സുരക്ഷയെക്കുറിച്ചുള്ള ചർച്ചകൾ പെൺകുട്ടികളിൽ മാത്രം ഒതുങ്ങരുത്, കാരണം ലോകം അങ്ങനെയാണ്-പൃഥ്വിരാജ്

കുട്ടികളുടെ സുരക്ഷയെക്കുറിച്ചും മാതാപിതാക്കൾ മക്കളുമായി നടത്തേണ്ട സുപ്രധാന ആശയവിനിമയങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ് നടൻ പൃഥ്വിരാജ് സുകുമാരൻ. കുട്ടികളിൽ സുരക്ഷാബോധം വളർത്തുന്നതിൽ മാതാപിതാക്കളുടെ പങ്ക് വലുതാണെന്ന് താരം പറഞ്ഞു. ഇത്തരം സംഭാഷണങ്ങൾ പെൺകുട്ടികളിൽ മാത്രം ഒതുങ്ങിനിൽക്കരുതെന്നും ആൺകുട്ടികളോടും തുറന്നുസംവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കരീന കപൂറിനൊപ്പം പ്രധാന വേഷത്തിലെത്തുന്ന ദായ്റാ (Daayra) എന്ന ക്രൈം ത്രില്ലർ ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് ചടങ്ങിൽ വെച്ചാണ് അദ്ദേഹം ഈ വിഷയത്തിൽ തന്റെ ആശങ്കകൾ പങ്കുവെച്ചത്. 2026 സെപ്റ്റംബർ 18-നാണ് ഈ ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.
ഒരു അച്ഛൻ എന്ന നിലയിൽ മാത്രമല്ല, ഒരു ഭർത്താവ്, സുഹൃത്ത്, രാജ്യത്തെ ഉത്തരവാദിത്തമുള്ള പൗരൻ എന്നീ നിലകളിലെല്ലാം താൻ ഈ വിഷയത്തിൽ ആശങ്കാകുലനാണെന്ന് പൃഥ്വിരാജ് വ്യക്തമാക്കി. ഇന്നത്തെ സമൂഹം നേരിടുന്ന വളരെ കഠിനമായ, അല്ലെങ്കിൽ കൈപ്പേറിയ ഒരു യാഥാർത്ഥ്യത്തെക്കുറിച്ചാണ് 'ദായ്റാ' സംസാരിക്കുന്നത്. നമ്മളെല്ലാവരും ഭാഗമായിരിക്കുന്ന ഈ സമൂഹത്തിൽ ആശങ്കപ്പെടാനും പ്രതീക്ഷയോടെയിരിക്കാനും അല്ലാതെ പൗരന്മാർ എന്ന നിലയിൽ നമുക്ക് മറ്റെന്താണ് ചെയ്യാൻ കഴിയുകയെന്നും അദ്ദേഹം ചോദിച്ചു.
തനിക്ക് 11 വയസ്സുള്ള ഒരു മകളുണ്ടെന്നും ഒരു രക്ഷിതാവ് എന്ന നിലയിൽ ഏറെ അസ്വസ്ഥത നിറഞ്ഞ ഒരു ഘട്ടത്തിലൂടെയാണ് താൻ ഇപ്പോൾ കടന്നുപോകുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. എന്താണ് സുരക്ഷിതം, എന്താണ് സുരക്ഷയില്ലായ്മ എന്നൊക്കെ അവളോട് പറഞ്ഞുതുടങ്ങേണ്ട അവസ്ഥയിലാണ് ഞാൻ ഇപ്പോഴുള്ളത്. ഒരു ആദർശ ലോകത്താണ് നമ്മൾ ജീവിച്ചിരുന്നതെങ്കിൽ ഒരിക്കലും ഇത്തരം ചർച്ചകളുടെ ആവശ്യം വരുമായിരുന്നില്ല. എന്നാൽ യഥാർത്ഥ ലോകം അങ്ങനെയല്ലാത്തതിനാൽ മക്കളോട് സംസാരിക്കുകയല്ലാതെ ഒരു പൗരനെന്ന നിലയിൽ നമുക്ക് മറ്റ് വഴികളില്ലെന്നും താരം കൂട്ടിച്ചേർത്തു.
കുട്ടികളുടെ സുരക്ഷയെക്കുറിച്ചുള്ള ഇത്തരം ചർച്ചകൾ പെൺകുട്ടികളിൽ മാത്രം ഒതുങ്ങിനിൽക്കേണ്ട ഒന്നല്ലെന്ന് പൃഥ്വിരാജ് എടുത്തുപറഞ്ഞു. "തെറ്റിദ്ധരിക്കരുത്, ആശയവിനിമയം നിങ്ങളുടെ പെൺകുട്ടികളോട് മാത്രമുള്ളതാകരുത്. അത് ആൺകുട്ടികളോടും തുല്യമായും ശക്തമായും ഉള്ളതായിരിക്കണം. ഏതെങ്കിലും ഒരു വശത്ത് കൂടുതൽ ഉത്തരവാദിത്തമുണ്ടെങ്കിൽ, അത് നമ്മൾ പുരുഷന്മാരിലാണ് എന്ന് ഞാൻ ശക്തമായി വിശ്വസിക്കുന്നു. ഈ സംഭാഷണം ചർച്ച ചെയ്യപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ മുന്നിട്ടിറങ്ങേണ്ടത് നമ്മളാണ്." പൃഥ്വിരാജ് ഓർമിപ്പിച്ചു.
ആൺകുട്ടികളെയും പുരുഷന്മാരെയും ഈ സംഭാഷണങ്ങളിൽ തുല്യമായും ശക്തമായും പങ്കാളികളാക്കണം. ഉത്തരവാദിത്തബോധവും ദയയുമുള്ള ഒരു സുരക്ഷിത സമൂഹം കെട്ടിപ്പടുക്കുന്നതിന് ഇത് അത്യാവശ്യമാണെന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു.
യഥാർഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ചിത്രത്തിന്റെ ഇതിവൃത്തം രാജ്യത്തെ പിടിച്ചുകുലുക്കുന്ന ഒരു കുറ്റകൃത്യത്തിന് പിന്നാലെ നടക്കുന്ന അന്വേഷണമാണ്. ഡി.സി.പി. അജൂനി കോഹ്ലിയായി കരീന കപൂർ ഖാനും ഡി.സി.പി. രമൺ കുമാറായി പൃഥ്വിരാജ് സുകുമാരനുമാണ് എത്തുന്നത്. മേഘ്ന ഗുൽസാറാണ് ചിത്രം സംവിധാനംചെയ്യുന്നത്.
‘തൽവാർ’, ‘റാസി’ എന്നീ ചിത്രങ്ങൾക്ക് ശേഷം മേഘ്ന ഗുൽസാറും ജംഗിൾ പിക്ചേഴ്സും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘ദായ്റ’. യാഷ് കേശ്വാനി, സിമ അഗർവാൾ, മേഘ്ന ഗുൽസാർ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജംഗിൾ പിക്ചേഴ്സും ഡോ. ജയന്തിലാൽ ഗഡയുടെ പെൻ സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പെൻ മറുധറാണ് വിതരണം ചെയ്യുന്നത്. ജിതേന്ദ്ര ജോഷി, ക്ഷിതി ജോഗ്, കൻവൽജീത് സിങ്, സന്ദീപ് കുൽക്കർണി, തൃപ്തി ഖാംകർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.
Content Highlights: Speaking at the trailer launch of his upcoming crime thriller Daayra, actor Prithviraj Sukumaran shared his deep concerns as a parent to an 11-year-old daughter, emphasizing that conversations about safety, consent, and responsibility must involve boys just as vociferously as girls.