വിജയ്ക്ക് പകരക്കാരനായി മത്സരിക്കാനില്ല,ഒരാൾ വളർത്തിയ മരത്തിലെ ഫലം വേറൊരാൾ കൊയ്യുന്നത് ശരിയല്ല-ലോറൻസ്

വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലത്തിൽ നിന്ന് മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി തമിഴ് നടനും സംവിധായകനുമായ രാഘവ ലോറൻസ്. വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകം (TVK) സ്ഥാനാർത്ഥിയായി ലോറൻസ് ഈ മണ്ഡലത്തിൽ മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. മുഖ്യമന്ത്രി പദവി ഏറ്റെടുക്കുന്നതിനായി വിജയ് തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലത്തിൽ നിന്ന് രാജിവെച്ച സാഹചര്യത്തിലാണ് ഇവിടേക്ക് ലോറൻസിന്റെ പേര് പറഞ്ഞു കേട്ടിരുന്നത്. എന്നാൽ, തന്റെ എക്സ് (X) പേജിൽ പങ്കുവെച്ച 16 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിലൂടെ അദ്ദേഹം ഈ വിഷയത്തിൽ വ്യക്തത വരുത്തി.
തിരുച്ചിറപ്പള്ളി ഈസ്റ്റിൽ മത്സരിക്കാത്തതിന് 'രാഷ്ട്രീയ ധർമ്മം' ആണ് കാരണമായി ലോറൻസ് ചൂണ്ടിക്കാട്ടുന്നത്. വിജയ് സിനിമയിൽ എത്തിയത് മുതൽ അദ്ദേഹത്തിന് വേണ്ടി പോസ്റ്റർ ഒട്ടിച്ചും പാർട്ടിയുടെ വളർച്ചയ്ക്കായി അടിത്തട്ടിൽ പ്രവർത്തിച്ചും വന്ന നിരവധി പ്രവർത്തകരുണ്ട്. ഒരാൾ വിത്ത് വിതച്ച്, അത് മുളച്ച് മരമായി കായ്ക്കുമ്പോൾ അതിന്റെ ഫലം അനുഭവിക്കാൻ ആദ്യം അർഹത അത് നട്ടുനനച്ചവർക്കാണെന്ന് ലോറൻസ് ഒരു ഉപമയിലൂടെ വിശദീകരിച്ചു. മറ്റൊരാൾ കഷ്ടപ്പെട്ട് വളർത്തിയ മരത്തിലെ ഫലം പെട്ടെന്ന് ഒരാൾ വന്ന് പറിച്ചെടുക്കുന്നത് ശരിയല്ലെന്നും, മണ്ഡലത്തിലെ വിജയ്‌യുടെ മുഖം നോക്കി ജനങ്ങൾ വോട്ട് ചെയ്യുമെങ്കിലും അവിടെ പാർട്ടി പ്രവർത്തകർക്കാണ് മുൻഗണന നൽകേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
രാഷ്ട്രീയ പ്രവേശനം എന്നത് പെട്ടെന്ന് സംഭവിക്കേണ്ട ഒന്നല്ലെന്നും ലോറൻസ് വിശ്വസിക്കുന്നു. രാഷ്ട്രീയത്തിൽ ഇറങ്ങുകയാണെങ്കിൽ ഒരു സാധാരണ അംഗമായി പാർട്ടിയിൽ ചേരുകയും കുറഞ്ഞത് മൂന്ന് മുതൽ നാല് വർഷം വരെ സാധാരണ പ്രവർത്തകനായി പ്രവർത്തിക്കുകയും വേണം എന്നതാണ് അദ്ദേഹത്തിന്റെ നയം. "നിങ്ങളുടെ കടമ ചെയ്യുക, പ്രതിഫലം പ്രതീക്ഷിക്കരുത്" എന്ന നിലപാടാണ് അദ്ദേഹം ഉയർത്തിപ്പിടിക്കുന്നത്. പാർട്ടിയുടെ നേതൃത്വം തന്റെ അധ്വാനം കണ്ട് ബോധ്യപ്പെട്ട് ഏതെങ്കിലും ഉത്തരവാദിത്തം ഏൽപ്പിച്ചാൽ മാത്രമേ ജനസേവനത്തിനായി അത് ഉപയോഗിക്കാവൂ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി വിജയ്‌യോട് തന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സഹായം അഭ്യർത്ഥിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുൻ മുഖ്യമന്ത്രിമാരായ കരുണാനിധി, എം.കെ. സ്റ്റാലിൻ എന്നിവരും ഉദയനിധി സ്റ്റാലിൻ, അൻപുമണി രാംദോസ് തുടങ്ങിയവരും തന്റെ ഫൗണ്ടേഷനിലെ കുട്ടികളുടെ ശസ്ത്രക്രിയയ്ക്കും മറ്റും നൽകിയ സഹായങ്ങൾ അദ്ദേഹം നന്ദിയോടെ സ്മരിച്ചു. നടനായിരുന്ന കാലത്ത് പോലും സ്വന്തം പണം ചിലവാക്കി കുട്ടികളെ സഹായിച്ചിരുന്ന വിജയ്ക്ക്, മുഖ്യമന്ത്രി എന്ന നിലയിൽ ആയിരക്കണക്കിന് കുട്ടികളെ സഹായിക്കാൻ കഴിയുമെന്ന് ലോറൻസ് പ്രത്യാശ പ്രകടിപ്പിച്ചു.
തിരുച്ചിറപ്പള്ളി ഈസ്റ്റിൽ മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ചെങ്കിലും തന്റെ രാഷ്ട്രീയ ഭാവി ലോറൻസ് പൂർണ്ണമായും അടച്ചിട്ടില്ല. ഈ മണ്ഡലത്തിൽ മത്സരിക്കില്ലെന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ എന്നും മറ്റൊരിടത്തും മത്സരിക്കില്ലെന്ന് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. രാഷ്ട്രീയ ധർമ്മം പാലിച്ച്, ഘട്ടം ഘട്ടമായുള്ള പ്രക്രിയയിലൂടെ മാത്രമേ താൻ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയുള്ളൂ എന്ന് വ്യക്തമാക്കിയ അദ്ദേഹം, തന്റെ നിലപാട് സംബന്ധിച്ച ആരാധകരുടെ ആകാംക്ഷകൾക്ക് താൽക്കാലികമായി വിരാമമിട്ടു.
തമിഴ്‌നാട് രാഷ്ട്രീയത്തിൽ ഇപ്പോൾ പ്രധാന ചർച്ചാവിഷയം തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലമാണ്. ഏപ്രിലിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി വിജയ് മത്സരിച്ച് വിജയിച്ച രണ്ട് സീറ്റുകളിൽ ഒന്നാണിത്. സംസ്ഥാന സെക്രട്ടേറിയറ്റുമായുള്ള അടുപ്പം പരിഗണിച്ച് വിജയ് പെരമ്പൂർ മണ്ഡലം നിലനിർത്തുകയും തിരുച്ചിറപ്പള്ളി ഈസ്റ്റ് സീറ്റ് ഒഴിയുകയും ചെയ്തു. ഈ ഒഴിവിലേക്ക് രാഘവ ലോറൻസ് ടിവികെ സ്ഥാനാർത്ഥിയായി എത്തിയേക്കുമെന്നായിരുന്നു അഭ്യൂഹങ്ങൾ.
ചലച്ചിത്ര മേഖലയിൽ കൊറിയോഗ്രാഫർ, നടൻ, സംവിധായകൻ, നിർമാതാവ് എന്നീ നിലകളിൽ തിളങ്ങിയ വ്യക്തിയാണ് രാഘവ ലോറൻസ്. സിനിമയ്ക്ക് പുറമെ കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി അദ്ദേഹം നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാണ്. നിലവിൽ ലോകേഷ് കനകരാജിന്റെ തിരക്കഥയിൽ ഭാഗ്യരാജ് കണ്ണൻ സംവിധാനം ചെയ്യുന്ന 'ബെൻസ്' എന്ന ചിത്രത്തിന്റെ തിരക്കിലായിരുന്ന അദ്ദേഹം, ആ ചിത്രത്തിന്റെ ജോലികൾ പൂർത്തിയാക്കിയ ശേഷമാണ് രാഷ്ട്രീയ നിലപാടുകൾ വ്യക്തമാക്കിയത്.
Content Highlights: Clarifying intense political speculations in Tamil Nadu, multitalented actor-director Raghava Lawrence officially announced that he will not be contesting the by-election for the Tiruchirappalli (Trichy) East constituency—the seat recently vacated by Chief Minister Vijay. Invoking 'political dharma,' Lawrence stated that grassroot TVK workers who built the party from scratch deserve the ticket over a late entrant.