80 കിലോ ഡെഡ്‌ലിഫ്റ്റ് ചെയ്തു, പുറംവേദനിച്ച് രാകുല്‍ പ്രീത് വിശ്രമത്തില്‍

Photo | x.com/3acesindianews
Photo | x.com/3acesindianews

ബോളിവുഡിലും തെന്നിന്ത്യയിലും ഒരുപാട് ആരാധകരുള്ള നടിയാണ് രാകുല്‍ പ്രീത് സിങ്. 2009-ല്‍ ഗില്ലി എന്ന കന്നഡ ചിത്രത്തിലൂടെ അരങ്ങേറിയ താരം 2011-ല്‍ മിസ് ഇന്ത്യ മത്സരത്തില്‍ പങ്കെടുത്തു. പിന്നീട് നിരവധി തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളുടെ ഭാഗമായി. വര്‍ക്കൗട്ടിനിടെ അധികഭാരമെടുത്തതിന്റെ പേരില്‍ പണി കിട്ടിയിരിക്കുകയാണിപ്പോള്‍ രാകുലിന്.ഒക്ടോബര്‍ അഞ്ചിനായിരുന്നു സംഭവം.  സപ്പോര്‍ട്ടീവ് ബെല്‍റ്റില്ലാതെ 80 കിലോഗ്രാം ഡെഡ്‌ലിഫ്റ്റ് ചെയ്തതാണ് കാരണം. കഠിനമായ ബാക്ക് പെയിന്‍ അനുഭവിക്കുകയാണ് താരമെന്നാണ് ഐ.എ.എന്‍.എസ്. റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതുകാരണം കുറച്ചുദിവസമായി വിശ്രമത്തില്‍ കഴിയുകയാണ്.

തുടക്കത്തില്‍തന്നെ വേദന അനുഭവപ്പെട്ടിരുന്നെങ്കിലും ഗൗനിക്കാതെ വ്യായാമം തുടരുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ഇത് സ്ഥിതി കൂടുതല്‍ വഷളാക്കി. അതേസമയം വേദനയിലും രാകുല്‍ സിനിമാ ഷൂട്ടിങ് മുടക്കിയില്ല. ദേ ദേ പ്യാര്‍ ദേ-2 എന്നതാണ് രാകുലിന്റെ അടുത്തതായി പുറത്തിറങ്ങാനുള്ള ചിത്രം. ചിത്രത്തിനായി വേദന സഹിച്ചും താരം ഷൂട്ടിങ്ങിനെത്തി. തുടര്‍ന്നും വേദന കടുത്തതോടെ വൈദ്യസഹായം തേടുകയായിരുന്നു. 

ഒക്ടോബര്‍ പത്തിന് രാകുലിന്റെ ജന്മദിനമായിരുന്നു. ജന്മദിനാഘോഷ പരിപാടികള്‍ക്ക് തൊട്ടുമുന്നേ വേദന കടുത്തു. എല്‍.4, എല്‍.5, എസ്.1 നാഡികളുടെ പ്രവര്‍ത്തനം സ്തംഭിച്ചു. പിന്നാലെ രക്തസമ്മര്‍ദം കുറയുകയും വിയര്‍ക്കുകയും ചെയ്‌തോടെ ഉടന്‍ വിശ്രമമെടുക്കുകയായിരുന്നു. നിലവില്‍ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നുണ്ട്.
 

Content Highlights: rakul preet singh suffers back injury during 80 kg deadlift