അവര്‍ സിനിമാതാരങ്ങളല്ല ;മാര്‍വല്‍ താരങ്ങളെ കളിയാക്കി ക്വിന്റിന്‍ റ്റാരന്റീനോ

ക്വിന്റിന്‍ റ്റാരന്റീനോ
ക്വിന്റിന്‍ റ്റാരന്റീനോ

താരങ്ങളില്ലാതാകുന്നത് ഹോളിവുഡില്‍ മാര്‍വലിന്റെ അതിപ്രസരം മൂലമാണെന്ന് ഹോളിവുഡ് സംവിധായകന്‍ ക്വിന്റിന്‍ റ്റാരന്റീനോ. താന്‍ മാര്‍വല്‍ സിനിമകളെ വെറുക്കുന്നില്ല, പക്ഷെ ഹോളിവുഡില്‍ മുഴുവന്‍ മാര്‍വല്‍ സിനിമകള്‍ മാത്രം നിര്‍മ്മിക്കാന്‍ താത്പര്യപ്പെടുന്നത് ഇഷ്ടപ്പെടാത്തത് കൊണ്ടാണെന്നും  ഇങ്ങനെ പറഞ്ഞതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

മാര്‍വല്‍വത്ക്കരണത്തിന്റെ ഭാഗമാണെല്ലാം. മാര്‍വല്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ച അഭിനേതാക്കളെയൊക്കെ നോക്കൂ, അവര്‍ സിനിമാതാരങ്ങളല്ല.ക്യാപ്റ്റന്‍ അമേരിക്കയാണ് താരം, തോറാണ് താരം. ശരിയല്ലേയെന്നും അദ്ദേഹം ചോദിച്ചു.

ഇത് പറയുന്ന ആദ്യത്തെ വ്യക്തിയും താനല്ലെന്നും അദ്ദേഹം പറഞ്ഞു. ഫ്രാഞ്ചെസി കഥാപാത്രങ്ങളാണ് താരമായി മാറുന്നത്. നടന് സ്വത്വമില്ലാതെയാകുന്നു. അവര്‍ കഥാപാത്രങ്ങള്‍ മാത്രമാണ്.ചെറുപ്പത്തില്‍ വളരെ ആവേശത്തോടെ മാര്‍വൽ കോമിക്‌സ് ശേഖരിക്കുമായിരുന്നു. എന്റെ ഇരുപതുകളില്‍ ഈ സിനിമകള്‍ ഇറങ്ങിയിരുന്നെങ്കില്‍ അവയും ഞാന്‍ പൂര്‍ണമായും ഇഷ്ടപ്പെടുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ അവ മാത്രമല്ല സിനിമകള്‍. മറ്റു സിനിമകളോടൊപ്പം ഇതിനെയും ഞാന്‍ ഇഷ്ടപ്പെടുമായിരുന്നു. എന്നാല്‍ എനിക്കിപ്പോള്‍ 60 വയസുണ്ട്. ഞാന്‍ ഇതിനെക്കുറിച്ച് മാത്രം ആലോചിച്ച് അത്ര ആവേശഭരിതനല്ല.-റ്റാരന്റീനോ പറഞ്ഞു. 

ഈ മാസത്തിന് തുടക്കത്തിലാണ് മാര്‍വര്‍ സിനിമകള്‍ നിര്‍മ്മിക്കാന്‍ താത്പര്യപ്പെടുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയത്.നിങ്ങള്‍ക്ക് അങ്ങനെയൊരു ജോലിയ്ക്ക് ആളെ ആവശ്യമുണ്ടായിരിക്കാം.എന്നാല്‍ അത് ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല. താന്‍ ജോലി അന്വേഷിച്ച് നടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു

എന്നാല്‍ റ്റാരന്റീനോയുടെ അഭിപ്രായത്തോട് പ്രതികരിച്ച് കൊണ്ട് ഷാങ്-ചീ നടന്‍ സിമു ലീയും ട്വീറ്റ് ചെയ്തു. സിനിമയിലെ താരപദവിയിലേയ്ക്കുള്ള ഒരേയൊരു വഴി റ്റാരന്റീനോയും സ്‌കോസൈസിയും മാത്രമായിരുന്നെങ്കില്‍ എനിക്കൊരിക്കലും 400 മില്യണ്‍ ഡോളറിന്റെ സിനിമയില്‍ അവസരം ലഭിക്കില്ലായിരുന്നുവെന്നും അദ്ദേഹം തന്റെ ട്വീറ്റിലൂടെ പറഞ്ഞു.
 

Content Highlights: quentin tarantino,marvel movies,simu liu