'ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമലേ...'; ആർ. ശരത് സ്മരണാഞ്ജലിയിൽ പാട്ടുപാടി മന്ത്രി പി.സി. വിഷ്ണുനാഥ്

കൊല്ലം: ‘ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമലേ... ഒരുവേള നിൻനേർക്കു നീട്ടിയില്ല... എന്ന ഗാനമാലപിച്ച് ചലച്ചിത്ര സംവിധായകൻ ആർ. ശരത്തിന്റെ ഓർമ്മകളിലേക്കു സദസ്സിനെ കൂട്ടിക്കൊണ്ടുപോയി മന്ത്രി പി.സി. വിഷ്ണുനാഥ്. ഭരത് മുരളി കൾച്ചറൽ സെന്റർ കൊല്ലം പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ച ആർ. ശരത് സ്മരണാഞ്ജലി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ശരത്തിന്റെ സിനിമകളിലും സംഗീതത്തിലും നിറഞ്ഞുനിന്ന കലാസ്നേഹവും സാമൂഹികപ്രതിബദ്ധതയും അനുസ്മരിച്ച മന്ത്രി, അദ്ദേഹത്തിന്റെ കലാസൃഷ്ടികൾ വരുംതലമുറയ്ക്കു പരിചയപ്പെടുത്തുകയും കൈമാറുകയും ചെയ്യേണ്ടതുണ്ടെന്നു പറഞ്ഞു. ഡിസംബർ 11 മുതൽ 18 വരെ നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയിൽ, ശരത്തിന്റെ സിനിമകളെ അനുസ്മരിക്കാനും അവയെക്കുറിച്ചു ചർച്ചചെയ്യാനും ഒരു ദിവസം മാറ്റിവയ്ക്കുമെന്നും മന്ത്രി പറഞ്ഞു.
Also Read: അഭിനയിക്കാൻ വിളിച്ചപ്പോൾ ഉണ്ണി മേനോൻ ആദ്യം ഞെട്ടി, നിഷേധിച്ചു; ആ 'ചെമ്പനീർപ്പൂ' വിരിഞ്ഞ കഥ
‘സായാഹ്നം’, ‘സ്ഥിതി’, ‘ശീലാബതി’, ‘സ്വയം’ തുടങ്ങിയ സിനിമകളും ഭോപാൽ ദുരന്തത്തെക്കുറിച്ചുള്ള ഡോക്യുമെന്ററിയും ഏറെ ഗവേഷണത്തോടെയാണ് ഒരുക്കിയത്. രവിവർമ്മയുടെ അപൂർവചിത്രങ്ങളും ചുവർച്ചിത്രങ്ങളും ഉൾപ്പെടെയുള്ള കലാപൈതൃകത്തെക്കുറിച്ചുള്ള അന്വേഷണങ്ങളും അദ്ദേഹം ഡോക്യുമെന്ററികളിലൂടെ അവതരിപ്പിച്ചു.
ഒ. മാധവനെയും ഗായകൻ ഉണ്ണി മേനോനെയും സിനിമയിൽ അഭിനയിപ്പിച്ചത് ശരത്തിന്റെ പരീക്ഷണാത്മക സമീപനത്തിന്റെ ഭാഗമായിരുന്നെന്നും മന്ത്രി പറഞ്ഞു.
Also Read: ഭോപ്പാൽ ദുരന്തത്തിൽനിന്നുള്ള രക്ഷപ്പെടൽ, സിനിമചെയ്യാൻ ഭയപ്പെട്ട നാളുകൾ; ആർ. ശരത്തിന്റെ സിനിമാവഴി
ഭാരത് മുരളി കൾച്ചറൽ സെന്റർ പ്രസിഡന്റ് പല്ലിശ്ശേരി അധ്യക്ഷനായി. വിഷ്ണു മോഹൻ എം.എൽ.എ., എസ്. സുധീശൻ, തേവള്ളി ശ്രീകണ്ഠൻ, എസ്. നാസർ, രാജശേഖരൻ നായർ, സന്ധ്യാ രാജേന്ദ്രൻ, വി.കെ. സന്തോഷ് കുമാർ, ടി.കെ. വിനോദൻ, ആർട്ടിസ്റ്റ് ശിവൻ, ആശ്രാമം സന്തോഷ് എന്നിവർ പ്രസംഗിച്ചു.
Content Highlights: Minister P. C. Vishnunath inaugurated the late director R. Sarath commemoration organized by the Bharat Murali Cultural Centre in Kollam, rendering a song in his memory and announcing that a dedicated session will be held to honor Sarath's cinematic legacy at the upcoming International Film Festival of Kerala (IFFK).