‘അന്ന് കാരവാനിലിരുന്ന് വരലക്ഷ്മി കരഞ്ഞുകൊണ്ടേയിരുന്നു’; അനുഭവം പങ്കുവെച്ച് രാധിക

#മൂവി ഡെസ്ക്
രാധിക ശരത്കുമാർ | സ്ക്രീൻ​ഗ്രാബ്
രാധിക ശരത്കുമാർ | സ്ക്രീൻ​ഗ്രാബ്

ടി വരലക്ഷ്മി ശരത്കുമാർ ആദ്യമായി സംവിധാനംചെയ്യുന്ന ചിത്രമാണ് സരസ്വതി. ഈ ചിത്രത്തിന്റെ പ്രീ-റിലീസ് ചടങ്ങിനിടെ വരലക്ഷ്മിയെക്കുറിച്ച് വൈകാരികമായി സംസാരിച്ചിരിക്കുകയാണ് നടി രാധിക ശരത്കുമാർ. വരലക്ഷ്മിയുടെ കരിയറിലെ പോരാട്ടങ്ങളെയും കുടുംബത്തിന്റെ പിന്തുണയെയും കുറിച്ചാണ് രാധിക സംസാരിക്കുന്നത്. ഇന്ന് ഈ ലോകത്ത് ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് വരലക്ഷ്മിയുടെ അച്ഛൻ ശരത്കുമാർ ആയിരിക്കുമെന്ന് രാധിക അഭിപ്രായപ്പെട്ടു. പുറത്തു കാണിക്കില്ലെങ്കിലും മകളെക്കുറിച്ച് അദ്ദേഹത്തിന് അത്രമേൽ അഭിമാനമാണെന്നും അവർ പറഞ്ഞു.

രാധികയുടെ വാക്കുകൾ ഇങ്ങനെ: "എല്ലാവർക്കും നമസ്കാരം. സരസ്വതി എന്ന ഈ സിനിമ സംസാരിക്കുന്നത് ഒരാളുടെ ധൈര്യത്തെക്കുറിച്ചാണ്. ഞാൻ ഇന്ന് ഇവിടെ വന്നിരിക്കുന്നത് സിനിമയെക്കുറിച്ച് സംസാരിക്കാനല്ല, മറിച്ച് വ്യക്തിപരമായ ചില കാര്യങ്ങൾ പങ്കുവയ്ക്കാനാണ്. ഈ മുറിയിൽ അല്ലെങ്കിൽ ഈ ലോകത്ത് തന്നെ ഇന്ന് ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് വരലക്ഷ്മിയുടെ അച്ഛൻ ശരത് ആയിരിക്കും. അദ്ദേഹം അത് പുറത്ത് കാണിക്കില്ലെങ്കിലും എന്നോട് എപ്പോഴും പറയും, അദ്ദേഹത്തിന് മകളെക്കുറിച്ച് അത്രയും അഭിമാനമാണ്.

ഒരിക്കൽ എയർപോർട്ടിൽ വെച്ച് ഒരാൾ വന്ന് എന്നോട് ഞാനഭിനയിച്ച തായ് കിഴവി എന്ന ചിത്രം കണ്ടെന്നും നന്നായിട്ടുണ്ടെന്നും പറഞ്ഞു, പിന്നാലെ മറ്റൊരാൾ ശരത്തിനോട് 'നിങ്ങളുടെ ആഴി എന്ന സിനിമ കണ്ടു' എന്ന് പറഞ്ഞു. ഭർത്താവിനും ഭാര്യയ്ക്കും ഒരേ ദിവസം സിനിമ റിലീസ് ഉണ്ടാവുക എന്നത് വലിയ കാര്യമാണ്. പക്ഷേ, അന്ന് ഒരാൾ വന്ന് ശരത്തിനോട് പറഞ്ഞു, 'നിങ്ങളുടെ മകളുടെ സിനിമ കണ്ടു, ഗംഭീരമായിട്ടുണ്ട്' എന്ന്. അന്ന് ശരത്തിന്റെ മുഖത്തുണ്ടായ ആ സന്തോഷം എനിക്ക് മറക്കാൻ കഴിയില്ല. ഒരു കുടുംബമെന്ന നിലയിൽ ഞങ്ങൾ ഒന്നിച്ചുനിൽക്കുന്നത് നിങ്ങളെല്ലാവരും തരുന്ന സ്നേഹം കൊണ്ടാണ്. ശരത്തും വരലക്ഷ്മിയുടെ ഭർത്താവ് നിക്കും ഞങ്ങളെ ഞങ്ങളായിരിക്കാൻ അനുവദിക്കുന്നു.

വരലക്ഷ്മിയുടെ സിനിമാ പ്രവേശനം അത്ര എളുപ്പമായിരുന്നില്ല. ശരത്തിന് അവൾ സിനിമയിൽ വരുന്നത് ഒട്ടും ഇഷ്ടമല്ലായിരുന്നു. നിർമാതാക്കളെ വരെ വിളിച്ച് മകളെ അഭിനയിപ്പിക്കരുതെന്ന് പറഞ്ഞിട്ടുണ്ട്. ഞാനൊരു ഇൻസ്പെക്ടർ വേഷത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഛായയും വരലക്ഷ്മിയും സെറ്റിലേക്ക് വരുന്നത്. ശരത്തിനെ ഒന്ന് പറഞ്ഞ് മനസ്സിലാക്കണമെന്ന് ഛായ എന്നോട് പറഞ്ഞു. പിന്നീട് കാരവാനിൽ വച്ച് നടന്ന ആ ചർച്ച ഇന്നും എന്റെ മനസ്സിലുണ്ട്. വരലക്ഷ്മി കരഞ്ഞുകൊണ്ട് അച്ഛനോട് വാദിക്കുകയായിരുന്നു. എത്രയൊക്കെ പറഞ്ഞിട്ടും ശരത് സമ്മതിക്കുന്നില്ല. ഒടുവിൽ ഛായയും വരുവും എന്റെ അരികിൽ വന്നു.

ഇക്കാര്യത്തിൽ ഞാനല്ല തീരുമാനമെടുക്കേണ്ടത്, എന്നാലും ശരത്തുമായി സംസാരിക്കാമെന്നു അവർക്ക് വാക്ക് കൊടുത്ത് അവർക്കൊപ്പം ഞാനും ചെന്നു. നമിതയുമായുള്ള ഡാൻസ് നമ്പറാണ് അവിടെ ഷൂട്ട് ചെയ്യുന്നത്. നമിതയാകുമ്പോൾ അറിയാമല്ലോ, നല്ല ഗ്ലാമർ ഡാൻസ് ആണ്. ശരത് മസിലൊക്കെ കാണിച്ച് സ്റ്റൈലിൽ നിൽക്കുകയാണ്. ഞങ്ങളെ കണ്ടതും അദ്ദേഹം ചാടി കാരവാനിൽ കയറി.

കാരവനിൽ ഇരുന്നും വരു കരയുകയാണ്. ശരത് ആണെങ്കിൽ മകൾ സിനിമയിൽ വരുന്നത് ഇഷ്ടമില്ലെന്ന് ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു. ഛായ എന്നെ നോക്കി എന്തെങ്കിലും ചെയ്യൂ എന്ന മട്ടിൽ ഇരിക്കുന്നു. ഞാൻ ഇൻസ്പെക്ടറുടെ വേഷത്തിൽ ഇങ്ങനെ ഇരിക്കുകയാണ്. അവസാനം ശരത് സമ്മതിച്ചു. അന്ന് കാറിൽ മടങ്ങുമ്പോൾ ഞാൻ പറഞ്ഞു, 'ശരത്, നിങ്ങൾ അഭിമാനിക്കണം, ഇവൾ വലിയൊരു നടിയാകാൻ പോവുകയാണ്'.

ഇന്ന് വരലക്ഷ്മി എവിടെയെത്തിയോ, അവൾ എത്രത്തോളം ശക്തയാണോ അതിന്റെ മുഴുവൻ ക്രെഡിറ്റും ഞാൻ ഛായയ്ക്കാണ് നൽകുന്നത്. അവൾ ഒരുപാട് പ്രതിസന്ധികളിലൂടെ കടന്നുപോയിട്ടുണ്ട്, പക്ഷേ ഛായ നൽകിയ ആ കരുത്താണ് അവളെ ഇന്ന് ഇവിടെ എത്തിച്ചത്. അതുപോലെ തന്നെ പൂജയെക്കുറിച്ചും പറയണം. അവളാണ് ഈ കുടുംബത്തിന്റെ ആധാരശില. വളരെ യുക്തിയോടെ ചിന്തിക്കുന്ന മിടുക്കിയായ കുട്ടിയാണ് പൂജ.

സ്ത്രീകൾക്ക് പ്രായം ഒരു തടസ്സമല്ല. ഇന്ന് 'തായ്കിഴവി' എന്ന സിനിമയിലൂടെ എനിക്ക് വലിയ ബാനറുകൾ ലഭിക്കുന്നുണ്ടെങ്കിൽ അത് ഞാൻ പോരാടി നേടിയ ഇടമാണ്. വരലക്ഷ്മിയോടും സിമ്രാനോടും എനിക്ക് പറയാനുള്ളത് ഇതാണ്, അവസരങ്ങൾ വരുമ്പോൾ അത് മാറ്റി നിർത്തരുത്. നമ്മുടെ കരിയർ നമ്മുടെ നിയന്ത്രണത്തിലായിരിക്കണം. വരലക്ഷ്മി ഈ സിനിമ സംവിധാനം ചെയ്യാനും നിർമ്മിക്കാനും കാണിച്ച ആ ധൈര്യത്തെ ഞാൻ അഭിനന്ദിക്കുന്നു. എല്ലാവർക്കും നന്ദി."

Content Highlights: Radhika Sarathkumar delivers an emotional speech at the pre-release event for 'Saraswathi'., Reveals Sarathkumar's initial strong opposition to his daughter Varalaxmi's acting career., Highlights the family's support and Sarathkumar's immense pride in Varalaxmi's success as an actress and now a director.