‘സിനിമയിൽ 30 വർഷം പിടിച്ചുനിന്നത് വിദ്യാഭ്യാസമില്ലാതെയല്ല’; പ്രിയദർശന് രാജ്പാൽ യാദവിന്റെ മറുപടി

തനിക്ക് വിദ്യാഭ്യാസക്കുറവാണെന്ന സംവിധായകൻ പ്രിയദർശന്റെ പരാമർശത്തിന് മറുപടിയുമായി നടൻ രാജ്പാൽ യാദവ്. പ്രിയദർശന്റെ നിരീക്ഷണങ്ങൾ തെറ്റായ ധാരണകളിൽ നിന്നുള്ളതാണെന്നും വസ്തുതകൾ മനസ്സിലാക്കാതെയാണ് അദ്ദേഹം സംസാരിക്കുന്നതെന്നും ഇന്ത്യൻ എക്സ് പ്രസിന് നൽകിയ അഭിമുഖത്തിൽ രാജ്പാൽ യാദവ് പറഞ്ഞു.
ചെക്ക് കേസിൽ ജയിൽവാസം അനുഭവിച്ച രാജ്പാൽ യാദവിനെക്കുറിച്ച് പ്രിയദർശൻ നടത്തിയ പരാമാർശമാണ് ചർച്ചകൾക്ക് തുടക്കമിട്ടത്. രാജ്പാൽ യാദവ് നല്ലൊരു മനുഷ്യനാണെന്നും എന്നാൽ വിദ്യാഭ്യാസമില്ലാത്തതുകൊണ്ട് പറ്റിയ അബദ്ധമാണ് ഈ കേസുകൾ എന്നുമായിരുന്നു പ്രിയദർശന്റെ അഭിപ്രായം.
രാജ്പാൽ ഒരു പാവം മനുഷ്യൻ, ഇത് അറിവില്ലായ്മകൊണ്ട് സംഭവിച്ച അബദ്ധം -പ്രിയദർശൻ
പ്രിയദർശൻ്റെ പേര് എടുത്ത് പറഞ്ഞായിരുന്നു രാജ്പാൽ പ്രതികരിച്ചത്. ‘വിദ്യാഭ്യാസക്കുറവ് കൊണ്ടാണ് എനിക്ക് പിഴവ് പറ്റിയതെന്ന് പറയുന്നത് ശരിയല്ല. സിനിമയിലെ വലിയ വ്യക്തികൾ പോലും എപ്പോഴെങ്കിലും പ്രതിസന്ധികളിൽ അകപ്പെടാറുണ്ട്. അതിന് വിദ്യാഭ്യാസവുമായി ബന്ധമില്ല’- രാജ്പാൽ യാദവ് വ്യക്തമാക്കി. പതിനൊന്നാം വയസ്സുമുതൽ അധ്വാനിക്കുന്ന വ്യക്തിയാണ് താനെന്നും ശരിയായ വിദ്യാഭ്യാസമില്ലാത്ത ഒരാളായിരുന്നെങ്കിൽ ഈ ഇൻഡസ്ട്രിയിൽ 30 വർഷം പിടിച്ചുനിൽക്കാൻ കഴിയില്ലായിരുന്നെന്നും രാജ്പാൽ പ്രതികരിച്ചു.
‘രാം ഗോപാൽ വർമ്മ, ഡേവിഡ് ധവാൻ, പ്രിയദർശൻ എന്നിവർ ഞാൻ ഏറെ ബഹുമാനിക്കുന്നവരാണ്. പ്രിയൻ സാറിന് ഞാൻ ഒരു മകനെപ്പോലെയാണ്. എങ്കിലും കാര്യങ്ങൾ പൂർണ്ണമായി അറിയാതെ മുൻവിധിയോടെ സംസാരിക്കുന്നത് ശരിയല്ല’- അദ്ദേഹം പറഞ്ഞു.
സഹതാപം വേണ്ടെന്ന് താരം
തനിക്ക് സിനിമയിൽ അവസരങ്ങൾ നൽകി സഹായിക്കാമെന്ന സോനു സൂദിന്റെ വാക്കുകളോടും താരം വിയോജിച്ചു. ജോലി ചോദിക്കുന്നതിൽ മടിയൊന്നുമില്ല, പക്ഷേ സിനിമ തന്റെ പാഷനാണെന്നും തനിക്ക് ഇപ്പോഴും സിനിമകൾക്ക് കുറവില്ലെന്നും രാജ്പാൽ യാദവ് പറഞ്ഞു.
പ്രിയദർശന്റെ പുതിയ ചിത്രമായ 'ഭൂത് ബംഗ്ല'യിൽ രാജ്പാൽ യാദവ് അഭിനയിക്കുന്നുണ്ട്. കൂടാതെ 'വെൽക്കം ടു ദി ജംഗിൾ' ഉൾപ്പെടെയുള്ള സിനിമകളും പുതിയ വെബ് സീരീസുകളും താരത്തിന്റേതായി വരാനുണ്ട്.
Content Highlights: Rajpal Yadav responds to director Priyadarshan's comments about his legal troubles.