പ്രിയങ്ക ചോപ്രയും ആഞ്ജലീന ജോളിയും ഒന്നിക്കുന്നു; ആരാധകരെ ആവേശത്തിലാക്കി ആ പുതിയ പ്രഖ്യാപനം!

#മൂവീസ് ഡെസ്ക്
പ്രിയങ്ക ചോപ്ര, ആഞ്ജലീന ജൂലി | Photo: AFP, AP
പ്രിയങ്ക ചോപ്ര, ആഞ്ജലീന ജൂലി | Photo: AFP, AP

ഹോളിവുഡ് സൂപ്പർതാരം ആഞ്ജലീന ജോളിയും ഇന്ത്യൻ താരം പ്രിയങ്ക ചോപ്രയും പുതിയ പ്രോജക്ടിൽ ഒന്നിക്കാനൊരുങ്ങുന്നു. ഫോർച്യൂൺ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഈ പുതിയ കൂട്ടുകെട്ടിനെക്കുറിച്ച് വെളിപ്പെടുത്തിയത്. എന്നാൽ ഈ പ്രോജക്ടിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ പ്രിയങ്ക തയ്യാറായിട്ടില്ല.

ഇതൊരു സിനിമയാണോ, എന്തെങ്കിലും വാണിജ്യ കാംപെയ്നാണോ, അതോ ജീവകാരുണ്യ പ്രവർത്തനമാണോ എന്നൊന്നും വ്യക്തമല്ല. ഹോളിവുഡിൽ തന്നെ ഏറെ പ്രചോദിപ്പിച്ച വനിതകളെക്കുറിച്ച് സംസാരിച്ച പ്രിയങ്ക, പെനലോപ്പ് ക്രൂസ്, സൽമ ഹായെക്ക് എന്നിവർക്കൊപ്പം ആഞ്ജലീന ജൂലിയുടെ പേരും എടുത്തു പറയുകയുണ്ടായി. വിനോദ വ്യവസായത്തിൽ മികച്ച സ്വാധീനം ചെലുത്തിയ ഇവരെ തന്റെ സുഹൃത്തുക്കളും മാതൃകാ വ്യക്തിത്വങ്ങളുമായാണ് പ്രിയങ്ക വിശേഷിപ്പിക്കുന്നത്.

എന്തായാലും ആഗോള ഐക്കണുകളായ ഈ രണ്ട് താരങ്ങൾ ഒന്നിക്കുന്നുവെന്ന റിപ്പോർട്ടുകൾ ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്. ഒരു ഡസണിലേറെ ഹോളിവുഡ് ചിത്രങ്ങളും ക്വാണ്ടിക്കോ, സിറ്റാഡെൽ പോലുള്ള ഹിറ്റ് വെബ്സീരീസുകളിലൂടെയും ആഗോള തലത്തിൽ ജനപ്രീതിയാർജിച്ച താരമാണ് 43-കാരിയായ പ്രിയങ്ക ചോപ്ര. സിറ്റാഡെലിന്റെ രണ്ടാം സീസൺ ഇക്കഴിഞ്ഞ മേയിലാണ് പ്രൈം വീഡിയോയിൽ പുറത്തിറങ്ങിയത്. ഇതിനുപുറമേ അഭിമുഖങ്ങളിലൂടെയും തന്റെ നിലപാടുകളിലൂടെയും പ്രിയങ്ക ശ്രദ്ധയാകർഷിച്ചിട്ടുണ്ട്.

ഓർലാൻഡോ ബ്ലൂമിനൊപ്പമുള്ള പ്രിയങ്കയുടെ പുതിയ പ്രോജക്ടിന്റെ പ്രവർത്തനങ്ങളും ഉടൻ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ എസ്.എസ്. രാജമൗലിയുടെ 'വാരണാസി' എന്ന ചിത്രത്തിന്റെ അവസാന ഘട്ട ഷെഡ്യൂൾ പൂർത്തിയാക്കുന്ന തിരക്കിലാണ് പ്രിയങ്ക ചോപ്ര.

തന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ പ്രോജക്ടുകളിലൊന്നായി താരം വിശേഷിപ്പിക്കുന്ന ഈ ചിത്രം 2027 ഏപ്രിലിലാണ് തിയേറ്ററുകളിൽ എത്തുക. കൂടാതെ, മീരാ നായർ സംവിധാനം ചെയ്യുന്ന 'അമ്രി' എന്ന ബയോഗ്രാഫിക്കൽ ഡ്രാമയിലും പ്രിയങ്ക അഭിനയിക്കുന്നുണ്ട്. പ്രിയങ്ക പ്രധാന കഥാപാത്രമായുള്ള ഇംഗ്ലീഷ് വെബ്സീരീസ് ഇക്കഴിഞ്ഞ മേയിലാണ് പ്രൈം വീഡിയോയിൽ പുറത്തിറങ്ങിയത്.

Content Highlights: Global icon Priyanka Chopra has revealed an upcoming, undisclosed collaboration with Hollywood superstar Angelina Jolie, adding to her highly anticipated slate of projects that includes SS Rajamouli's 'Varanasi' and Mira Nair's 'Amri'.