ഇറാൻ വ്യോമാക്രമണത്തിൽ ടറന്റിനൊ കൊല്ലപ്പെട്ടെന്ന് വ്യാജപ്രചാരണം, പ്രചരിച്ച ദൃശ്യങ്ങൾ AI നിർമിതം

#മൂവി ഡെസ്ക്
സംവിധായകൻ ക്വിന്റിൻ ടറന്റിനൊ | ഫോട്ടോ: AP
സംവിധായകൻ ക്വിന്റിൻ ടറന്റിനൊ | ഫോട്ടോ: AP

ഇസ്രയേലിനെ ലക്ഷ്യമാക്കി ഇറാൻ നടത്തിയ വ്യോമാക്രമണത്തിൽ വിഖ്യാത ഹോളിവുഡ് സംവിധായകൻ ക്വിന്റിൻ ടറന്റിനൊ കൊല്ലപ്പെട്ടെന്ന് വ്യാജപ്രചാരണം. അദ്ദേഹത്തിന്റേതായി പ്രചരിച്ച ദൃശ്യങ്ങൾ നിർമിതബുദ്ധിയുടെ സഹായത്തോടെ നിർമിച്ചതാണെന്ന് വ്യക്തമായി. ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ സംവിധായകനും കുടുംബവും കൊല്ലപ്പെട്ടെന്നായിരുന്നു വ്യാപകപ്രചരണം. എന്നാൽ ഈ വാർത്തകൾ പൂർണമായും അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം സുരക്ഷിതനാണെന്നും അടുത്ത വൃത്തങ്ങൾ സ്ഥിരീകരിച്ചു.

വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് ടറന്റിനൊയും കുടുംബവും മിസൈലാക്രമണത്തിൽ കൊല്ലപ്പെട്ടെന്ന വാർത്ത അതിവേഗം പടർന്നത്. ഇസ്രയേലിലെ ഒരു ബോംബ് ഷെൽട്ടറിനകത്തുള്ള ടറൻ്റിനൊയുടെ ചിത്രങ്ങളും ചെറിയ വീഡിയോ ക്ലിപ്പുകളും ഈ ആശയക്കുഴപ്പത്തിന് കൂടുതൽ വഴിതെളിയിച്ചു. ഈ ദൃശ്യങ്ങൾ പിന്നീട് AI വഴി നിർമിച്ചതോ കൃത്രിമമായി തയ്യാറാക്കിയതോ ആണെന്ന് കണ്ടെത്തി. എക്സിൻ്റെ AI ചാറ്റ്ബോട്ടായ ഗ്രോക്, പല പോസ്റ്റുകളും കൃത്രിമമാണെന്ന് തിരിച്ചറിഞ്ഞതായി റിപ്പോർട്ടുണ്ട്.

ഒരുലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള ഒരു അക്കൗണ്ടിൽ നിന്നാണ് ഈ തെറ്റായ വിവരം ഉത്ഭവിച്ചതെന്നാണ് കരുതുന്നത്. പ്രമുഖ മാധ്യമമായ 'ഡെഡ്‌ലൈൻ' (Deadline) ആണ് ഇത് റിപ്പോർട്ട് ചെയ്തതെന്ന തരത്തിലായിരുന്നു പ്രചരണം നടന്നതെങ്കിലും, തങ്ങൾ ഇങ്ങനെയൊരു വാർത്ത നൽകിയിട്ടില്ലെന്ന് ഡെഡ്‌ലൈൻ പിന്നീട് വ്യക്തമാക്കി. ടറന്റിനൊയും കുടുംബവും സുഖമായിരിക്കുന്നുവെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ ടിഎംസെഡിനോട് സ്ഥിരീകരിച്ചു.

ടറന്റിനൊയ്ക്ക് ഇസ്രയേലുമായി അടുത്ത ബന്ധമുള്ളതാണ് ഇത്തരമൊരു വാർത്ത ആളുകൾ വിശ്വസിക്കാൻ കാരണമായത്. ഇസ്രായേലി ഗായികയായ ഡാനിയേല പിക്ക് ആണ് അദ്ദേഹത്തിന്റെ ഭാര്യ. 2018-ൽ ടറന്റിനൊ സംവിധാനം ചെയ്ത ഇൻഗ്ലോറിയസ് ബാസ്റ്റാഡ്സ് എന്ന ചിത്രത്തിന്റെ പ്രചാരണത്തിനിടെയാണ് ഇരുവരും കണ്ടുമുട്ടുകയും വിവാഹിതരാകുകയും ചെയ്തത്. ഇവർക്ക് രണ്ട് കുട്ടികളുണ്ട്. ടെൽ അവീവിനും ലോസ് ഏഞ്ചൽസിനും ഇടയിലായാണ് അദ്ദേഹം സമയം ചിലവഴിക്കുന്നത്. ഇറാൻ ഇസ്രയേലിനെതിരെ മിസൈൽ ആക്രമണം നടത്തിയ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ താമസസ്ഥലത്തെക്കുറിച്ചുള്ള ആശങ്കകളാണ് ഈ കിംവദന്തിക്ക് വഴിമാറിയത്.

ഹോളിവുഡിലെ ഏറ്റവും പ്രശസ്തനായ സംവിധായകരിൽ ഒരാളായ ടറന്റിനൊ ലോകശ്രദ്ധ നേടിയ വ്യക്തിയാണ്. പൾപ്പ് ഫിക്ഷൻ, റിസർവോയർ ഡോഗ്സ്, കിൽ ബിൽ തുടങ്ങിയ സിനിമകളിലൂടെ പ്രശസ്തനായ അദ്ദേഹം രണ്ട് അക്കാദമി അവാർഡുകൾ, നിരവധി BAFTA, ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.

Content Highlights: Quentin Tarantino is confirmed to be alive and well, contrary to social media rumors., The false claim originated on X, alleging he was killed in an Iranian airstrike on Israel., AI-generated images and fake attributions to credible news outlets were used to spread the misinformation., The hoax gained traction due to the real-world geopolitical tensions between Iran and Israel.