അനിരുദ്ധ്-കാവ്യ മാരൻ വിവാഹം തൂക്കി തലൈവർ; ആഘോഷത്തിൽ പാട്ടിന് ചുവടുവെക്കുന്ന വീഡിയോ പുറത്ത്

സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറിന്റെയും ഐ.പി.എൽ. ടീമായ സൺ റൈസേഴ്സ് ഹൈദരാബാദ് ഉടമ കാവ്യ മാരന്റെയും വിവാഹാഘോഷത്തിൽ സൂപ്പർതാരം രജനീകാന്ത് നൃത്തംചെയ്യുന്ന വീഡിയോ വൈറൽ. ഗ്രീസിൽ നടന്ന വിവാഹച്ചടങ്ങുകൾക്കിടെ, അനിരുദ്ധ് സംഗീതം നൽകിയ ഹിറ്റ് ഗാനങ്ങൾക്ക് രജനീകാന്ത് ചുവടുവെക്കുന്ന വീഡിയോയാണ് പുറത്തുവന്നത്.
'പേട്ട'യിലെ 'മരണ മാസ്', 'വേട്ടയ്യൻ' എന്ന ചിത്രത്തിലെ 'മനസിലായോ' എന്നീ ഗാനങ്ങൾക്ക് താരം ആവേശത്തോടെ നൃത്തം ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. ചടങ്ങിൽ പങ്കെടുത്തവരിലൊരാൾ പകർത്തിയ ദൃശ്യങ്ങളായി വ്യാപകമായി പ്രചരിക്കുന്നത്.
ഇരു കുടുംബങ്ങളിലെയും അംഗങ്ങൾക്ക് നടുവിലായാണ് രജനീകാന്ത് നൃത്തംചെയ്യുന്നത്. സൺ ഗ്രൂപ്പ് ചെയർമാൻ കലാനിധി മാരൻ, അനിരുദ്ധിന്റെ പിതാവ് രവി രാഘവേന്ദ്ര എന്നിവരും ദൃശ്യങ്ങളിലുണ്ട്. രജനീകാന്തിന്റെ ഒരുവശത്ത് മകൾ സൗന്ദര്യയെയും മറ്റൊരുവശത്ത് നവദമ്പതികളായ അനിരുദ്ധിനെയും കാവ്യയെയും കാണാം.
ബുധനാഴ്ച ഗ്രീസിലായിരുന്നു അനിരുദ്ധിന്റെയും കാവ്യ മാരന്റെയും വിവാഹം. രണ്ടുദിവസമായാണ് ചടങ്ങുകൾ നടന്നത്. അടുത്ത ബന്ധുക്കളും തിരഞ്ഞെടുത്ത അതിഥികളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
ഭാര്യ ലതയ്ക്കും മകൾ ഐശ്വര്യയ്ക്കുമൊപ്പമാണ് രജനീകാന്ത് ഗ്രീസിലെത്തിയത്. തമിഴ്നാട് മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ എന്നിവരും ചടങ്ങിൽ അതിഥികളായിരുന്നു.
21-ന് ചെന്നൈയിലെ ഐ.ടി.സി. ഗ്രാൻഡ് ചോളയിൽ വിവാഹസത്കാരം നടക്കും. സിനിമ-രാഷ്ട്രീയ-ബിസിനസ് മേഖലകളിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.
Content Highlights: A viral video shows superstar Rajinikanth dancing enthusiastically at composer Anirudh Ravichander and Kavya Maran's wedding in Greece. Rajinikanth grooved to Anirudh's hit tracks 'Marana Mass' from Petta and 'Manasilaayo' from Vettaiyan surrounded by family members. The two-day wedding ceremony in Greece was attended by close family, Kalanithi Maran, Ravi Raghavendra, M.K. Stalin, and Udhayanidhi Stalin. Rajinikanth attended the celebrations accompanied by his wife Latha and daughters Aishwarya and Soundarya. A grand wedding reception is scheduled to be held at ITC Grand Chola in Chennai on the 21st.