ബോക്സോഫീസിൽ ചിരഞ്ജീവിയെ വീഴ്ത്തി രജനിയുടെ 'ജയിലർ'; തകർച്ചയിലും ഹിന്ദി റിലീസിനൊരുങ്ങി 'ഭോലാ ശങ്കർ'

ഭോലാ ശങ്കർ, ജയിലർ പോസ്റ്റർ
ഭോലാ ശങ്കർ, ജയിലർ പോസ്റ്റർ

ചിരഞ്ജീവി നായകനായെത്തിയ പുതിയ ചിത്രം ഭോലാ ശങ്കർ ആന്ധ്രയിലേയും തെലങ്കാനയിലേയും ബോക്സോഫീസിൽ തകരുന്നതായി റിപ്പോർട്ടുകൾ. നെ​ഗറ്റീവ് പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. രജനികാന്ത് നായകനായെത്തിയ ജയിലർ ആന്ധ്രയിലേയും തെലങ്കാനയിലേയും കളക്ഷനിൽ ഭോലാ ശങ്കറിനെ പിന്നിലാക്കിയിരിക്കുകയാണ്. 

ആദ്യ നാല് ദിനങ്ങൾ കൊണ്ട് 32 കോടി രൂപയാണ് ജയിലർ ആന്ധ്രയിൽ നിന്നും തെലങ്കാനയിൽ നിന്നുമായി നേടിയിരിക്കുന്നത്. ചിരഞ്ജീവിയുടെ ഭോലാ ശങ്കർ 25.22 കോടി നാല് ദിവസങ്ങൾ കൊണ്ട് നേടിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതുവരെ ആ​ഗോളതലത്തിൽ മുന്നൂറ് കോടിയിലധികമാണ് ജയിലർ സ്വന്തമാക്കിയത്. ഇന്ത്യയിൽ നിന്ന് മാത്രം 150 കോടി ചിത്രം സ്വന്തമാക്കിക്കഴിഞ്ഞു. 

നെ​ഗറ്റീവ് റിവ്യൂകൾക്കിടയിലും 'ഭോലാ ശങ്കർ' ചിത്രത്തിന്റെ ഹിന്ദി ഡബ്ബ് വേർഷൻ റിലീസിന് ഒരുങ്ങുകയാണ്. ഓ​ഗസ്റ്റ് 25-നാണ് ഹിന്ദി പതിപ്പിന്റെ റിലീസ്. ഓ​ഗസ്റ്റ് 11-നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. അജിത് നായകനായെത്തിയ സൂപ്പർഹിറ്റ് തമിഴ് ചിത്രം വേതാളത്തിന്റെ തെലുങ്ക് റീമേയ്ക്കാണ് ചിരഞ്ജീവി നായകനാകുന്ന ഭോലാ ശങ്കർ. മെഹർ രമേഷാണ് ചിത്രം സംവിധാനം ചെയ്തത്.

തമന്നയാണ് ചിത്രത്തിൽ ചിരഞ്ജീവിയുടെ നായികയായെത്തുന്നത്. കീർത്തി സുരേഷ് സഹോദരിയായും വേഷമിടുന്നു. ഡൂഡ്‍ലി ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. രഘു ബാബു, റാവു രമേശ്, മുരളി ശർമ, വെണ്ണല കിഷോർ, തുളസി, പ്ര​ഗതി തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. 

സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ജയിലർ നിർമിച്ചത്. ആദ്യമായി മോഹൻലാൽ രജനികാന്തിനൊപ്പം അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. രജനിയുടെ 169-ാം ചിത്രം കൂടിയാണ് ജയിലർ. മുത്തുവേൽ പാണ്ഡ്യൻ എന്ന ജയിലറുടെ വേഷത്തിലാണ് രജനി എത്തുന്നത്. 
 

Content Highlights: Rajinikanth's 'Jailer' beats Chiranjeevi's 'Bholaa Shankar' in Andhra Pradesh Telangana collection