'നിയമപരമായി വിവാഹമോചനം നേടിയിട്ടുവേണം മറ്റൊരാൾക്കൊപ്പം ജീവിക്കാൻ'; വിജയ്‌ക്കെതിരേ നിർമാതാവ്

#Movies Desk
ജി. ധനഞ്ജയന്‍, വിജയ്‌യും തൃഷയും | Photo: X/ G Dhananjheyan, PRAKASH
ജി. ധനഞ്ജയന്‍, വിജയ്‌യും തൃഷയും | Photo: X/ G Dhananjheyan, PRAKASH

നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്‌ക്കെതിരേ പരോക്ഷവിമർശനവുമായി തമിഴിലെ പ്രശസ്ത നിർമാതാവ് ജി. ധനഞ്ജയൻ. പ്രശസ്തരും ഒട്ടേറെ ആരാധകരുമുള്ള പൊതുവ്യക്തിത്വങ്ങൾക്ക്, എങ്ങനെ സത്യസന്ധമായ ജീവിതം നയിക്കണമെന്ന് സാധാരണക്കാർക്ക് കാണിച്ചുകൊടുക്കേണ്ട ബാധ്യതയുണ്ടെന്ന് ധനഞ്ജയൻ സാമൂഹികമാധ്യമങ്ങളിൽ കുറിച്ചു. ആ ഉത്തരവാദിത്തം മറന്നാൽ ആളുകൾക്ക് അവരോടുള്ള ബഹുമാനം നഷ്ടപ്പെടുമെന്നും അദ്ദേഹം വിമർശിച്ചു. നിയമപരമായി വിവാഹമോചനം നേടിയ ശേഷം മാത്രമേ ഇഷ്ടമുള്ളവരുടെ കൂടെ ജീവിക്കാൻ പാടുള്ളൂവെന്നും വിജയ്‌യുടെ പേരെടുത്ത് പറയാത്ത പോസ്റ്റിലെ കമന്റിന് മറുപടിയായി ധനഞ്ജയൻ വ്യക്തമാക്കി.

'അധികാരവും പ്രശസ്തിയുമുണ്ടാവുമ്പോൾ ഉത്തരവാദിത്തവും വർധിക്കുന്നു- എന്നത് 'സ്‌പൈഡർമാനി'ലെ പ്രശസ്തമായ സംഭാഷണമാണ്. സത്യസന്ധവും ആത്മാഭിമാനവുമുള്ള ജീവിതം എങ്ങനെ നയിക്കണമെന്ന് സാധാരണക്കാർക്ക് കാണിച്ചുകൊടുക്കേണ്ട ബാധ്യത പ്രശസ്തരായ ആളുകൾക്കുണ്ട്. അത് അവഗണിക്കുമ്പോൾ എല്ലാവർക്കും അവരോടുള്ള ബഹുമാനം നഷ്ടപ്പെടുന്നു', ധനഞ്ജയൻ എക്‌സിൽ കുറിച്ചു.

'ഏതൊരു വ്യക്തിക്കും കുടുംബമാണ് പ്രധാനം. കുടുംബത്തെ അവഗണിക്കുകയോ മാനസികമായും വൈകാരികമായും അധാർമികമായി പെരുമാറുകയോ ചെയ്താൽ, അവരോടുള്ള സ്‌നേഹവും ബഹുമാനവും നഷ്ടപ്പെടുന്നു. ഇത്തരം പ്രവൃത്തികളെ ഒരു സാഹചര്യത്തിലും സാധാരണമായിക്കാണാനോ ന്യായീകരിക്കാനോ കഴിയില്ല. കുടുംബത്തോട് ചേർന്നുനിൽക്കുന്ന വ്യക്തിയെന്ന നിലയിൽ, ലക്ഷക്കണക്കിന് ആരാധകർക്ക് തെറ്റായ മാതൃക കാണിക്കുന്ന ചില പ്രമുഖ നടന്മാരുടെ പ്രവൃത്തികൾ എന്നെ അലട്ടുന്നു.' അദ്ദേഹം കൂട്ടിച്ചേർത്തു.

നിർമാതാവിന്റെ അഭിപ്രായത്തെ പിന്തുണച്ചും വിമർശിച്ചും ഒട്ടേറെപ്പേരാണ് രംഗത്തെത്തിയത്. അത്തരത്തിൽ ഒരു കമന്റിന് മറുപടിയായാണ്, നിയമപരമായി വിവാഹമോചനം നേടിയ ശേഷമേ, ഇഷ്ടമുള്ള മറ്റൊരാൾക്കൊപ്പം ജീവിക്കാൻ പാടുള്ളൂയെന്ന നിലപാട് ധനഞ്ജയൻ വ്യക്തമാക്കിയത്.

'കുടുംബമായി ജീവിക്കുന്ന ഒരാൾ ആദ്യം നിയമപരമായി വിവാഹബന്ധം വേർപ്പെടുത്തണം. എന്നിട്ടേ ഇഷ്ടമുള്ള രീതിയിൽ ആർക്കൊപ്പം വേണമെങ്കിലും ജീവിക്കാൻ പാടുള്ളൂ. അങ്ങനെയല്ലാത്ത ജീവിതരീതികളെ സാധാരണവത്കരിക്കരുത്. ഇങ്ങനെയുള്ള സമീപനം എല്ലാവരും പിന്തുടർന്നാൽ അത് സമൂഹത്തെ നശിപ്പിക്കും. അങ്ങനെ ജീവിക്കുന്ന എല്ലാ അഭിനേതാക്കളോടുമാണ്, ഒന്നോ രണ്ടോപേരോടല്ല.' അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞദിവസം ചെന്നൈയിൽ തമിഴ് നിർമാതാവായ കൽപ്പാത്തി എസ്. സുരേഷിന്റെ മകന്റെ വിവാഹവിരുന്നിന് തൃഷയ്‌ക്കൊപ്പമായിരുന്നു വിജയ് എത്തിയത്. ഇരുവരും ഒരേ തരത്തിലുള്ള വസ്ത്രം ധരിച്ച്, ഒരേ കാറിലെത്തി ഒരുമിച്ച് മടങ്ങി. ഇത് വലിയ ചർച്ചകൾക്ക് വഴിവെച്ചു. വിജയ്‌യുടെ ഭാര്യ സംഗീത സ്വർണ്ണലിംഗം വിവാഹമോചന ഹർജി നൽകിയ പശ്ചാത്തലത്തിലാണ് ഇരുവരും ചടങ്ങിൽ ഒന്നിച്ചെത്തിയത് ചർച്ചകൾക്ക് വഴിവെച്ചത്. വിജയ്ക്ക് ഒരു നടിയുമായി ഏറെക്കാലമായി വിവാഹേതരബന്ധമുണ്ടെന്ന ആരോപണം സംഗീത വിവാഹമോചന ഹർജിയിൽ ഉന്നയിച്ചിരുന്നു.

Content Highlights: Producer G. Dhananjayan's indirect criticism of actor Vijay's personal conduct. Highlights the responsibility of public figures to lead by example. Context involves Vijay's public appearance with Trisha amid his divorce proceedings. The producer insists on legal divorce before starting a new relationship