‘കേരള സ്റ്റോറി 2’ കാണാനാളില്ല, തിയേറ്ററുകൾ ഒഴിഞ്ഞുകിടക്കുന്നു- സന്തോഷമെന്ന്‌ രാഹുൽ ഗാന്ധി

#Movies Desk
രാഹുല്‍ ഗാന്ധി, 'ദ കേരള സ്റ്റോറി ഗോസ് ബിയോണ്ട്' പോസ്റ്റര്‍ | Photo: Screen grab/YouTube: Rahul Gandhi, X/ Sunshine Pictures
രാഹുല്‍ ഗാന്ധി, 'ദ കേരള സ്റ്റോറി ഗോസ് ബിയോണ്ട്' പോസ്റ്റര്‍ | Photo: Screen grab/YouTube: Rahul Gandhi, X/ Sunshine Pictures

തൊടുപുഴ: വിവാദസിനിമ 'ദ കേരള സ്‌റ്റോറി 2 ഗോസ് ബിയോണ്ട്' തിയേറ്ററിൽ കാണാൻ ആളില്ലെന്നത് സന്തോഷകരമാണെന്ന് ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ചിത്രം ആരും കാണുന്നില്ലെന്നും തിയേറ്ററുകൾ ഒഴിഞ്ഞുകിടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തേയും അതിന്റെ പാരമ്പര്യത്തേയും സംസ്‌കാരത്തേയും കുറിച്ച് ആളുകൾക്ക് അറിയാമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഇടുക്കി കുട്ടിക്കാനത്ത് വിദ്യാർഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

'ആരും കേരളാ സ്‌റ്റോറി കാണുന്നില്ല. തിയേറ്ററുകൾ ഒഴിഞ്ഞു കിടക്കുന്നു. കേരളമെന്താണെന്നും ഇവിടുത്ത പാരമ്പര്യവും സംസ്‌കാരവുമെന്താണെന്ന് രാജ്യത്തെ ഭൂരിപക്ഷത്തിനും അറിയാം. ആളുകളെ അവഹേളിക്കാനും സമുദായങ്ങളെ തമ്മിലകറ്റാനും വിഭാഗീയത സൃഷ്ടിക്കാനും സിനിമയും ടിവിയും മാധ്യമങ്ങളും ആയുധമാക്കുന്നു. ഇതിലൂടെ ചില ഗ്രൂപ്പുകൾക്ക് പ്രയോജനം ലഭിക്കുകയും മറ്റുള്ളവർക്ക് ദ്രോഹമുണ്ടാവുകയും ചെയ്യുന്നു', രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു.

'ചില ആളുകൾക്ക് ഏതെങ്കിലും തരത്തിലെ ചിത്രങ്ങൾ നിർമിക്കാനോ, മാധ്യമങ്ങളിൽ എന്തെങ്കിലും പറയാനോ, ആശയങ്ങളെ പിന്തുണയ്ക്കാനോ ആഗ്രമുണ്ടെങ്കിൽ അവർ ആക്രമിക്കപ്പെടുകയും സംസാരിക്കാൻ അനുവദിക്കാതിരിക്കുകയും ചെയ്യുന്നു. ഞാൻ എപ്പോഴും ഇത് നേരിടുന്നുണ്ട്. അതേസമയം, മറ്റൊരുവശത്ത് ചില നരേറ്റീവുകൾ എത്രവേണമെങ്കിലും പ്രചരിപ്പിക്കാൻ കഴിയും. അവർക്ക് ഒന്നും സംഭവിക്കുന്നില്ല. ഇത് രാജ്യത്തിന് വലിയ ദോഷമാണ്. വ്യാപകമായി ഇത് സംഭവിക്കുന്നുണ്ട്. വലിയ തോതിലാണ് ഇതിനായി പണം മുടക്കുന്നത്', രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.