എന്റെ ഉസ്താദിന് എന്നെ തല്ലാനും ചീത്തപറയാനും അവകാശമുണ്ട്; ഫത്തേ അലിഖാനെ ന്യായീകരിച്ച് ശിഷ്യന്‍

റാഹത് ഫത്തേ അലി ഖാന്‍ ശിഷ്യനൊപ്പം, ഗായകന്‍ ശിഷ്യനെ മര്‍ദ്ദിക്കുന്ന വീഡിയോയില്‍ നിന്നും
റാഹത് ഫത്തേ അലി ഖാന്‍ ശിഷ്യനൊപ്പം, ഗായകന്‍ ശിഷ്യനെ മര്‍ദ്ദിക്കുന്ന വീഡിയോയില്‍ നിന്നും

പ്രശസ്ത പാക് ഗായകന്‍ റാഹത് ഫത്തേ അലി ഖാന്‍ തന്റെ ശിഷ്യനെ ചെരിപ്പുകൊണ്ടടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.  സംഭവം വലിയ വിവാദമായതോടെ വിശദീകരണവുമായി ഫത്തേ അലിഖാന്‍ രംഗത്ത് വരികയും ചെയ്തു. ഒരു ആത്മീയനേതാവ് നല്‍കിയ പരിശുദ്ധ ജലം സൂക്ഷിച്ചിരുന്ന കുപ്പി മാറ്റി വച്ചതിനാണ് ശിഷ്യനെ മര്‍ദ്ദിച്ചതെന്ന് ഗായകന്‍ പറയുന്നു. ഗുരുവിനെ നായീകരിച്ച് ആക്രമണത്തിന് ഇരയായ ശിഷ്യന്‍ നവീദ് ഹസ്‌നെയ്‌നും രംഗത്തെത്തി. ഉസ്താദ് തന്നെ എത്രമാത്രം സ്‌നേഹിക്കുന്നുവെന്ന് ദൈവത്തിന് നന്നായി അറിയാമെന്നും തങ്ങളെ ഭീഷണിപ്പെടുത്താനാണ് ആ വ്യക്തി വീഡിയോ പകര്‍ത്തിയതെന്നും നവീദ് ഹസ്‌നെയ്ന്‍ പറഞ്ഞു. 

ഉസ്താദിന് എന്ന തല്ലാം, ചീത്തപറയാം. കാരണം ഇദ്ദേഹം  ഉസ്താദാണ്. വീഡിയോ ഉസ്താദിന്റെ സത്പേര് കളങ്കപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ പ്രചരിപ്പിച്ചതാണ്. നിങ്ങളാരും അത് കാര്യമായി എടുക്കരുത്- നവീദ് ഹസ്‌നെയ്ന്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഈ വിശദീകരണങ്ങളൊന്നും സോഷ്യല്‍ മീഡിയയ്ക്ക് ദഹിച്ചില്ല.  പ്രിന്‍സ് ചാള്‍സിന്റെ ആന്റി വയലന്‍സ് ചാരിറ്റിയുടെ ഏഷ്യയിലെ ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയാണ് ഫത്തേ അലിഖാന്‍. മറ്റുള്ളവരോട് ഇങ്ങനെ പെരുമാറുന്ന വ്യക്തി ഈ പദവിയ്ക്ക് യോഗ്യനല്ലെന്നും ഗായകനെ പുറത്താക്കണമെന്നും ആവശ്യങ്ങള്‍ ഉയരുന്നുണ്ട്.

ഫത്തേ അലി ഖാനെതിരേ ഗായിക ചിന്മയി ശ്രീപാദ നടത്തിയ പ്രതികരണവും ശ്രദ്ധനേടിയിരുന്നു.

ഭീകരം എന്നാണ് ചിന്മയി ഈ സംഭവത്തെ വിശേഷിപ്പിച്ചത്. ഇവരില്‍ ചിലര്‍ പൊതുസ്ഥലത്ത് സൗമ്യരും മൃദുഭാഷികളുമായ ആത്മാക്കളെപ്പോലെയാണ് പെരുമാറുക. പണ്ട് ക്യാമറകളുണ്ടായിരുന്നെങ്കില്‍ മഹാന്മാര്‍ എന്നുവിളിക്കപ്പെടുന്ന കൂടുതല്‍പേര്‍ യഥാര്‍ത്ഥത്തില്‍ ആരായിരുന്നുവെന്ന് തുറന്നു കാട്ടപ്പെടുമായിരുന്നെന്നും ചിന്മയി എഴുതി.

'അദ്ദേഹം ഇവിടെ പറയുന്ന ന്യായീകരണം, വിദ്യാര്‍ത്ഥികള്‍ നന്നായി ചെയ്യുമ്പോള്‍ ടീച്ചര്‍ അവരിൽ സ്‌നേഹം ചൊരിയുന്നു, അവര്‍ തെറ്റ് ചെയ്യുമ്പോള്‍ ശിക്ഷയും തുല്യമാണ് എന്നാണ്.' ഗുരുക്കന്മാര്‍ അവര്‍ അലങ്കരിക്കുന്ന സ്ഥാനത്തിന്റെ ദിവ്യത്വംകൊണ്ട് സംരക്ഷിക്കപ്പെടുന്നു. അവരുടെ എല്ലാ ലംഘനങ്ങളും, അക്രമം, വൈകാരിക ദുരുപയോഗം മുതല്‍ ലൈംഗിക ദുരുപയോഗം വരെ അവരുടെ 'കലാവൈഭവം', 'പ്രതിഭ' മുതലായവയ്ക്ക് വേണ്ടി ക്ഷമിക്കപ്പെടുന്നു. ഇത് നിര്‍ത്തേണ്ടതുണ്ട്.' ചിന്മയി കൂട്ടിച്ചേര്‍ത്തു.


 

Content Highlights: rahat fateh ali khan beating student, controversy, explanation, social media, Viral video