മലയാളത്തിലേയും തെലുങ്കിലേയും ഇതിഹാസ നടന്മാർ, അഭിമാനം മാത്രം; പൃഥ്വിരാജിനേയും മഹേഷ് ബാബുവിനേയുംകുറിച്ച് പ്രിയങ്കാ ചോപ്ര

പൃഥ്വിരാജിനും മഹേഷ് ബാബുവിനും ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് പ്രിയങ്കാ ചോപ്ര. രാജമൗലി സംവിധാനം ചെയ്യുന്ന വാരണാസി എന്ന ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപന ചടങ്ങിന് എത്തിയപ്പോഴുള്ള ചിത്രങ്ങളാണ് പ്രിയങ്ക പങ്കുവച്ചത്. ചിത്രങ്ങൾക്കൊപ്പമുള്ള കുറിപ്പിൽ രണ്ട് നടന്മാരേയും ഇതിഹാസതാരങ്ങളെന്നാണ് അവർ വിശേഷിപ്പിച്ചത്. മലയാളത്തിലെയും തെലുങ്കിലെയും ഇതിഹാസ താരങ്ങൾക്കൊപ്പം അഭിനയിക്കാൻ കഴിയുന്നതിൽ അഭിമാനമുണ്ടെന്ന് പ്രിയങ്ക ചോപ്ര കുറിച്ചു.
"തെലുങ്ക്, മലയാളം സിനിമകളിലെ ഈ രണ്ട് ഇതിഹാസങ്ങൾക്കൊപ്പം എസ്.എസ്. രാജമൗലിയുടെ ഒരു ചിത്രത്തിൽ അഭിനയിക്കുന്നത് ഏറെ അഭിമാനം നൽകുന്ന കാര്യമാണ്. റിലീസിന് ഒരു വർഷം മുൻപ്, രാജമൗലി സാറിനൊപ്പം, രാജ്യാന്തര മാധ്യമങ്ങൾക്കും അഭിനേതാക്കൾക്കുമൊപ്പം ഞങ്ങളുടെ സിനിമ പ്രൊമോട്ട് ചെയ്യാൻ കഴിഞ്ഞത് അവിശ്വസനീയമാംവിധം ആവേശം തരുന്നു. അവരുടെ പ്രതികരണങ്ങളും ആവേശവും കാണുമ്പോൾ ശരിക്കും അദ്ഭുതം തോന്നുന്നു. ദൈവകൃപയാൽ, ഞങ്ങൾ നിങ്ങളുടെ പ്രതീക്ഷകൾക്കൊത്ത് ഉയരും. ജയ് ശ്രീ റാം." പ്രിയങ്കാ ചോപ്രയുടെ വാക്കുകൾ.
മന്ദാകിനി എന്ന കഥാപാത്രമായാണ് 'വാരണാസി'യിൽ പ്രിയങ്ക ചോപ്രയെത്തുന്നത്. പ്രതിനായക കഥാപാത്രമായ കുംഭയായിട്ടാണ് പൃഥ്വിരാജ് എത്തുന്നത്. മഹേഷ് ബാബു ആദ്യമായി ഒരു പുരാണ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘വാരണസി’. രുദ്ര എന്നാണ് കഥാപാത്രത്തിന്റെ പേര്. ചിത്രത്തിന്റെ ടൈറ്റിൽ ടീസർ മികച്ച പ്രതികരണങ്ങളാണ് നേടുന്നത്. ഇന്ത്യയിലെ ഏറ്റവും ചെലവേറിയ സിനിമയെന്ന ഖ്യാതിയും ചിത്രം ഇതിനകം നേടിയിട്ടുണ്ട്.
ചിത്രത്തിന് രാമായണവുമായുള്ള ബന്ധത്തെക്കുറിച്ച് സൂചന നൽകുന്നതാണ് കഴിഞ്ഞദിവസം പുറത്തുവന്ന ആദ്യദൃശ്യങ്ങൾ സൂചിപ്പിക്കുന്നത്. ടൈം ട്രാവലും പ്രമേയം ചർച്ച ചെയ്യുന്നുണ്ടെന്നാണ് അഭ്യൂഹം. എം.എം. കീരവാണിയാണ് സംഗീത സംവിധാനം. ചിത്രം 2027-ലെ സംക്രാന്തിക്ക് തിയേറ്ററുകളിൽ റിലീസ് ചെയ്യാനാണ് പദ്ധതി.
Content Highlights: Priyanka Chopra shares photos with Prithviraj and Mahesh Babu at the title announcement of SS Rajamouli`s epic film `Varanasi`. Get details on her role & the star-studded cast.