ട്രോളി ബാഗുമായി ഗിന്നസ് പക്രുവിന്റെ പോസ്റ്റ്; കെ.പി.എമ്മിലല്ലല്ലോ എന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ട്രോളി ബാഗ് കുഴല്‍പ്പണ വിവാദം കത്തി നില്‍ക്കുന്നതിനിടെ സോഷ്യല്‍ മീഡിയയില്‍ നടന്‍ ഗിന്നസ് പക്രു ഇട്ട ഒരു പോസ്റ്റ് വൈറലായിരിക്കുകയാണ്. നൈസ് ഡേ എന്നെഴുതിയ അടിക്കുറിപ്പോടൊപ്പം ട്രോളി ബാഗുമായി നില്‍ക്കുന്ന പോസ്റ്റാണ് നടന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന് താഴെ പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പടെയുള്ളവര്‍ കമന്റ് ചെയ്തിട്ടുണ്ട്.
കെ.പി.എമ്മില്‍ അല്ലല്ലോ എന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ കമന്റ് ചെയ്തത്. മറ്റനേകം പേരും പോസ്റ്റിനെ അനുകൂലിച്ചും എതിര്‍ത്തുമെല്ലാം കമന്റ് ചെയ്യുന്നുണ്ട്. പക്രുവും ട്രോളി തുടങ്ങിയോ എന്നും കറുപ്പല്ല നീല ട്രോളിയാണെന്നുമെല്ലാമാണ് ചിലരുടെ കമന്റ്. ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും അനുകൂലിക്കുന്നവര്‍ കമന്റു ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം അര്‍ധരാത്രി കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ചിരുന്ന പാലക്കാട്ടെ കെ.പി.എം ഹോട്ടലില്‍ കള്ളപ്പണ ഇടപാടുകള്‍ നടക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് റെയ്ഡ് നടത്തിയിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നീല ട്രോളി ബാഗിലാണ് കള്ളപ്പണം കൊണ്ടുവന്നതെന്നായിരുന്നു പിന്നീടുണ്ടായ ആരോപണം. പിന്നാലെ നീല ട്രോളി ബാഗുമായി രാഹുല്‍ വാര്‍ത്താ സമ്മേളനവും നടത്തിയിരുന്നു.
Content Highlights: rahul mamkootathil reply to guinness pakru facebook post