വ്യത്യസ്ത വേഷത്തിൽ സെയ്ഫ് അലിഖാൻ, സൈക്കോ വില്ലനായി അക്ഷയ് കുമാർ; പ്രിയദർശന്റെ 'ഹൈവാൻ' ടീസർ

#മൂവി ഡെസ്ക്
ഹൈവാൻ എന്ന ചിത്രത്തിന്റെ പോസ്റ്റർ | ഫോട്ടോ: അറേഞ്ച്ഡ്
ഹൈവാൻ എന്ന ചിത്രത്തിന്റെ പോസ്റ്റർ | ഫോട്ടോ: അറേഞ്ച്ഡ്

അക്ഷയ് കുമാർ, സെയ്ഫ് അലി ഖാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദർശൻ ഒരുക്കുന്ന 'ഹൈവാൻ' ആദ്യ ടീസർ പുറത്ത്. 2026 സെപ്റ്റംബർ 11 നാണ് ചിത്രം ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുക. ചിത്രത്തിന്റെ തിരക്കഥ രചിച്ചതും പ്രിയദർശൻ തന്നെയാണ്. കെ വി എൻ പ്രൊഡക്ഷൻസ്, തെസ്‌പിയൻ ഫിലിംസ് എന്നിവയുടെ ബാനറുകളിൽ വെങ്കട് കെ നാരായണ, ശൈലജ ദേശായി ഫെൻ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്.

ത്രില്ലർ ആയി ഒരുക്കിയ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അക്ഷയ് കുമാർ, സെയ്ഫ് അലി ഖാൻ എന്നിവരെ, ഇതുവരെ കാണാത്ത രീതിയിലാണ് പ്രിയദർശൻ പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത്. ആദ്യാവസാനം പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ഒരു ത്രില്ലർ ആയിരിക്കും ചിത്രമെന്ന സൂചനയും ടീസർ നൽകുന്നു. പ്രിയദർശൻ ചിത്രങ്ങളുടെ ഹൈലൈറ്റ് ആയ ഗംഭീര ഫ്രയിമുകളും പശ്‌ചാത്തല സംഗീതവുമാണ് ടീസറിന്റെ പ്രധാന ആകർഷണം. വമ്പൻ സസ്‌പെൻസും ഡ്രാമയും കോർത്തിണക്കിയാണ് പ്രിയദർശൻ ഈ എഡ്ജ് ഓഫ് ദി സീറ്റ് ത്രില്ലർ ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് റിപ്പോർട്ട്.

ബോളിവുഡിലെ വമ്പൻ താരങ്ങളായ അക്ഷയ് കുമാർ, സെയ്ഫ് അലി ഖാൻ എന്നിവർ ഒരിടവേളക്ക് ശേഷം ഈ ചിത്രത്തിലൂടെ വീണ്ടും ഒന്നിക്കുകയാണ് എന്ന പ്രത്യേകതയുമുണ്ട്. സയ്യാമി ഖേർ, ശ്രിയ പിൽഗാവോങ്കർ, ബൊമൻ ഇറാനി, രാജ്പാൽ യാദവ്, ശരീബ്‌ ഹാഷ്മി, രാജേഷ് ശർമ്മ, പഹൽ ചൗധരി, മനോജ് ജോഷി എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. കേരളത്തിൽ ചിത്രീകരണം ആരംഭിച്ച 'ഹൈവാൻ', കൊച്ചി, വാഗമൺ, ഊട്ടി, മുംബൈ എന്നിവിടങ്ങളിൽ ആയാണ് പൂർത്തീകരിച്ചത്.

അക്ഷയ് കുമാറിനൊപ്പം ഒട്ടേറെ സൂപ്പർ ഹിറ്റുകൾ ബോളിവുഡിൽ ഒരുക്കിയിട്ടുള്ള പ്രിയദർശൻ ആദ്യമായാണ് സെയ്ഫ് അലി ഖാനുമായി ഒരു ചിത്രത്തിൽ ഒന്നിക്കുന്നത്. സാബു സിറിൾ ആണ് ഈ ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ. പ്രിയദർശൻ, അക്ഷയ് കുമാർ, സെയ്ഫ് അലിഖാൻ, സാബു സിറിൾ എന്നീ 4 ദേശീയ പുരസ്കാര ജേതാക്കൾ ഒന്നിക്കുന്നു എന്നതും ഹൈവാന്റെ ഹൈലൈറ്റ് ആണ്.

ഇപ്പോൾ വന്നിരിക്കുന്ന ടീസറോടെ, 2026 ഇൽ സിനിമാ പ്രേമികൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന തീയേറ്റർ അനുഭവങ്ങളിൽ ഒന്നായി "ഹൈവാൻ" മാറിക്കഴിഞ്ഞു. ഈ വർഷം ഏപ്രിൽ മാസത്തിൽ പുറത്തു വന്ന മറ്റൊരു പ്രിയദർശൻ - അക്ഷയ് കുമാർ ചിത്രമായ 'ഭൂത് ബംഗ്ലാ' ബ്ലോക്ക്ബസ്റ്റർ വിജയമാണ് നേടിയത്. അത് കൊണ്ട് തന്നെ ഇവർ വീണ്ടുമൊന്നിക്കുന്ന ചിത്രമെന്ന നിലയിൽ കൂടി വലിയ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ 'ഹൈവാൻ' കാത്തിരിക്കുന്നത്.

മഞ്ഞുമ്മൽ ബോയ്സിന് ശേഷം ചിദംബരം സംവിധാനം ചെയ്ത മലയാള ചിത്രം "ബാലൻ" നിർമ്മിച്ചതും കെ വി എൻ പ്രൊഡക്ഷൻസ്, തെസ്‌പിയൻ ഫിലിംസ് എന്നിവർ ചേർന്നാണ്. ഇവർ രണ്ടും പേരും ഒരുമിച്ചു നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് "ഹൈവാൻ". തമിഴിലെ വമ്പൻ ചിത്രമായ ദളപതി വിജയ്‌യുടെ 'ജനനായകൻ', ഓഗസ്റ്റ് 26 നു പുറത്തു വരുന്ന ഗീതു മോഹൻദാസ്-യാഷ് ടീമിന്റെ ബ്രഹ്മാണ്ഡ കന്നഡ ചിത്രമായ 'ടോക്സിക്' എന്നിവ നിർമ്മിച്ചതും കെ വി എൻ പ്രൊഡക്ഷൻസ് ആണ്.

നിർമ്മാണം- വെങ്കട്ട് കെ. നാരായണ, ശൈലജ ദേശായി ഫെൻ, തിരക്കഥ- പ്രിയദർശൻ, അഭിലാഷ് നായർ, രോഹൻ ശങ്കർ, പ്രൊഡക്ഷൻ ഡിസൈനർ- സാബു സിറിൽ, കോ-ഡയറക്ടർ- അഭിലാഷ് നായർ, ഛായാഗ്രഹണം - ദിവാകർ മണി, സംഗീതം - പ്രീതം, സംഭാഷണങ്ങൾ- രോഹൻ ശങ്കർ, അസോസിയേറ്റ് പ്രൊഡ്യൂസർമാർ- പൂജ ഷാ, ധവാൽ ജതാനിയ, ആക്ഷൻ ഡയറക്ടർമാർ- സ്റ്റണ്ട് സിൽവ, രവി ത്യാഗരാജൻ, എഡിറ്റർ- അയ്യപ്പൻ നായർ M.S., കോസ്റ്റും ഡിസൈനർമാർ- വി. സായ് ബാബു, കോമൾ ഷഹാനി മോഹൻ, വിഎഫ്എക്സ് സൂപ്പർവൈസർ- സിദ്ധാർത്ഥ് പ്രിയദർശൻ, കാസ്റ്റിംഗ് ഡയറക്ടർ- അമർബീർ ബജ്വ, പിആർഒ - വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ

Content Highlights: The thrilling first teaser for Priyadarshan's upcoming directorial Haiwaan, starring Akshay Kumar as a psycho villain alongside Saif Ali Khan, has been released ahead of its September 11, 2026 global theatrical premiere.