'മോളേ,ദേ നമ്മുടെ മമ്മൂക്ക!'; പദ്മഭൂഷൺ നിറവിൽ മമ്മൂട്ടി,നിറകൺചിരിയോടെ റാഹേലിന്റെ മാതാപിതാക്കൾ

#ശ്രീലക്ഷ്മി മേനോന്‍
ആശുപത്രി അധികൃതര്‍ക്കൊപ്പം സന്തോഷം പങ്കിടുന്ന റാഹേലിന്റെ മാതാപിതാക്കള്‍ | Photo: Mathrubhumi
ആശുപത്രി അധികൃതര്‍ക്കൊപ്പം സന്തോഷം പങ്കിടുന്ന റാഹേലിന്റെ മാതാപിതാക്കള്‍ | Photo: Mathrubhumi

കൊച്ചി: മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിക്ക് രാജ്യം പദ്മഭൂഷൺ ബഹുമതി പ്രഖ്യാപിച്ച നിമിഷം ആലുവ രാജഗിരി ആശുപത്രി പീഡിയാട്രിക് വാർഡിൽ നന്ദി നിറഞ്ഞ കണ്ണുകളുമായി ഒരു പിതാവ് ഇരിപ്പുണ്ടായിരുന്നു. ചാലക്കുടി സ്വദേശിയായ ഓട്ടോ ഡ്രൈവർ റിയോ. ഒരു വയസുള്ള റിയോയുടെ കുഞ്ഞുമകൾ റാഹേലിന്റെ വേദനകൾക്ക് ശമനമായത് മമ്മൂട്ടി എന്ന മനുഷ്യസ്‌നേഹിയുടെ കാരുണ്യത്തിലാണ്.

പുസ്‌കാര പ്രഖ്യാപനത്തിന് പിന്നാലെ മമ്മൂട്ടിയുടെ ചിത്രം ടെലിവിഷൻ സ്‌ക്രീനിൽ തെളിഞ്ഞപ്പോൾ കുഞ്ഞിനോട് റിയോ പറഞ്ഞു: 'മോളേ, ദേ നമ്മുടെ മമ്മൂക്ക !'. തന്റെ കുഞ്ഞിന് പുതുജീവൻ നൽകിയ മനുഷ്യന് ദൈവം നൽകിയ പുരസ്‌കാരമാണിതെന്നായിരുന്നു റിയോയുടെ വിതുമ്പലോടെയുള്ള വാക്കുകൾ.

മമ്മൂട്ടിയുടെ വാത്സല്യം പദ്ധതിയിലൂടെ പുതുജീവിതം കിട്ടിയ അനേകം കുട്ടികളിൽ ഏറ്റവും ഒടുവിലത്തെയാളാണ് റാഹേൽ. റാഹേലിന്റെ ശസ്ത്രക്രിയ വാത്സല്യം പദ്ധതിയിലൂടെ രാജിഗിരി ആശുപത്രിയിൽ പൂർണമായും സൗജന്യമായാണ് നടത്തിയത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികളുടെ വിവിധ അസുഖങ്ങൾക്കുള്ള ശസ്ത്രക്രിയ സൗജന്യമായി നടത്താൻ മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയർ ആൻഡ് ഷെയർ ആവിഷ്‌കരിച്ചതാണ് വാത്സല്യം പദ്ധതി. മറ്റ് ആശുപത്രികളിൽ വലിയ തുക ചെലവാകുന്ന റോബോട്ടിക് ശസ്ത്രക്രിയയാണ് രാജഗിരിയിൽ സൗജന്യമായി നടത്തുന്നത്.

പിതാവ് റിയോ ഓട്ടോറിക്ഷ ഓടിച്ചു കിട്ടുന്ന തുച്ഛമായ വരുമാനത്തിലാണ് റാഹേലിന്റെ കുടുംബം കഴിയുന്നത്. ഡോക്ടർമാർ ശസ്ത്രക്രിയ നിർദ്ദേശിച്ചതോടെ പണം കണ്ടെത്താൻ വിഷമിച്ച റിയോയ്ക്ക് മുന്നിലേക്ക് ഒരു ബന്ധു വഴിയാണ് മമ്മൂട്ടിയുടെ 'വാത്സല്യം' പദ്ധതിയുടെ വിവരം എത്തുന്നത്. ഉടനെ തന്നെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഭാരവാഹികളുമായി ബന്ധപ്പെട്ടു. കെയർ ആൻഡ് ഷെയർ മാനേജിങ് ഡയറക്ടർ ഫാ. തോമസ് കുര്യൻ വഴി വിവരം അറിഞ്ഞ മമ്മൂട്ടി കുഞ്ഞിനെ അടിയന്തരമായി പദ്ധതിയിൽ ഉൾപ്പെടുത്തി ശസ്ത്രക്രിയ നടത്താൻ നിർദ്ദേശം നൽകി.

രാജഗിരി ആശുപത്രിയിൽ പീഡിയാട്രിക് സർജൻ ഡോ. വിനീത് ബിനുവിന്റെ നേതൃത്വത്തിലായിരുന്നു പൈലോപ്ലാസ്റ്റി ശസ്ത്രക്രിയ. കുഞ്ഞിന്റെ പ്രായം കണക്കിലെടുത്ത് റോബോട്ടിക് ശസ്ത്രക്രിയ വഴിയാണ് പൈലോപ്ലാസ്റ്റി ചെയ്തത്.

Content Highlights: rahels parents thank mammootty for helping with their daughters surgery through the vatsalyam project