രാഹുൽ ബാനർജിയുടെ മരണം: നിർമാണക്കമ്പനിയെ ബഹിഷ്കരിച്ച് താരങ്ങൾ, ഒന്നിച്ചെടുത്ത തീരുമാനമെന്ന് പ്രതികരണം

കൊൽക്കത്ത: ബംഗാളി ചലച്ചിത്ര വ്യവസായം വലിയൊരു പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. പ്രമുഖ നടൻ രാഹുൽ അരുണോദയ് ബാനർജിയുടെ മരണവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളെത്തുടർന്ന്, ലീന ഗംഗോപാധ്യായുടെ ഉടമസ്ഥതയിലുള്ള ‘മാജിക് മൊമെന്റ്‌സ്’ എന്ന നിർമാണ കമ്പനിയെ ബഹിഷ്കരിക്കാൻ ബംഗാൾ ചലച്ചിത്രലോകം ഒന്നടങ്കം തീരുമാനിച്ചു. താരസംഘടനയായ ആർട്ടിസ്റ്റ് ഫോറത്തിന്റെ നേതൃത്വത്തിലാണ് ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടത്. മാജിക് മൊമെന്റ്സ് പ്രൊഡക്ഷൻ നിർമിച്ച ‘ഭോലേ ബാബാ പർ കരേഗാ’ എന്ന പരമ്പരയുടെ ചിത്രീകരണത്തിനിടെ മാർച്ച് 29-നാണ് രാഹുൽ ബാനർജി മുങ്ങി മരിച്ചത്.
രാഹുലിന്റെ മരണത്തിലെ സത്യാവസ്ഥ പുറത്തുവരുന്നത് വരെ ഈ പ്രൊഡക്ഷൻ ഹൗസുമായോ അതുമായി ബന്ധപ്പെട്ടവരുമായോ സഹകരിക്കില്ലെന്ന് സിനിമാ പ്രവർത്തകർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ബംഗാളി സിനിമയിലെ പ്രമുഖ താരങ്ങളായ പ്രൊസെൻജിത് ചാറ്റർജി, ദേവ് എന്നിവരുടെ നേതൃത്വത്തിലാണ് കൊൽക്കത്തയിൽ പത്രസമ്മേളനം നടന്നത്. രഞ്ജിത് മല്ലിക്, കോയൽ മല്ലിക്, ഋതുപർണ സെൻഗുപ്ത, ജിഷു സെൻഗുപ്ത തുടങ്ങി ബംഗാളി സിനിമയിലെ ഒട്ടുമിക്ക പ്രമുഖരും ഈ തീരുമാനത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇത് കേവലം ഒരു സംഘടനയുടെ തീരുമാനമല്ലെന്നും ഒരു കുടുംബം എന്ന നിലയിൽ സിനിമാ മേഖല ഒന്നടങ്കം എടുത്ത വൈകാരികമായ തീരുമാനമാണെന്നും പ്രൊസെൻജിത് ചാറ്റർജി പറഞ്ഞു. ഉത്തരവാദിത്തവും സുതാര്യതയും ഉറപ്പാക്കുന്നതുവരെ ഈ ബഹിഷ്കരണം തുടരുമെന്നാണ് ഇവരുടെ നിലപാട്.
രാഹുൽ ബാനർജി മരിച്ച് ഒമ്പത് ദിവസങ്ങൾ പിന്നിട്ടിട്ടും മരണകാരണത്തെക്കുറിച്ചോ അന്ന് നടന്ന കാര്യങ്ങളെക്കുറിച്ചോ വ്യക്തമായ വിവരങ്ങൾ ലഭ്യമല്ലാത്തതാണ് സിനിമ പ്രവർത്തകരെ പ്രകോപിപ്പിച്ചത്. രാഹുലിന്റെ മരണത്തിൽ ‘ക്രിമിനൽ ഗൂഢാലോചന’ നടന്നിട്ടുണ്ടെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ പ്രിയങ്ക സർക്കാരും ആർട്ടിസ്റ്റ് ഫോറവും ചേർന്ന് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഈ കേസിൽ കൃത്യമായ അന്വേഷണം നടക്കണമെന്നും സത്യം പുറത്തുവരണമെന്നുമാണ് ഇൻഡസ്ട്രിയുടെ ആവശ്യം.
പ്രതിഷേധത്തിന്റെ ഭാഗമായി ആർട്ടിസ്റ്റ് ഫോറം ഒരു ദിവസത്തെ പണിമുടക്ക് നടത്തിയിരുന്നു. പണിമുടക്ക് പിൻവലിച്ചതിനെത്തുടർന്ന് ബുധനാഴ്ച മുതൽ സിനിമ-ടെലിവിഷൻ ഷൂട്ടിംഗുകൾ പുനരാരംഭിക്കുമെങ്കിലും, മാജിക് മൊമെന്റ്‌സിനെതിരെയുള്ള നിസ്സഹകരണം തുടരും. സിനിമാ മേഖലയിലെ സുരക്ഷാ മാനദണ്ഡങ്ങൾ മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നതിനെക്കുറിച്ചും ഈ യോഗത്തിൽ ചർച്ചകൾ നടന്നു. ലൊക്കേഷനുകളിലെ സുരക്ഷാ പ്രശ്നങ്ങൾ 15 ദിവസത്തിനുള്ളിലും, ഇൻഷുറൻസ് സംബന്ധിച്ച കാര്യങ്ങൾ 30 ദിവസത്തിനുള്ളിലും പരിഹരിക്കുമെന്ന് യോഗത്തിൽ തീരുമാനിച്ചു.
രാഹുൽ ബാനർജിയുടെ മരണം ബംഗാളി സിനിമാ മേഖലയിൽ വലിയ മാറ്റങ്ങൾക്ക് തുടക്കമിട്ടിരിക്കുകയാണ്. സാധാരണയായി സിനിമകളെ തടയുന്നതോ നിസ്സഹകരിക്കുന്നതോ ആയ രീതി ഇൻഡസ്ട്രിയിൽ ഇല്ലാത്തതാണെന്നും എന്നാൽ ഇപ്പോഴത്തെ സാഹചര്യം അത്രമേൽ ഗൗരവകരമാണെന്നും നടൻ ദേവ് അഭിപ്രായപ്പെട്ടു. രാഹുൽ ബാനർജിയുടെ മരണത്തിന് പിന്നിലെ സത്യം തെളിയുന്നതുവരെ തങ്ങളുടെ നിലപാടിൽ ഉറച്ചുനിൽക്കുമെന്ന് ബംഗാൾ ചലച്ചിത്രലോകം ആവർത്തിക്കുന്നു.
Content Highlights: The Bengali film industry has announced a total boycott of the production house 'Magic Moments' following the drowning death of actor Rahul Arunoday Banerjee, with top stars demanding a transparent probe into alleged criminal negligence and better on-set safety standards.