'പെദ്ധി' ചിത്രീകരണത്തിനിടെ പരിക്ക്; രാം ചരണിന് കൈക്കുഴയ്ക്ക് ശസ്ത്രക്രിയ, താരം വിശ്രമത്തിൽ

തെലുങ്ക് നടൻ രാം ചരൺ ശസ്ത്രക്രിയയ്ക്ക് വിധേയനായി. താരത്തിന്റെ വലതുകൈക്കുഴയിലാണ് പരിക്ക്. കോയമ്പത്തൂരിലെ ഗംഗാ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ നടത്തിയത്. നിലവിൽ വിശ്രമത്തിൽ കഴിയുന്ന താരം സുഖം പ്രാപിച്ചുവരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.
ഒടുവിലിറങ്ങിയ 'പെദ്ധി'യുടെ ചിത്രീകരണത്തിനിടെ രാം ചരണിന് കൈക്കുഴയ്ക്ക് പരിക്കേറ്റിരുന്നു. പിന്നീട് പരിക്ക് ഗുരുതരമായതിനെ തുടർന്നാണ് അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. പിതാവും പ്രമുഖ നടനുമായ ചിരഞ്ജീവി, മാതാവ് സുരേഖ, ഭാര്യ ഉപാസന കൊണിഡെല എന്നിവരും ചികിത്സയിലുടനീളം ആശുപത്രിയിലുണ്ടായിരുന്നു.
ഗംഗാ ആശുപത്രി ചെയർമാൻ ഡോ. എസ്. രാജശേഖരന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. പരിക്കിന്റെ സങ്കീർണ്ണത കണക്കിലെടുത്ത് മിയാമിയിൽനിന്നുള്ള ഹാൻഡ് ആൻഡ് റിസ്റ്റ് സ്‌പെഷ്യലിസ്റ്റ് ഡോ. അലജാൻഡ്രോ ബാഡിയയും ശസ്ത്രക്രിയാ സംഘത്തിൽ പങ്കാളിയായി. ഡോ. പ്രവീൺ ഭരദ്വാജ് ഉൾപ്പെടെയുള്ള വിദഗ്ധ ഡോക്ടർമാരും സംഘത്തിലുണ്ടായിരുന്നു.
ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും പൂർണ്ണമായി ആരോഗ്യം വീണ്ടെടുക്കുന്നതിനായി പ്രത്യേക പരിചരണം നിർദ്ദേശിച്ചിട്ടുണ്ടെന്നും വൈദ്യസംഘം വ്യക്തമാക്കി. ഏതാനും ആഴ്ചത്തെ വിശ്രമത്തിന് ശേഷം ഡോക്ടർമാരുടെ അനുമതി ലഭിച്ചാൽ മാത്രമേ സിനിമ ചിത്രീകരണത്തിലേക്ക് മടങ്ങിയെത്തുകയുള്ളൂ.
സുകുമാർ സംവിധാനം ചെയ്യുന്ന 'ആർസി 17' എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രമാണ് രാം ചരണിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. ആരോഗ്യം വീണ്ടെടുത്ത ശേഷം ചിത്രീകരണം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിരക്കഥ പൂർത്തിയായതായും പ്രീ- പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
Content Highlights: Telugu superstar Ram Charan has successfully undergone right-wrist surgery at Ganga Hospital in Coimbatore. The actor sustained a wrist injury during the shoot of his recently released or upcoming film 'Peddi', which later worsened and required surgical intervention. A panel of medical experts, led by Ganga Hospital Chairman Dr. S. Rajasekharan and Miami-based specialist Dr. Alejandro Badia, performed the procedure. His parents Chiranjeevi and Surekha, along with his wife Upasana Konidela, remained by his side throughout the treatment. Doctors have advised a few weeks of complete rest before Ram Charan can resume shooting for his next project, tentatively titled 'RC 17' directed by Sukumar.