സിനിമാ ജീവിതത്തിൽ സംഭവിച്ച ഏറ്റവും വലിയ അടി; ശാകുന്തളം പരാജയത്തേക്കുറിച്ച് നിർമാതാവ്

സാമന്ത, ദേവ് മോഹൻ എന്നിവർ മുഖ്യവേഷങ്ങളിലെത്തിയ ചിത്രമായിരുന്നു ശാകുന്തളം. ഗുണശേഖർ സംവിധാനം ചെയ്ത ചിത്രം ഏറെ പ്രതീക്ഷകളോടെയാണ് തിയേറ്ററുകളിലെത്തിയത്. വൻ ബജറ്റിൽ ത്രീഡി സാങ്കേതികവിദ്യയിലെത്തിയ ചിത്രം പക്ഷേ പ്രേക്ഷകരെ തൃപ്തിപ്പെടുത്താതെ റിലീസ് ചെയ്ത് അധികനാൾ കഴിയും മുന്നേ തന്നെ തിയേറ്റർ വിട്ടു. ചിത്രത്തിന്റെ പരാജയത്തേക്കുറിച്ച് നിർമാതാവ് ദിൽ രാജു പറഞ്ഞ വാക്കുകൾ ചർച്ചയാവുകയാണ്.
20 കോടിയോളമാണ് ശാകുന്തളം കാരണം തനിക്ക് സംഭവിച്ച നഷ്ടമെന്ന് ദിൽ രാജു ഒരു യൂ ട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. തന്റെ 25 വർഷത്തെ സിനിമാ ജീവിതത്തിൽ സംഭവിച്ച ഏറ്റവും വലിയ അടിയായിരുന്നു ശാകുന്തളമെന്നും അദ്ദേഹം വ്യക്തമാക്കി. ‘‘2017 എന്റെ കരിയറിലെ മികച്ച വർഷമായിരുന്നു. നേനു ലോക്കൽ, ശതമാനം ഭവതി, മിഡിൽ ക്ലാസ് അബ്ബായി തുടങ്ങി ലാഭം കിട്ടിയ ഒരുപാട് സിനിമകൾ ഉണ്ടായി. അൻപത് സിനിമകൾ നിർമിച്ചവയിൽ നാലോ അഞ്ചോ സിനിമകളാണ് നഷ്ടമുണ്ടാക്കിയത്. എന്നാൽ 25 വർഷത്തെ സിനിമാ കരിയറിൽ എനിക്ക് ഏറ്റവും നഷ്മുണ്ടാക്കിയ സിനിമയാണ് ശാകുന്തളം.’’–ദിൽ രാജുവിന്റെ വാക്കുകൾ.
ആ പരാജയം താൻ സമ്മതിക്കുന്നതായും ഉൾക്കൊള്ളുന്നതായും ദിൽ രാജു പറഞ്ഞു. പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടിരുന്നെങ്കിൽ അതൊരു ബ്ലോക്ക് ബസ്റ്ററായേനേ. എവിടെയാണ് തെറ്റുപറ്റിയതെന്ന് പരിശോധിക്കും. ആ സിനിമയിൽ അത്രയേറെ വിശ്വാസമുണ്ടായിരുന്നതുകൊണ്ടാണ് റിലീസീന് നാലുദിവസം മുമ്പ് പ്രിവ്യൂ ഷോ നടത്തിയത്. പക്ഷേ കണക്കുകൂട്ടലുകൾ തെറ്റിപ്പോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തെലുങ്കിനു പുറമേ, ഹിന്ദി, മലയാളം, തമിഴ്, കന്നഡ ഭാഷകളിലും റിലീസ് ചെയ്ത ചിത്രം പുറത്തിറങ്ങി ആദ്യ ആഴ്ചയിൽ നേടിയത് വെറും ഏഴ് കോടി രൂപ മാത്രമാണ്. ആഗോളതലത്തിൽ റിലീസ് ചെയ്തിട്ടും കാര്യമായ നേട്ടമുണ്ടാക്കാൻ ചിത്രത്തിനായില്ല. അറുപത്തഞ്ച് കോടിയായിരുന്നു ചിത്രത്തിന്റെ മുടക്കുമുതലെന്നാണ് റിപ്പോർട്ട്. ദൃശ്യ വിസ്മയമൊരുക്കാൻ നടത്തിയ ശ്രമങ്ങളെല്ലാം കാലഹരണപ്പെട്ടതായി തോന്നുന്നുവെന്നായിരുന്നു ചിത്രം നേരിട്ട പ്രധാന വിമർശനം.
Content Highlights: producer dil raju about shaakuntalam movie failure, samantha and dev mohan