്ങിനിടെയായിരുന്നു സംഭവം. പരിപാടിയിൽ പങ്കെടുത്ത രമേശ് നാരായണന് പുരസ്‌കാരം സമ്മാനിക്കാൻ സംഘാടകർ ആസിഫ് അലിയെയായിരുന്നു ക്ഷണിച്ചത്. എന്നാൽ, ആസിഫ് അലിയിൽനിന്ന് രമേശ് നാരായണൻ പുരസ്‌കാരം സ്വീകരിച്ചില്ലെന്നാണ് ആരോപണം. 

സംഭവത്തിന് പിന്നാലെ അതേ പരിപാടിയിൽ നിന്നുള്ള മറ്റ് രണ്ടു ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. എം.ടിയെ നെഞ്ചോട് ചേർത്തുപിടിച്ച മമ്മൂട്ടിയുടേതാണ് ഒന്ന്. ഒരാളോട് എങ്ങനെ പെരുമാറണമെന്നും സ്നേഹത്തോടെയുള്ള പെരുമാറ്റം എന്താണെന്നും മമ്മൂട്ടിയെ കണ്ടുപഠിക്കണമെന്നും സോഷ്യൽ മീഡിയയിൽ ആളുകൾ കുറിച്ചു. ​‘ഗുരു-ശിഷ്യ ബന്ധം​‘ എന്നും ചിലർ കുറിച്ചു. 

വിവാദസംഭവത്തിനു ശേഷം ആസിഫ് അലിയുടെ അരികിലേയ്ക്ക് ചെന്ന് ദുർഗ്ഗ കൃഷ്ണ ഹസ്തദാനം നൽകുന്ന ചിത്രമാണ് രണ്ടാമത്തേത്. അപമാനിതനായി ഇരിക്കുന്ന സമയത്ത് ആസിഫ് അലിയ്ക്ക് ഹസ്തദാനം നൽകിയ ദുർ​ഗയുടെ പ്രവൃത്തിയെയും പ്രശംസിക്കുകയാണ് സോഷ്യൽ മീഡിയ. ആസിഫ് അലി സീറ്റിൽ വന്നിരുന്നതിന് ശേഷമാണ് ദുർഗ കൃഷ്ണ താരത്തിനും പിന്നാലെ ഇന്ദ്രജിത്തിനും ഹസ്തദാനം നൽകിയത്.   

അതേസമയം, സംഭവത്തിൽ വിശദീകരണവുമായി രമേശ് നാരായണനും എത്തി. ആസിഫ് അലിയെ അപമാനിച്ചിട്ടില്ലെന്നും അങ്ങനെ തോന്നിയെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും രമേശ് നാരായണൻ പറഞ്ഞു.
 

Content Highlights: ramesh narayanan asif ali controversy award ceremony spcial media reacts