'തിരക്കഥയിൽ ഇല്ലാതിരുന്നിട്ടും അയാൾ തുടർച്ചയായി ചുംബിച്ചുകൊണ്ടിരുന്നു'; ദുരനുഭവം വെളിപ്പെടുത്തി നടി

തന്റെ കരിയറിന്റെ തുടക്കകാലത്ത് നേരിടേണ്ടി വന്ന അലോസരപ്പെടുത്തുന്ന അനുഭവം വെളിപ്പെടുത്തി പ്രശസ്ത നടി പ്രിയ ബാപ്പട്. തന്റെ ആദ്യ സിനിമയുടെ ചിത്രീകരണ വേളയിൽ ഒരു സഹനടൻ തന്നെ തുടർച്ചയായി ചുംബിച്ചുവെന്നും അത് തനിക്ക് മാനസികമായി വളരെയധികം ബുദ്ധിമുട്ടുണ്ടാക്കിയെന്നുമാണ് താരം വെളിപ്പെടുത്തിയത്. ആ സമയത്ത് താൻ തികച്ചും നിസ്സഹായയായിരുന്നുവെന്നും തനിക്കുവേണ്ടി സംസാരിക്കാൻ അന്ന് കഴിഞ്ഞില്ലെന്നും പ്രിയ ഓർത്തെടുത്തു.
ഒരു ഗാനരംഗത്തിന്റെ ചിത്രീകരണത്തിനിടെയാണ് ഈ സംഭവം ഉണ്ടായതെന്ന് പ്രിയ ബാപ്പട് ഫിലിം ഫെയറിനോട് പറഞ്ഞു. തിരക്കഥയിൽ ഇല്ലാതിരുന്നിട്ടും സഹനടൻ സ്വയം 'ഇംപ്രൊവൈസ്' ചെയ്യുന്നു എന്ന പേരിൽ തന്നെ വീണ്ടും വീണ്ടും ചുംബിക്കുകയായിരുന്നുവെന്ന് പ്രിയ പറയുന്നു. ഇത്തരം ചുംബന രംഗങ്ങളുടെ ആവശ്യകതയെക്കുറിച്ച് താൻ നേരത്തെ തന്നെ സംവിധായകനോട് സംശയം പ്രകടിപ്പിച്ചിരുന്നുവെങ്കിലും ചിത്രീകരണ വേളയിൽ സഹനടന്റെ പെരുമാറ്റം നേരത്തെ തീരുമാനിച്ചതിലും അപ്പുറമായിരുന്നുവെന്ന് താരം ആരോപിച്ചു. തനിക്ക് ആ സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അന്ന് അറിയില്ലായിരുന്നുവെന്നും അവർ പറഞ്ഞു.
ചിത്രീകരണ സ്ഥലത്ത് മാത്രമല്ല, അതിനുശേഷവും ദുരനുഭവം തുടർന്നതായി പ്രിയ പറഞ്ഞു. താൻ താമസിച്ചിരുന്ന അതേ ഹോട്ടലിൽ തന്നെയായിരുന്നു സഹനടനും താമസിച്ചിരുന്നത്. പലതവണ താല്പര്യമില്ലെന്ന് അറിയിച്ചിട്ടും ഭക്ഷണം കഴിക്കാൻ കൂടെ വരണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം നിരന്തരം ശല്യം ചെയ്തിരുന്നു. ഈ സംഭവങ്ങൾ തന്നെ വലിയ രീതിയിൽ അസ്വസ്ഥയാക്കിയെന്നും താരം വ്യക്തമാക്കി.
ഈ പ്രതിസന്ധി ഘട്ടത്തിൽ ഭർത്താവായ ഉമേഷ് കാമത്താണ് തനിക്ക് കരുത്തായി നിന്നതെന്ന് പ്രിയ പറഞ്ഞു. ഓരോ ദിവസവും രാത്രി താൻ നേരിടുന്ന കാര്യങ്ങൾ പറഞ്ഞ് ഭർത്താവിനെ വിളിക്കുമായിരുന്നു. ആശങ്കാകുലനായ ഉമേഷ് ഉടൻ തന്നെ മുംബൈയിൽ നിന്നും ചിത്രീകരണം നടക്കുന്ന ഭോപ്പാലിലെത്തുകയും അടുത്ത മൂന്ന് ദിവസം അവിടെ തന്നെ തുടരുകയും ചെയ്തു. ഉമേഷിന്റെ സാന്നിധ്യം ആ സാഹചര്യത്തെ നേരിടാൻ തന്നെ സഹായിച്ചുവെന്നും താരം വ്യക്തമാക്കി.
മറാത്തി സിനിമയിലൂടെയും ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെയും വലിയ ശ്രദ്ധ പിടിച്ചുപറ്റിയ നടിയാണ് പ്രിയ ബാപ്പട്. 'സിറ്റി ഓഫ് ഡ്രീംസ്' എന്ന വെബ് സീരീസിലെ അഭിനയം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. 'കാക്സ്പർശ്', 'ഹാപ്പി ജേർണി', 'ആംഹി ദോഗി' തുടങ്ങിയ സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങൾ പ്രിയ കൈകാര്യം ചെയ്തിട്ടുണ്ട്.
Content Highlights: Renowned Marathi and OTT actress Priya Bapat has bravely opened up about a highly distressing and non-consensual incident from the earlier days of her acting career. Speaking candidly in a recent interview, Bapat detailed how a male co-actor repeatedly violated her physical boundaries during the shoot of a song sequence.