'പത്താം ക്ലാസുകാരന്‍ അന്ന് കണ്ട സ്വപ്നങ്ങളൊന്നും യാഥാര്‍ഥ്യമായില്ല'; ഊട്ടിയിലെ പഠനകാലത്തെക്കുറിച്ച് റഹ്മാന്‍

തന്റെ സ്കൂൾ കാലഘട്ടം ഓർത്തെടുത്ത് നടൻ റഹ്മാൻ. സിനിമാലോകത്തേക്ക് കാലെടുത്തുവയ്ക്കുമ്പോള്‍ തനിക്ക് ആ മേഖലയെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. എങ്കിലും ആ വലിയ ലോകത്തേക്ക് കൂസലില്ലാതെ കടന്നുകയറാനുള്ള ആത്മവിശ്വാസം എനിക്കു പകര്‍ന്നു തന്നത് തന്റെ വിദ്യാലയമാണ്. ആ ഓര്‍മകളൊക്കെ ഇന്നും തനിക്കൊപ്പമുണ്ടെന്നും റഹ്മാൻ ഫെയ്ബുക്കിൽ കുറിച്ചു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
മനസ് 42 വര്‍ഷം പിന്നിലേക്കു പോകുകയാണ്.
ഒരു ഫുട്ബോള്‍ താരമാകുന്നതും സ്പോര്‍ട്സ് താരമാകുന്നതുമൊക്കെ സ്വപ്നം കണ്ട് കഴിഞ്ഞിരുന്ന സ്കൂള്‍ വിദ്യാര്‍ഥിയായ റഷീന്‍ റഹ്മാന്‍ എന്ന എന്റെ കൗമാരകാലത്തിലേക്ക്.
ഊട്ടിയിലെ റെക്സ് സ്കൂളിലെ ആ പത്താംക്ലാസ് വിദ്യാര്‍ഥി ഭാവിക്കുറിച്ച് അന്നു കണ്ട സ്വപ്നങ്ങളൊന്നും യാഥാര്‍ഥ്യമായില്ല. പക്ഷേ, കാണാത്തതൊക്കെ സത്യമാകുകയും ചെയ്തു.
കൂടെവിടെയിലൂടെ സിനിമാലോകത്തേക്ക് കാലെടുത്തുവയ്ക്കുമ്പോള്‍, സിനിമയെക്കുറിച്ച് ഒരു ചുക്കും അറിയില്ലായിരുന്നു. പക്ഷേ, ആത്മവിശ്വാസത്തിന് ഒരു കുറവുമില്ലായിരുന്നു.
കാരണം സ്കൂള്‍ ക്യാപ്റ്റനായും ഫുട്ബോള്‍ താരമായും അത്ലറ്റായുമൊക്കെ സ്കൂളില്‍ നിറഞ്ഞുനില്‍ക്കുകയായിരുന്നു ഞാനന്ന്. സിനിമയുടെ വലിയ ലോകത്തേക്ക് കൂസലില്ലാതെ കടന്നുകയറാനും അവിടെ ചെറുതല്ലാത്ത ഒരു സ്ഥാനം ഉറപ്പിക്കാനും എനിക്കു കഴിഞ്ഞു.
അതിനുള്ള ആത്മവിശ്വാസം എനിക്കു പകര്‍ന്നു തന്നത് എന്റെ പ്രിയപ്പെട്ട വിദ്യാലയമാണ്. ഇപ്പോള്‍ സുവര്‍ണ ജൂബിലിയുടെ തിളക്കത്തില്‍ നില്‍ക്കുന്ന ഊട്ടി റെക്സ് സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍.
നാലു വര്‍ഷം ഞാന്‍ പഠിച്ച സ്കൂളാണിത്. ആ ഓര്‍മകളൊക്കെ ഇന്നും എനിക്കൊപ്പമുണ്ട്. ക്ലാസ്മുറികള്‍, ഇടനാഴികള്‍, അവിടെ മുഴങ്ങിയ പൊട്ടിച്ചിരികള്‍, രൂപം കൊണ്ട സൗഹൃദങ്ങള്‍ എല്ലാം...
എനിക്കു ശേഷം എത്രയെത്ര കുട്ടികള്‍, പറക്കാനുള്ള ചിറകുകളും സ്വന്തമാക്കി, അവിടെനിന്ന് പഠിച്ചു പുറത്തിറങ്ങി. അവര്‍ക്കും ഇത്തരം ഒരുപാട് ഓര്‍മകളുണ്ടാവുമെന്ന് എനിക്കുറപ്പാണ്.
എന്റെ പ്രിയപ്പെട്ട സ്കൂളിന്റെ ജൂബിലി ആഘോഷങ്ങള്‍ നാളെയും മറ്റെന്നാളുമായി ഊട്ടിയില്‍ നടക്കുമ്പോള്‍, ഞാനും അവിടെയുണ്ടാകും.
വഴിനടത്തിയ അധ്യാപകരെ കാണാനും സൗഹൃദങ്ങള്‍ പുതുക്കാനും ഓര്‍മകള്‍ അടരാതെ ഉറപ്പിക്കാനുമായി ഞങ്ങളെല്ലാം ഊട്ടിയിലെത്തുകയാണ്.
അമ്പത് സുവര്‍ണ വർഷങ്ങൾ ഒരു ഫ്ലാഷ് ബാക്ക് പോലെ ഇതാ മുന്നില്‍.
Content Highlights: Actor Rahman shares nostalgic school memories, his journey into cinema with no prior knowledge, and how his school instilled confidence. Read his touching Facebook post.