സാരിയുടുത്ത് കൈയിൽ തോക്കേന്തി ‘മന്ദാകിനി’യായി പ്രിയങ്കാ ചോപ്ര; സ്വാഗതംചെയ്ത് രാജമൗലി

#Movie Desk
പ്രിയങ്കാ ചോപ്ര, പ്രിയങ്കാ ചോപ്ര രാജമൗലി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ | Photo: PTI, X/ rajamouli ss
പ്രിയങ്കാ ചോപ്ര, പ്രിയങ്കാ ചോപ്ര രാജമൗലി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ | Photo: PTI, X/ rajamouli ss

മഹേഷ് ബാബുവിനെ നായകനാക്കി എസ്.എസ്. രാജമൗലി സംവിധാനംചെയ്യുന്ന എസ്എസ്എംബി29 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തെലുങ്ക് ചിത്രത്തിലെ പ്രിയങ്കാ ചോപ്രയുടെ ഫസ്റ്റ് ലുക്ക് പുറത്തുവന്നു. രാജമൗലിയും പ്രിയങ്കാ ചോപ്രയുമുള്‍പ്പെടെ പോസ്റ്റര്‍ പങ്കുവെച്ചു. ചിത്രത്തില്‍ മന്ദാകിനി എന്ന കഥാപാത്രത്തെയാണ് പ്രിയങ്ക അവതരിപ്പിക്കുന്നത്.

ഏറെക്കാലത്തിന് ശേഷം പ്രിയങ്കാ ചോപ്ര അഭിനയിക്കുന്ന ഇന്ത്യന്‍ ഭാഷാ സിനിമയെന്ന പ്രത്യേകത ഗ്ലോബ്‌ടോട്ടര്‍ എന്നും താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിനുണ്ട്. 2019-ലാണ് പ്രിയങ്കാ ചോപ്ര അവസാനമായി ഒരു ഇന്ത്യന്‍ഭാഷാ ചിത്രത്തില്‍ അഭിനയിച്ചത്. പിന്നീട് വന്നതെല്ലാം ഇംഗ്ലീഷ് ചിത്രങ്ങളായിരുന്നു. ഇന്ത്യന്‍ സിനിമയിലേക്ക് പ്രിയങ്കയെ തിരികെ സ്വാഗതംചെയ്തുകൊണ്ടാണ് രാജമൗലി ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്.

'ആഗോളതലത്തില്‍ ഇന്ത്യന്‍ സിനിമയെ പുനര്‍നിര്‍വചിച്ച വനിത. തിരികെ സ്വാഗതം, ദേസി ഗേള്‍. മന്ദാകിനിയായുള്ള നിങ്ങളുടെ വേഷപ്പകര്‍ച്ച കാണാന്‍ അക്ഷമനായി കാത്തിരിക്കുന്നു'- എന്നാണ് രാജമൗലി കുറിച്ചത്. കാണുന്നതിനുമപ്പുറമാണ് മന്ദാകിനിയെന്നാണ് പ്രിയങ്ക കുറിച്ചത്. മഞ്ഞസാരിയില്‍ കൈയില്‍ പിസ്റ്റളുമേന്തിയാണ് പോസ്റ്ററില്‍ മന്ദാകിനി എന്ന കഥാപാത്രമായി പ്രിയങ്ക എത്തുന്നത്.

മഹേഷ് ബാബു നായകനാകുന്ന ചിത്രത്തില്‍ പൃഥ്വിരാജ് സുകുമാരനാണ് വില്ലന്‍. കുംഭ എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് ചിത്രത്തില്‍ എത്തുന്നത്. പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.

എം.എം. കീരവാണിയാണ് സംഗീതം. ചിത്രത്തിലെ ആദ്യഗാനം പുറത്തുവന്നിട്ടുണ്ട്. വി. വിജയേന്ദ്രപ്രസാദ് ആണ് തിരക്കഥയൊരുക്കുന്നത്‌.

Content Highlights: Priyanka Chopra makes a stunning comeback to Indian cinema as `Mandakini` in SS Rajamouli`s SSMB29