'അച്ഛൻ പോയപ്പോൾ ചേർത്തുപിടിച്ചയാൾ, എന്നും എന്റെ പരിശീലകൻ'; സുനിൽ ഥാപ്പയെ അനുസ്മരിച്ച് പ്രിയങ്ക ചോപ്ര

അന്തരിച്ച നടൻ സുനിൽ ഥാപ്പയെ അനുസ്മരിച്ച് ബോളിവുഡ് താരം പ്രിയങ്കാ ചോപ്ര. 2014-ൽ പുറത്തിറങ്ങിയ മേരി കോം എന്ന ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിച്ച പ്രിയങ്കയുടെ പരിശീലകന്റെ വേഷത്തിലെത്തിയത് നേപ്പാളിൽ നിന്നുള്ള നടനായ സുനിൽ ഥാപ്പയായിരുന്നു. എല്ലായ്‌പ്പോഴും തന്റെ പരിശീലകനായിരിക്കും സുനിൽ ഥാപ്പയെന്ന് പ്രിയങ്ക പറഞ്ഞു.
ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു പ്രിയങ്കയുടെ അനുശോചനം. മേരി കോം എന്ന ചിത്രത്തിലെ രംഗവും താരം പോസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു. പിതാവ് നഷ്ടമായ സമയത്ത് തന്നെ ചേർത്തുപിടിച്ചയാളാണ് സുനിൽ ഥാപ്പയെന്നും പ്രിയങ്ക പറഞ്ഞു. ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞദിവസമാണ് സുനിൽ ഥാപ്പ അന്തരിച്ചത്.
Also Read: നടൻ സുനിൽ ഥാപ്പ അന്തരിച്ചു; മേരി കോമിലെ പരിശീലകന്റേത് ഉൾപ്പെടെ നിരവധി വേഷങ്ങൾ ചെയ്ത താരം
'താങ്കൾ എല്ലായ്‌പ്പോഴും എന്റെ പരിശീലകനായിരിക്കും സാർ. എന്റെ പിതാവിനെ നഷ്ടമായപ്പോൾ താങ്കൾ എന്നെ ചേർത്തുപിടിച്ചു. താങ്കൾ എന്നെ സ്‌നേഹിച്ചു, ദുർഘടമായ സമയങ്ങളിൽ സഹായിക്കുകയാണെന്ന് അറിയാതെ എന്നെ സഹായിച്ചു. താങ്കളുടെ ഊഷ്മളമായ ആലിംഗനങ്ങളും ചിരിയും എന്നെന്നും എന്റെ ഓർമകളുടെ ഭാഗമായിരിക്കും.' -പ്രിയങ്കാ ചോപ്ര പറഞ്ഞു.
'വളരെ നേരത്തെയാണ് പോയത്. പക്ഷേ ഒരിക്കലും മറക്കില്ല. ഞാൻ തകർന്നിരിക്കുകയായിരുന്ന സമയത്തെ സഹാനുഭൂതിക്ക് നന്ദി. സുനിൽ ഥാപ്പ, താങ്കൾക്ക് നിത്യശാന്തി നേരുന്നു. കുടുംബത്തേയും പ്രിയപ്പെട്ടവരേയും അനുശോചനങ്ങൾ അറിയിക്കുന്നു.' -പ്രിയങ്കാ ചോപ്ര പറഞ്ഞുനിർത്തി.
വെള്ളിയാഴ്ച രാവിലെ കാഠ്മണ്ഡുവിൽ വെച്ചായിരുന്നു സുനിൽ ഥാപ്പയുടെ അന്ത്യം. മരിക്കുന്നതിന്റെ തലേരാത്രി വൈകിയും ഷൂട്ടിങ്ങിൽ സജീവമായിരുന്നു സുനിൽ ഥാപ്പയെന്ന് സിനി ആൻഡ് ടിവി ആർട്ടിസ്റ്റ്‌സ് അസോസിയേഷൻ (സിഐഎൻടിഎഎ) അനുശോചനക്കുറിപ്പിൽ പറഞ്ഞു. ‘റാം നാം സത്യോ ഹോ’ എന്ന ചിത്രത്തിലാണ് അദ്ദേഹം അഭിനയിച്ചിരുന്നത്.
Content Highlights: Priyanka Chopra shared a moving tribute to late actor Sunil Thapa, who played her coach in Mary Kom. She revealed that Thapa supported her through the immense grief of losing her father, Ashok Chopra, during the film's production, describing him as her "forever coach."