പ്രൊപ്പഗാൻഡ സിനിമകൾ അപകടം, അവ ആളുകൾ കാണാതിരിക്കുന്നതിൽ സന്തോഷം -രാഹുൽ ഗാന്ധി

കുട്ടിക്കാനം: കേരള സ്റ്റോറി പോലെയുള്ള പ്രൊപ്പഗാൻഡ സിനിമകൾ രാജ്യത്തിന് അപകടമുണ്ടാക്കുമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വെള്ളിയാഴ്ച കുട്ടിക്കാനം മരിയൻ കോളേജിൽ വിദ്യാർഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
ഇത്തരത്തിലുള്ള സിനിമകൾ വലിയരീതിയിൽ പണം മുടക്കിയാണ് എടുക്കുന്നത്. ഇത്തരം സിനിമകൾ ആളുകൾ കാണാതിരിക്കുന്നത് സന്തോഷം നൽകുന്നതായും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയവും പൊതുപ്രവർത്തനവും എളുപ്പമുളള ജോലികളല്ല. രണ്ടുതരം രാഷ്ടീയ പ്രവർത്തനമാണ് ഇന്ന് ഉള്ളത്. സ്വാർഥ താത്പര്യങ്ങൾക്കായി രാഷ്ടീയ പ്രവർത്തനം നടത്തുന്നവർക്ക് ആ ജോലി എളുപ്പമായിരിക്കും. എന്നാൽ സത്യസന്ധമായി പ്രവർത്തിക്കുന്നവർക്ക് ഇത് അത്ര എളുപ്പമല്ല.
രാജ്യത്ത് വിദ്യാഭ്യാസ സിലബസുകളിൽ ആർ.എസ്.എസ്. പ്രത്യയശാസ്ത്രങ്ങളാണ് ഉള്ളത്. ഇത് രാജ്യത്തെ വിദ്യാഭ്യാസ മേഖലയിൽ വലിയ സമർദ്ദമാണ് ഉണ്ടാകുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഇറാൻ-അമേരിക്ക യുദ്ധം, നിർമിതബുദ്ധിയുടെ സാധ്യതകൾ, ഇന്ത്യ എന്ന ഡേറ്റാ കമ്പോളത്തിന്റെ പ്രാധാന്യം തുടങ്ങിയ വിഷയങ്ങളിൽ വിദ്യാർഥികളുടെ ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി പറഞ്ഞു.
ഉച്ചയ്ക്ക് ഒന്നരയോടെ കുട്ടിക്കാനത്ത് എത്തിയ രാഹുൽ ഗാന്ധി മൂന്നുമണിക്കൂറിലധികം ക്യാമ്പസിൽ ചെലവഴിച്ചു. വിദ്യാർഥികളുമായി ഒരുമണിക്കൂർ നീണ്ട സംവാദമാണ് നടന്നത്. സന്ദർശനത്തിന്റെ സ്മരണാർഥം ക്യാമ്പസിൽ വൃക്ഷത്തൈ നട്ടു. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ, കോളേജ് മാനേജരും രൂപത വികാരി ജനറാളുമായ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ എന്നിവരുമായി ചർച്ചകൾ നടത്തി.
എ.ഐ.സി.സി. ജനറൽ സെക്രട്ടറിയും പാർലമെൻറ് അംഗവുമായ കെ.സി. വേണുഗോപാൽ, ഡീൻ കുര്യാക്കോസ് എം.പി., കോളേജ് അഡ്മിനിസ്ട്രേറ്റർ ഫാ. തോമസ് എബ്രഹാം, വൈസ് പ്രിൻസിപ്പൽ ഫാ. കെ.എസ്.ഷൈജു, ചെയർപേഴ്സൺ അഷിത ചാക്കോ തുടങ്ങിയവർ പങ്കെടുത്തു.
Content Highlights: Rahul Gandhi criticizes propaganda films like The Kerala Story., Claims such films pose a danger to national harmony., Discussed the impact of RSS ideology on the Indian education system., Addressed diverse topics including AI, global conflicts, and student queries.