കിലുക്കം, നരസിംഹം, സ്ഫടികം സിനിമകളുടെ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്; വി.വി രാധാകൃഷ്ണൻ അന്തരിച്ചു

ചെന്നൈ: മലയാള ചലച്ചിത്രരംഗത്തെ മുതിർന്ന പ്രൊഡക്ഷൻ എക്സിക്യുട്ടീവ് വി.വി. രാധാകൃഷ്ണൻ (78) ചെന്നൈയിൽ അന്തരിച്ചു. കൊടുങ്ങല്ലൂർ മേത്തല വാഴൂർ കുടുംബാംഗമാണ്. അഞ്ചു പതിറ്റാണ്ടുകാലം മലയാളസിനിമയിൽ നിർമാണ സഹായ രംഗത്ത് സജീവമായിരുന്ന രാധാകൃഷ്ണൻ നൂറിലധികം സിനിമകളിൽ എക്‌സിക്യുട്ടീവായി പ്രവർത്തിച്ചിട്ടുണ്ട്.
കിലുക്കം, നരസിംഹം, ആറാം തമ്പുരാൻ, സ്ഫടികം, മരയ്ക്കാർ അറബിക്കടലിന്റെ സിംഹം തുടങ്ങി ചിത്രങ്ങളുടെ നിർമാണ നിർവഹണത്തിൽ പ്രവർത്തിച്ചു. വിനീത് ശ്രീനിവാസന്റെ ‘ഹൃദയം’ ആണ് ഒടുവിൽ പ്രവർത്തിച്ച ചിത്രം.
പ്രിയദർശൻ, ഐ.വി. ശശി, ഷാജി കൈലാസ് തുടങ്ങി ഒട്ടേറെ പ്രമുഖ സംവിധായകരുടെ ചിത്രങ്ങളുടെയും സുരേഷ് ബാലാജി, മേനകാ സുരേഷ് കുമാർ, ഗാന്ധിമതി ബാലൻ തുടങ്ങിയ പ്രമുഖ നിർമാതാക്കളുടെയുംകൂടെ പ്രവർത്തിച്ചു.
ഭാര്യ: മണി രാധാകൃഷ്ണൻ. മക്കൾ: ലക്കി കണ്ണൻ, ഹണി രാധാകൃഷ്ണൻ (പ്രൊഡക്ഷൻ എക്‌സിക്യുട്ടീവ്, ചെന്നൈ). മരുമക്കൾ: കണ്ണൻ, ജ്യോഷിത. വ്യാഴാഴ്ച ചെന്നൈ ഗെരുഗംബാക്കത്തെ വീട്ടിലെ ചടങ്ങുകൾക്കു ശേഷം ഉച്ചയ്ക്ക് രണ്ടു മണിയോടെ വടപളനി എ.വി.എം. സ്റ്റുഡിയോക്കു സമീപത്തെ ശ്മശാനത്തിലെ ഹാളിൽ പൊതുദർശനത്തിനു വെക്കും. തുടർന്ന് മൂന്നു മണിക്ക് സംസ്‌കാരം.
Content Highlights: Veteran Malayalam cinema production executive V.V. Radhakrishnan passed away at the age of 78 in Chennai. He worked in over 100 films across five decades, including blockbusters like Kilukum, Narasimham, Aaram Thampuran, and Spadikam. His last project as a production executive was Vineeth Sreenivasan's film Hridayam. Funeral rites and public homage are scheduled to be held in Chennai